കോണ്‍ഗ്രസ് സഖ്യം വേണ്ട; ബംഗാള്‍ ഘടകത്തിന്റെ നിലപാട് തള്ളി സി പി ഐ എം കേന്ദ്രകമ്മിറ്റി
ഹൈദരാബാദ്: ഈ വര്‍ഷം കണ്ണൂരില്‍ നടക്കാനിരിക്കുന്ന സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരടിന് അംഗീകാരം നല്‍കി കേന്ദ്രകമ്മിറ്റി. ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്നാണ് പ്രമേയത്തില്‍ പറയുന്നത്. താഴേത്തട്ടിലെ പാര്‍ട്ടി ഘടകങ്ങളിലെ ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കുക.
സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെക്കൂടാതെ പൊളിറ്റ് ബ്യൂറോ അംഗങ്ങളായ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, എസ്. രാമചന്ദ്രന്‍ പിള്ള, കോടിയേരി ബാലകൃഷ്ണന്‍, മണിക് സര്‍ക്കാര്‍, പ്രകാശ് കാരാട്ട്, എം എ ബേബി, വൃന്ദാ കാരാട്ട് തുടങ്ങിയവര്‍ കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് അടവുനയത്തില്‍ കോണ്‍ഗ്രസ് സഖ്യം പുനപരിശോധിക്കണമെന്ന് കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയിലും ആവശ്യമുയര്‍ന്നിരുന്നു.
പൊളിറ്റ് ബ്യൂറോയിലും ഈ ആവശ്യം ഉന്നയിക്കപ്പെട്ടിരുന്നെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നില്ല. സി പി ഐ എമ്മിന്റെ വിപ്ലവപാത വീണ്ടെടുക്കണമെന്നും ഇതിനായി ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തണമെന്നും പ്രമേയത്തില്‍ പറയുന്നു. ബി ജെ പിയ്‌ക്കെതിരായ തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ അതത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം.

കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന പശ്ചിമ ബംഗാള്‍ ഘടകത്തിന്റെ നിലപാട് തള്ളിയാണ് പ്രമേയത്തിന് അംഗീകാരം നല്‍കിയിരിക്കുന്നത്. മുന്‍കാലങ്ങളിലും ബംഗാള്‍ ഘടകം കോണ്‍ഗ്രസ് സഹകരണം ആകാമെന്ന നിലപാടെടുത്തിരുന്നു. എന്നാല്‍ കേരള ഘടകം ശക്തമായ എതിര്‍പ്പാണ് ഇതില്‍ സ്വീകരിച്ചിരുന്നത്. അതേസമയം കേന്ദ്രസര്‍ക്കാരിന് എതിരെയുള്ള സമരങ്ങളില്‍ കോണ്‍ഗ്രസുമായി സഹകരിക്കാമെന്നും രാഷ്ട്രീയ പ്രമേയത്തിന്റെ കരടില്‍ വ്യക്തമാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ട് ദേശീയ തലത്തില്‍ ബി ജെ പിക്ക് എതിരായി ബദല്‍ രൂപീകരിക്കാന്‍ സാധക്കില്ലെന്നാണ് ബംഗാള്‍ ഘടകം ആവര്‍ത്തിക്കുന്നത്. ബി ജെ പി ക്കെതിരെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കേണ്ട സാഹചര്യമാണെന്നും അതിനാല്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിയ ഒരു ബദല്‍ ദേശീയ തലത്തില്‍ പ്രായോഗികമാവില്ലെന്നുമുള്ള നിലപാടിലാണ് ബംഗാള്‍ ഘടകം.
കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പ്രായ പരിധി 75 ആക്കുന്നതിലും ബംഗാള്‍ നേതാക്കള്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ട്. മുതിര്‍ന്ന നേതാക്കള്‍ക്ക് ഇളവുകള്‍ വേണമെന്നാണ് ബംഗാള്‍ ഘടകത്തിന്റെ ആവശ്യം. മുതിര്‍ന്ന നേതാക്കളുടെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്തണമെന്നും ബംഗാള്‍ ഘടകം പറയുന്നു.
ബി ജെ പിയെ അധികാരത്തില്‍ താഴെയിറക്കാന്‍ തൊഴിലാളി കര്‍ഷക ഐക്യത്തിലൂന്നിയുള്ള പ്രക്ഷോഭത്തിന് ഊന്നല്‍ നല്‍കണമെന്നാണ് പൊളിറ്റ് ബ്യൂറോ തയ്യാറാക്കിയിട്ടുള്ള കരടുരേഖയുടെ കാതല്‍. രാജ്യത്ത് ഇടത് രാഷ്ട്രീയത്തില്‍ ഊന്നിയുള്ള ജനാധിപത്യ-മതേതര രാഷ്ട്രീയ ബദല്‍ രൂപീകരിക്കണമെന്നും കരടുപ്രമേയത്തില്‍ പറയുന്നു.
കര്‍ഷക സമരം വിജയിച്ചത് ഊര്‍ജമായി ഉള്‍ക്കൊണ്ട് പാര്‍ട്ടിയും ബഹുജനസംഘടനകളും ജനകീയപ്രക്ഷോഭത്തിന്റെ വഴിയില്‍ ശക്തമായി മുന്നോട്ടുപോവണമെന്ന് കരടുരേഖയില്‍ പറയുന്നു. 2022 ഏപ്രിലിലാണ് സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. 2012 ല്‍ കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസ് ചേര്‍ന്നതിന് ശേഷം ആദ്യമായാണ് കേരളം സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസിന് വേദിയാകുന്നത്.












Click it and Unblock the Notifications