ഔഷധഗുണം മാത്രമല്ല, ഗോമൂത്രത്തില്‍ സ്വര്‍ണവും; പുതിയ കണ്ടെത്തലുമായി വിഎച്ച്പി നേതാവ്
ഹൈദരാബാദ്: പശുക്കളുടെ സംരക്ഷണത്തിനായി ഹിന്ദുക്കള്‍ മുന്നോട്ട് വരണമെന്നും കൂട്ടായി പ്രവര്‍ത്തിക്കണം എന്നും ആഹ്വാനം ചെയ്ത് വിശ്വ ഹിന്ദു പരിഷത്ത് (വി എച്ച് പി). രാഷ്ട്രീയം, ജാതി, ദേശം, മതം എന്നിവക്ക് അതീതമായി മൃഗസ്നേഹികള്‍ പ്രതികരിക്കുകയും പശു സംരക്ഷണ പ്രസ്ഥാനത്തില്‍ പങ്കെടുക്കുകയും ചെയ്യണമെന്ന് തെലങ്കാന വിശ്വഹിന്ദു പരിഷത്ത് പ്രചാരകന്‍ പഗുഡകുല ബാലസ്വാമി പറഞ്ഞു.
പശു സംരക്ഷണത്തിന്റെ ഉത്തരവാദിത്തം വിശ്വ ഹിന്ദു പരിഷത്തിനും ബജ്റംഗ്ദളിനും മാത്രമല്ല ഉള്ളത്. ഓരോ ഹിന്ദുവിനും ആ ഉത്തരവാദിത്തമുണ്ട്. മൃഗസ്‌നേഹികള്‍ എന്ന പേരില്‍ നിരവധി സാമൂഹിക പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും പ്രവര്‍ത്തിക്കുന്നു. മൃഗങ്ങള്‍ ചത്തൊടുങ്ങുമ്പോഴും നായ്ക്കളെയും പൂച്ചകളെയും എലികളെയും റോഡില്‍ പീഡിപ്പിക്കുന്നതിനെതിരെയും അവര്‍ പ്രതികരിക്കും.

എന്നാല്‍ നിയമം ലംഘിച്ച് പശുക്കളെ കൊല്ലുകയാണെങ്കില്‍ അവര്‍ പ്രതികരിക്കുന്നില്ലെന്നും പഗുഡകുല ബാലസ്വാമി കുറ്റപ്പെടുത്തി. പശുവിന്‍ പാല്‍, തൈര്, വെണ്ണ, നെയ്യ്, മൂത്രം, ചാണകം എന്നിവയ്ക്ക് ഔഷധഗുണമുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പ്രഖ്യാപിച്ചിട്ടുണ്ട് എന്നും പഗുഡകുല ബാലസ്വാമി അവകാശപ്പെട്ടു. ഗോമൂത്രത്തില്‍ സ്വര്‍ണം അടങ്ങിയിട്ടുണ്ടെന്ന നിഗമനത്തിലും ശാസ്ത്രജ്ഞര്‍ എത്തിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ത്രിമൂര്‍ത്തികളുടെയും മാതാവായി പശുവിനെ ആരാധിക്കുന്ന ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുകയും അവരെ ഗോമാതാവ് എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്യുന്നത് ശരിയല്ല എന്നും പഗുഡകുല ബാലസ്വാമി അഭിപ്രായപ്പെട്ടു. ഗോവധ നിരോധന നിയമം കര്‍ശനമായി നടപ്പാക്കണമെന്നും ഗോഹത്യക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രണ്ടാഴ്ച മുന്‍പാണ് ഹൈദരാബാദില്‍ വിശ്വ ഹിന്ദു പരിഷത്ത് ഗോവധത്തിനെതിരെ പ്രതിഷേധം നടത്തിയത്. ബലിപെരുന്നാള്‍ അടുത്ത സാഹചര്യത്തിലായിരുന്നു പ്രതിഷേധം. ബലിപെരുന്നാളിന് മുന്നോടിയായി കന്നുകാലികളുമായി വരുന്ന വാഹനങ്ങള്‍ പരിശോധിക്കുന്നതിനായി ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്ത് സ്ഥാപിച്ച പൊലീസ് ചെക്ക് പോസ്റ്റുകളില്‍ പൊലീസുമായി ചേര്‍ന്ന് വിഎച്ച്പി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തെലങ്കാനയിലെ വി എച്ച് പി കണ്‍വീനര്‍ എസ് കൈലാഷ് പറഞ്ഞിരുന്നു.
ഏതെങ്കിലും വ്യാപാരി കശാപ്പിന് അനുയോജ്യമല്ലാത്ത കന്നുകാലികളെ കടത്തുകയോ നിയമങ്ങള്‍ ലംഘിക്കുകയോ ചെയ്താല്‍, മൃഗങ്ങളെ പിടികൂടി സ്വകാര്യ ഗോശാലകളിലേക്ക് അയയ്ക്കും എന്നും കൈലാഷ് പറഞ്ഞിരുന്നു. സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പശുസംരക്ഷണത്തിന്റെ പേരിലുള്ള ആക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതേ തുടര്‍ന്ന് ബലി പെരുന്നാളിന് കൊണ്ടുവരുന്ന കന്നുകാലികളെ കൊണ്ടുപോകുന്ന വാഹനങ്ങളെ പിന്തുടരരുതെന്ന് പൊലീസ് ഹിന്ദുത്വ സംഘടനകളോട് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications