കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി തീര്‍ത്ഥാടകര്‍, ഗംഗയില്‍ മകര സംക്രാന്തിക്കെത്തിയത് ലക്ഷങ്ങള്‍
ദില്ലി: ഉത്തര്‍പ്രദേശില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു. മകര സംക്രാന്തിയുടെ ഭാഗമായി ഗംഗയില്‍ തീര്‍ത്ഥാടനത്തിനെത്തുകയും മുങ്ങി കുളിക്കുകയും ചെയ്തവര്‍ ലക്ഷങ്ങളാണ്. ഇവരാരും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല. കടുത്ത തണുപ്പ് പോലും കാര്യമാക്കാതെയാണ് പലരും പരിപാടിക്കെത്തിയത്. മാഗ മേള നടക്കുന്ന മേഖലയിലേക്ക് രാവിലെ മുതല്‍ ഭക്തരുടെ വന്‍ തിരക്കായിരുന്നു. ആറര ലക്ഷത്തോളം പേരാണ് ഇവിടെയെത്തിയത്. കുട്ടികളും മുതിര്‍ന്നവരും വരെ ഇക്കൂട്ടത്തിലുണ്ട്. അതേസമയം തിരഞ്ഞെടുപ്പ് റാലികളില്‍ അടക്കം കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നത് വെല്ലുവിളിയാവുന്നതിനിടെയാണ് ഇത്തരമൊരു ആഘോഷം നടന്നിരിക്കുന്നത്.

വാരണാസിയിലും വലിയ ജനത്തിരക്കുണ്ടായിരുന്നു. ഗംഗയില്‍ മുങ്ങി വിശുദ്ധി നേടാനായിട്ടാണ് എല്ലാവരും എത്തിയത്. സാധാരണക്കാര്‍ മാത്രമല്ല പ്രമുഖരും ഈ ചടങ്ങിനെത്തിയിരുന്നു. പ്രയാഗ് രാജ് ജില്ലാ മജിസ്‌ട്രേറ്റ് സഞ്ജയ് കുമാര്‍ ഖത്രി, മേള അധികാരി ശേഷാമണി പാണ്ഡെ, സീനിയര്‍ എസ്പി അജയ് കുമാര്‍ എന്നിവര്‍ വിഐപി ഘട്ട്, സംഘം നോസ്, അരെയ്ല്‍ ഘട്ട് എന്നിവ സന്ദര്‍ശിച്ചു. ഇത് വിശുദ്ധ സ്‌നാനത്തിനായി ഒരുക്കിയിരിക്കുന്ന ഇടങ്ങളാണ്. 65000 ഭക്തര്‍ക്ക് മാസ്‌കുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് മേള നടത്തുന്ന ഭരണസമിതി പറഞ്ഞു. തെര്‍മല്‍ സ്‌ക്രീനിംഗ് അടക്കം ഒരുക്കിയിട്ടുണ്ട്.
തീപ്പിടുത്തവും ഇതിനിടെ ഉണ്ടായിട്ടുണ്ട്. 16 പ്രവേശന കവാടങ്ങളിലും പാര്‍ക്കിംഗ് ഏരിയയിലുമായിട്ടാണ് തെര്‍മല്‍ സ്‌ക്രീനിംഗുകള്‍ ഒരുക്കിയത്. അതേസമയം തീപ്പിടുത്തം വേഗത്തില്‍ അണയ്ക്കാന്‍ സാധിച്ചെന്നും അധികൃതര്‍ പറയുന്നു. ഗ്യാസ് സിലിണ്ടര്‍ ചോര്‍ച്ചയിലൂടെയാണ് ഇത് സംഭവിച്ചത്. അതേസമയം കൊവിഡിന് ഇടയിലൂടെ ഈ മേള നടത്തിയത് വലിയ വെല്ലുവിളി കൂടിയാണ്. യുപിയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ച വരുന്ന സമയമാണിത്. മേളയുടെ ഡ്യൂട്ടിക്കായി നിയോഗിച്ച പല പോലീസുകാരും കൊവിഡ് ബാധിച്ച് ഐസൊലേഷനിലാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എല്ലാ ഭക്തരോടും കൊവിഡ് വാക്‌സിന്‍ എടുത്തിട്ടുണ്ടെങ്കില്‍ മാത്രം മേളയ്ക്ക് വന്നാല്‍ മതിയെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരൊന്നും വരേണ്ടെന്നും നിര്‍ദേശമുണ്ട്. പ്രയാഗ് രാജ് ജില്ലാ സമിതിയോട് എല്ലാവിധ കൊവിഡ് മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആര്‍ടിപിസി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി സന്ദര്‍ശകര്‍ വരണമെന്നാണ് നിര്‍ദേശം. 48 മണിക്കൂറിനുള്ളിലുള്ളത് ആയിരിക്കണം ഇത്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതിന്റെ രേഖകളും കൈവശം സൂക്ഷിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അഞ്ച് മേഖലകളായി മേള നടക്കുന്ന ഇടത്തെ ജില്ലാ ഭരണകൂടം തരംതിരിച്ചിട്ടുണ്ട്. 50 കിടക്കകള്‍ ഉള്ള രണ്ട് ആശുപത്രികള്‍, പന്ത്രണ്ട് ഹെല്‍ത്ത് ക്യാമ്പുകള്‍, പത്ത് ട്രീറ്റ്‌മെന്റ് സെന്ററുകള്‍ എന്നിവ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications