കോവിഡ് കേസുകള്‍ ഉയരുന്നു: വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണോ? എയിംസിലെ ഡോക്ടര്‍ പറയുന്നത്
രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചതോടെ ആരോഗ്യ മേഖല വീണ്ടും ജാഗ്രതയിലാണ്. കേരളത്തില്‍ അടക്കം നിരവധി കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കൂടുതല്‍ കിടക്കകളും വെന്റിലേറ്റര്‍ സംവിധാനവും ഓക്‌സിജന്‍, മരുന്നുകള്‍, വാക്‌സിനുകള്‍ അടക്കമുള്ളവയുടെ ലഭ്യത ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ചൈന, തായ്ലന്‍ഡ്, സിംഗപ്പൂര്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലും സമീപ ദിവസങ്ങളില്‍ കേസുകള്‍ വീണ്ടും വര്‍ധിച്ചുവരുന്ന സാഹചര്യമാണുള്ളത്. സ്ഥിതിഗതികള്‍ കേന്ദ്ര സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗ ലക്ഷണങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കാനും പരിഭ്രാന്തി ഒഴിവാക്കി ജാഗ്രത പാലിക്കാനുമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. ഈ ഘട്ടത്തില്‍ നിലവിലെ സാഹചര്യത്തെക്കുറിച്ച് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പ്രൊഫസര്‍ ഡോ. പിയൂഷ് രഞ്ജന്‍ നടത്തുന്ന നിരീക്ഷണം ശ്രദ്ധേയമാണ്. ദേശീയ മാധ്യമങ്ങളാണ് ഡോ. പീയൂഷിനെ ഉദ്ധരിച്ച് നിരീക്ഷണം പങ്കുവെച്ചിരിക്കുന്നത്.

പ്രായമായവരും ദുര്‍ബലരായ രോഗികളും കോവിഡ് രോഗവ്യാപനം തടയാന്‍ കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കാനാണ് ഡോക്ടര്‍ നിര്‍ദേശിക്കുന്നത്. ഇന്ത്യയില്‍ നിലവിലുള്ള അണുബാധാ വ്യാപനത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജെഎന്‍1 വകഭേദമാണ് നിലവിലുള്ള വ്യാപനത്തിന് കാരണം.
ഒരു വര്‍ഷത്തിലേറെയായി ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കാത്തവര്‍ രോഗം ഗുരുതരമാകാതിരിക്കാനും പ്രതിരോധശേഷി നിലനിര്‍ത്താനും ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കുന്നതാണ് നല്ലത്. ആശുപത്രി വാസം, രോഗം ഗുരുതരമാകുന്ന അവസ്ഥ, മരണം എന്നിവ ഒഴിവാക്കാന്‍ പ്രതിരോധിശേഷി കുറഞ്ഞവര്‍ ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കേണ്ടത് ആവശ്യമാണ്. ഇപ്പോഴുള്ള കേസുകള്‍ തീവ്രമല്ലാത്തതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോ. പീയൂഷ് പറഞ്ഞു.
മെയ് പകുതി വരെ വളരെ കുറച്ച് കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ എന്നതിനാല്‍ ഇന്ത്യയിലെ സാഹചര്യം ഗുരുതരമല്ല. മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാത്രമാണ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മിക്ക കേസുകളുടെയും രോഗലക്ഷണങ്ങള്‍ നേരിയതായിരുന്നുവെന്നും പെട്ടെന്ന് സുഖം പ്രാപിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
രോഗത്തിന്റെ ലക്ഷണങ്ങളെക്കുറിച്ച് ബോധവാന്മാരാകുന്നതിലൂടെ പരിഭ്രാന്തി ഒഴിവാക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ കോവിഡുമായും വാക്‌സിനുമായും ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ജാഗ്രത വേണമെന്ന് ഡോ. പീയൂഷ് ഓര്‍മിപ്പിച്ചു.












Click it and Unblock the Notifications