മണിപ്പൂരില്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് കലാപകാരികള്‍; ഇംഫാലിലെ 2 ജില്ലകളില്‍ കര്‍ഫ്യൂ
ഇംഫാല്‍: മണിപ്പൂരില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സംഘര്‍ഷം. ഇംഫാലിലെ രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വ്യാഴാഴ്ച്ച വൈകീട്ടാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. പ്രതിഷേധക്കാര്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കാന്‍ ശ്രമിച്ചതിന് പിന്നാലെയാണിത്. പോലീസ് അറസ്റ്റ് ചെയ്ത അഞ്ച് യുവാക്കളെ മോചിപ്പിക്കണമെന്നാണ് അക്രമികളുടെ ആവശ്യം. ഇവര്‍ നേരത്തെ ആയുധങ്ങള്‍ കൈവശം വെച്ചതിനും, സൈനിക യൂണിഫോമിന് സമാനമായ വസ്ത്രങ്ങള്‍ ധരിച്ചതിനുമാണ് അറസ്റ്റ് ചെയ്ത്.
അതേസമയം ആക്രമണത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. അക്രമികളെ മണിപ്പൂര്‍ സുരക്ഷാ സേനയും, ആര്‍എഎഫ് സംഘവും ചേര്‍ന്നാണ് നേരിട്ടത്. പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കാനെത്തിയ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാ സേന കണ്ണീര്‍ വാതകം പ്രയോഗിച്ചു.നൂറുകണക്കിന് പ്രതിഷേധക്കാരാണ് പ്ലക്കാര്‍ഡുകളുമേന്തി, മുദ്രാവാക്യം വിളിച്ച് പരംപഥ് പോലീസ് സ്‌റ്റേഷനിലേക്ക് ഇരച്ചെത്തിയത്.

ഇംഫാല്‍ ഈസ്റ്റിലെ പോലീസ് സ്‌റ്റേഷനാണിത്. സിംഗ്ജമെയ്, ക്വാകെയ്തല്‍ പോലീസ് സ്‌റ്റേഷനുകളിലേക്കും അതിക്രമിച്ച് കടക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചിരുന്നു. മായങ്ക് ഇംഫാല്‍ പോലീസ് സ്‌റ്റേഷനിലും, ആന്ദ്രോ സ്‌റ്റേഷനിലും സമാന സംഭവങ്ങളുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ആറ് പ്രാദേശിക ക്ലബുകളും, മെയ്‌റ പായ്ബികളും ചേര്‍ന്നാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്.
ഇവര്‍ ഗ്രാമത്തിലെ അഞ്ച് വളണ്ടിയര്‍മാരെ വിട്ടയക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഞങ്ങള്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗമില്ല. അഞ്ച് പേരെ വിട്ടയക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. അതുകൊണ്ടാണ് അറസ്റ്റ് വരിക്കുന്നതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.വളണ്ടിയര്‍മാരെ പോലീസ് അറസ്റ്റ് ചെയ്താല്‍ മെയ്തി ഗ്രാമങ്ങളെ കുക്കികളില്‍ നിന്ന് ആര് സംരക്ഷിക്കുമെന്നും പ്രതിഷേധക്കാര്‍ ചോദിക്കുന്നു.
പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച്, കൂട്ടത്തോടെ അറസ്റ്റ് വരിക്കാനാണ് പ്രതിഷേധക്കാര്‍ ശ്രമിച്ചത്. കാരണം അറസ്റ്റിലായ യുവാക്കളെ വിട്ടയക്കില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചതെന്നും ക്ലബുകളുടെ കോര്‍ഡിനേറ്റിംഗ് കമ്മിറ്റി പ്രസിഡന്റ് യുമ്‌നാം ഹിറ്റ്‌ലര്‍ പറഞ്ഞു.












Click it and Unblock the Notifications