കൊവിഡാണെന്ന് ഭയന്ന് ദമ്പതികൾ ആത്മഹത്യ ചെയ്തു, പരിശോധനയിൽ കൊവിഡ് നെഗറ്റീവ്
മംഗളൂരു: കൊവിഡ് പോസിറ്റീവ് ആണെന്ന് ഭയന്ന് ആത്മഹത്യ ചെയ്ത് ദമ്പതികള്‍. എന്നാല്‍ മരണശേഷം നടത്തിയ പരിശോധനയില്‍ ഇരുവര്‍ക്കും കൊവിഡ് ബാധിച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞു. കര്‍ണാടകത്തിലെ മംഗളൂരുവിലാണ് ദാരുണ സംഭവം. സൂറത്ത്കല്‍ ബൈക്കംപടി ചിത്രാപുര രഹേജ അപ്പാര്‍ട്ട്‌മെന്റിലെ ഗുണ ആര്‍ സുവര്‍ണ എന്ന മുപ്പത്തിയഞ്ചുകാരിയും ഭര്‍ത്താവ് രമേഷ് സുവര്‍ണ എന്ന നാല്‍പ്പതുകാരനുമാണ് കൊവിഡിനെ ഭയന്ന് ജീവനൊടുക്കിയത്. ഇരുവരേയും ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ ആണ് കണ്ടെത്തിയത്.
ഉറക്ക ഗുളിക കഴിച്ചതിന് ശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നു. തങ്ങള്‍ മരിക്കുകയാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് മരണത്തിന് തൊട്ട് മുന്‍പായി മംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ആയ എന്‍ ശശി കുമാറിന്റെ വാട്‌സ്ആപ്പ് നമ്പറില്‍ രമേശ് ഒരു വോയിസ് മെസ്സേജ് അയച്ചിരുന്നു. ഭാര്യയായ ഗുണ മരിച്ചെന്നും താനും മരിക്കുകയാണ് എന്നാണ് രമേശിന്റെ സന്ദേശത്തില്‍ പറയുന്നത്. തങ്ങള്‍ക്ക് ഇരുവര്‍ക്കും കൊവിഡ് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടെന്നും അതുകൊണ്ട് ഒരുമിച്ച് മരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് എന്നും പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്.

വാട്‌സ്ആപ്പില്‍ രമേഷിന്റെ വോയിസ് മെസ്സേജ് ലഭിച്ചതിന് പിന്നാലെ പോലീസ് കമ്മീഷണര്‍ തിരിച്ച് വിളിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ആരും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് പോലീസ് മെസ്സേജ് വന്ന നമ്പര്‍ ട്രാക്ക് ചെയ്ത് തിരിച്ചറിഞ്ഞു. സൂറത്തകല്‍ ആണ് സ്ഥലം എന്ന് മനസ്സിലാക്കിയതോടെ അവിടുത്തെ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് സംഘം ഫ്‌ളാറ്റില്‍ എത്തി പരിശോധന നടത്തിയപ്പോള്‍ കണ്ടത് ഇരുവരും മരിച്ച് കിടക്കുന്നതായിരുന്നു.
രമേഷും ഗുണയും വിവാഹം കഴിച്ച് ഏറെ വര്‍ഷങ്ങളായിരുന്നു. എന്നാല്‍ ഇരുവര്‍ക്കും കുട്ടികളുണ്ടായിരുന്നില്ല. അതിനാല്‍ ഇരുവരും ദുഖത്തിലായിരുന്നുവെന്നും കുട്ടികള്‍ ഇല്ലാത്തതിന്റെ മാനസിക വിഷമവും ആത്മഹത്യയുടെ കാരണമാണ് എന്നാണ് പോലീസ് കരുതുന്നത്. ഒപ്പം കൊവിഡ് ബാധിച്ച് മരിച്ച് പോകുമോ എന്നുളള ഭയവും ഇരുവര്‍ക്കും ഉണ്ടായിരുന്നു. കൊവിഡ് ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയതോടെ രണ്ട് പേരും ആശുപത്രിയില്‍ പോകേണ്ടി വരുമെന്നതും പരസ്പരം കാണാന്‍ പോലും സാധിക്കാതെ മരിക്കേണ്ടി വന്നേക്കാം എന്നുളള ഭയവും ഇരുവര്‍ക്കും ഉണ്ടായിരുന്നു.
ഇക്കാര്യങ്ങള്‍ രമേശ് മരണത്തിന് മുന്‍പ് അയച്ച വാട്‌സ്ആപ്പ് സന്ദേശത്തിലുണ്ടെന്ന് പോലീസ് പറയുന്നു. ഗുണ ആണ് ആദ്യം ഉറക്ക ഗുളിക കഴിച്ചതിന് ശേഷം തൂങ്ങിയത്. ഇനി താനും മരിക്കുകയാണ് എന്ന് രമേശ് ശബ്ദസന്ദേശത്തില്‍ പറഞ്ഞിരുന്നു. ഗുണയ്ക്ക് പ്രമേഹ രോഗം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ബ്ലാക്ക് ഫംഗസ് രോഗം തങ്ങളെ ബാധിച്ചേക്കുമോ എന്നുളള ഭീതിയും ഇവര്‍ക്കുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇരുവരുടേയും ആത്മഹത്യാക്കുറിപ്പ് പോലീസ് വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.. മാത്രമല്ല തങ്ങളുടെ അന്ത്യ കര്‍മ്മങ്ങള്‍ക്ക് വേണ്ടി ഇരുവരും ഒരു ലക്ഷം രൂപയും എടുത്ത് വെച്ചതിന് ശേഷമാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. തങ്ങളുടെ പേരിലുളള സ്വത്തുക്കള്‍ വില്‍പന നടത്തി പണം ഏതെങ്കിലും അനാഥാലയത്തിന് നല്‍കണം എന്ന് കത്തില്‍ പറയുന്നു.












Click it and Unblock the Notifications