അമിത് ഷായുടെ ഹിന്ദി പരാമർശത്തെ വിമർശിച്ചു; കോൺഗ്രസ് വക്താവിനെതിരെ ചുമത്തിയത് രാജ്യദ്രോഹകുറ്റം
അമിത് ഷായുടെ ഹിന്ദി പരാമർശത്തെ വിമർശിച്ച കോൺഗ്രസ് വക്താവിനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് മണിപ്പൂർ സർക്കാർ. ഇംഫാലിൽ നിന്നുള്ള പ്രമുഖ അഭിഭാഷകനായ സനൂജം ശ്യാം ചരൺ സിംഗിനെതിരെയാണ് എൻ ബിരേൻ സിംഗ് സർക്കാർ കേസെടുത്തത്. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ എം. ഭരീഷ് ശർമയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

പരാതിയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച രാത്രിയാണഅ പോലീസ് സനുവിനെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ടോടെ മാത്രമാണ് ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 എ (രാജ്യദ്രോഹം), 295 എ (മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികൾ), 505 (പൊതു ജനദ്രോഹം) എന്നീ വകുപ്പുകൾ പ്രകാരമാണ് സനുവിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഏപ്രിൽ 9 ന് പ്രാദേശിക ചാനലിൽ നടത്തിയ ചർച്ചയായിലായിരുന്നു അമിത് ഷായ്ക്കെതിരെ സനു രംഗത്തെത്തിയത്. 'ഹിന്ദി: ഏകീകരണം അല്ലെങ്കിൽ അടിച്ചേൽപ്പിക്കൽ എന്നതായിരുന്നു ചർച്ചാ വിഷയം.
ഏപ്രിൽ 12 ന് രാത്രി 8:30 ഓടെയാണ് സനുവിനെ ഇംഫാൽ വെസ്റ്റിലെ ഡ്യൂട്ടി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതെന്ന് മണിപ്പൂർ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ലീഗൽ സെൽ വൈസ് ചെയർമാനുമായ അഡ്വക്കേറ്റ് രവി ഖാൻ പറഞ്ഞു. ജുഡീഷ്യൽ റിമാൻഡിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒന്നര മണിക്കൂർ വാദങ്ങൾ കേട്ട ശേഷം രാത്രി 10 മണിയോടെ മാത്രമാണ് ജാമ്യം അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.27 ന് വീണ്ടും സനുവിനോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പത്താം ക്ലാസ് വരെ ഹിന്ദി നിർബന്ധമാക്കണമെന്ന് നിർദ്ദേശിച്ചതിന് അമിത് ഷായ്ക്കെതിരെ നിശിതമായ വിമർശനമാണ് സുനു ഉയർത്തിയതെന്നും രവി ഖാൻ കൂട്ടിച്ചേർത്തു. ഇന്ത്യയിലെ വ്യത്യസ്ഥ സംസ്ഥാനത്തുള്ളവർ പരസ്പരം ആശയ വിനിമയം നടത്തുന്നതിന് ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന.. പ്രാദേശിക ഭാഷകള്‍ക്ക് പകരമായല്ല, മറിച്ച് ഇംഗ്ലീഷിന് പകരമായി തന്നെ ഹിന്ദിയെ ഉപയോഗിക്കണമെന്നായിരുന്നു പാർലമെന്റിലെ ഔദ്യോഗിക ഭാഷാ കമ്മിറ്റി യോഗത്തിലെ ഷായുടെ വാക്കുകൾ. അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ കടുത്ത വിമർശനമാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെ ഉയർന്നത്.കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പരാമര്‍ശം രാജ്യത്തിൻ്റെ ഐക്യം തകര്‍ക്കുമെന്നും ബിജെപി ഒരേ തെറ്റ് വീണ്ടും ആവര്‍ത്തിക്കുകയാണെന്നുമായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രതികരിച്ചത്.












Click it and Unblock the Notifications