സർവ്വകക്ഷി സംഘത്തില്‍ സിപിഎം ഭാഗമാകും: പ്രത്യേക പാർലമെന്റ് ചേരാത്തതില്‍ നിർഭാഗ്യകരം: സിപിഎം
ന്യൂഡല്‍ഹി: പാകിസ്ഥാൻ അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ തുടർച്ചയായ പോരാട്ടവും ഓപ്പറേഷൻ സിന്ദൂരിന്റെ വിശദാംശങ്ങൾ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ വ്യക്തമാക്കുന്നതിനായി വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്ന സർവകക്ഷി പ്രതിനിധി സംഘവുമായി സഹകരിക്കാൻ തയ്യാറാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ. ഇന്ത്യയുടെ ഭീകരവാദ വിരുദ്ധ നിലപാടിനോടുള്ള ഐക്യദാർഢ്യവും അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരായ ശക്തമായ നടപടികളോടുള്ള പിന്തുണയുടെ ഭാഗമായാണ് നടപടി.
'പഹൽഗാം ഭീകരാക്രമണവും തുടർന്നുള്ള സംഭവവികാസങ്ങളും ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാൻ പ്രധാനമന്ത്രിയും സർക്കാരും വിസമ്മതിച്ചത് നിർഭാഗ്യകരമാണെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) കരുതുന്നു. പാർലമെന്റ് സമ്മേളനം ഉടൻ വിളിച്ചു ചേർക്കണമെന്നും ഇന്ത്യയിലെ ജനങ്ങളോട് കാര്യങ്ങൾ പറയാനും ജനപ്രതിനിധികൾക്ക് എന്തെങ്കിലും വിശദീകരണങ്ങൾ തേടാനുണ്ടെങ്കിൽ അതിനുള്ള അവസരം നൽകാനും ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.' സി പി എം പോളിറ്റ് ബ്യൂറോ വ്യക്തമാക്കുന്നു.

എന്നാൽ, "ഓപ്പറേഷൻ സിന്ദൂറിനെ'ക്കുറിച്ച് വിശദീകരിക്കാൻ ബി ജെ പി - എൻ ഡി എ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാനാണ് പ്രധാനമന്ത്രി തീരുമാനിച്ചത്. ഇത് വിവേചനപരമാണ്, പ്രത്യേകിച്ച് ദേശീയ പ്രാധാന്യമുള്ള ഒരു വിഷയത്തിൽ. അത്തരമൊരു വിശദീകരണത്തിനായി പ്രതിപക്ഷ മുഖ്യമന്ത്രിമാർ ഉൾപ്പെടെ രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരുടെയും യോഗം സർക്കാർ വിളിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.
സർക്കാരിന് ആദ്യമായി ഉത്തരവാദിത്വം ഇന്ത്യയിലെ ജനങ്ങളോടാണ്. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സുതാര്യത പുലർത്തണം. സ്ഥിതിഗതികളെ വർഗീയവൽക്കരിക്കാനായി ഭരണകക്ഷി നേതാക്കളും സംസ്ഥാന മന്ത്രിമാർ പോലും നടത്തുന്ന പ്രചാരണം ഉടൻ അവസാനിപ്പിക്കണം.
സി പി ഐ എമ്മിൻറെ രാജ്യസഭാ കക്ഷി നേതാവിനെ വിളിച്ച്, നയതന്ത്ര ഇടപെടലുകളുടെ ഭാഗമായി വിവിധ രാജ്യങ്ങളിലേക്ക് അയയ്ക്കാൻ തീരുമാനിച്ച വിവിധ പ്രതിനിധി സംഘങ്ങളെക്കുറിച്ച് സർക്കാർ അറിയിച്ചു. മുകളിൽ സൂചിപ്പിച്ച ഞങ്ങളുടെ എതിർപ്പുകൾക്കിടയിലും, മുകളിൽ പറഞ്ഞ ആവശ്യങ്ങൾ ആവർത്തിക്കുമ്പോഴും, വിശാലമായ ദേശീയ താൽപ്പര്യം കണക്കിലെടുത്ത് അത്തരമൊരു പ്രതിനിധി സംഘത്തിന്റെ ഭാഗമാകേണ്ടതുണ്ടെന്ന് കരുതുന്നുവെന്നും പി ബി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
പാകിസ്ഥാൻ പിന്തുണയോടെയുള്ള ഭീകരവാദത്തിനെതിരെ ആഗോളതലത്തിൽ ഇന്ത്യയുടെ നിലപാട് വിശദീകരിക്കുന്നതിനായുള്ള ഏഴംഗ പ്രതിനിധി സംഘത്തില്‍ മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ, എംപിമാരായ ഇ ടി മുഹമ്മദ് ബഷീർ, ജോണ് ബ്രിട്ടാസ് എന്നീ മലയാളി എംപിമാരാണ് ഇടം പിടിച്ചിരിക്കുന്നത്. യുഎസ്, യുകെ എന്നിവിടങ്ങളിലേക്കുള്ള സംഘത്തെ കോൺഗ്രസ് എംപിയും വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ശശി തരൂരാണ് നയിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് നിയോഗിച്ച പട്ടികയില്‍ ശശി തരൂർ ഇല്ലെന്ന് ശ്രദ്ധേയമാണ്.












Click it and Unblock the Notifications