മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറിനെതിരായ അപകീർത്തികരമായ പരാമർശം; ബിജെപി എംഎൽഎ സിടി രവി അറസ്റ്റിൽ
ബെംഗളൂരു; വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറിന്റെ പരാതിയിൽ ബി ജെ പി എം എൽ സി സിടി രവിയെ അറസ്റ്റ് ചെയ്ത് പോലീസ്. നിയമസഭയിൽ നടന്ന ചർച്ചയ്ക്കിടെ തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന മന്ത്രിയുടെ പരാതിയിലാണ് അറസ്റ്റ്. വിദാൻ സൗധ പരിസരത്ത് വെച്ചാണ് രവിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഭാരതീയ നിയമസംഹിതയിലെ സെക്ഷൻ 75,79 വകുപ്പുകളാണ് രവിക്കെതിരെ ചുമത്തിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡോ അംബേദ്കറിനെതിരെ നടത്തിയ പരമാർശം സംബന്ധിച്ച് സഭയിൽ ചർച്ച നടക്കുന്നതിനിടെയാണ് സിടി രവി തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹിരേബാഗേവാഡി പോലീസിൽ മന്ത്രി പരാതി നൽകിയത്. അതേസമയം സംഭവത്തിൽ രവിയെ അയോഗ്യനാക്കണമെന്നും അദ്ദേഹത്തിനെതിരെ ക്രിമിനൽ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ നിയമസഭാ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊറട്ടിക്ക് പരാതിയും നൽകി. അതിനിടെ സി ടി രവിക്കെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യയും രംഗത്തെത്തി. രവിയുടെ വാക്കുകൾ ക്രിമിനൽ കുറ്റത്തിനും ലൈംഗിക അതിക്രമത്തിനും തുല്യമാണെന്ന് അദ്ദേഹം വിമർശിച്ചു.

'ലക്ഷ്മി ഹെബ്ബാൾ സ്പീക്കർക്കും പോലീസിനും പരാതി നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്ന് നോക്കാം. പത്ത് തവണയോളം വളരെ മോശം വാക്കുപയോഗിച്ച് സിടി രവി മന്ത്രിയെ അപമാനിച്ചെന്നാണ് അവിടെ ഉണ്ടായിരുന്നവർ പറയുന്നത്. രവിക്കെതിരെ പോലീസിൽ ക്രിമിനൽ കേസുമായി മുന്നോട്ട് പോകും', സിദ്ധരാമയ്യ പറഞ്ഞു. അതിനിടെ മന്ത്രിമാരായ ഡി കെ ശിവകുമാർ,എച്ച് കെ പാട്ടീൽ, ഈശ്വർ ഖണ്ഡ്രെ, പ്രിയങ്ക് ഖാർഗെ, ഡോ ശരൺപ്രകാശ് പാട്ടീൽ എന്നിവരും സവരാജ് ഹൊറട്ടിക്ക് പരാതി നൽകിയിട്ടുണ്ട്.
അതേസമയം ലക്ഷ്മി ഹെബ്ബാൾക്കറിന്റെ ആരോപണം സിടി രവി തള്ളി. 'അവർ പറയുന്നത് കളവാണ്. വേണമെങ്കൽ ഓഡിയോയും വീഡിയോയും പരിശോധിക്കാം. അതിന് ശേഷം ഞാൻ പ്രതികരിക്കാം. അതുവരെ ഈ വിഷയത്തിൽ പ്രതികരണത്തിന് ഇല്ല. ആരേയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന ആളല്ല ഞാൻ. ഒരുവിധത്തിലുള്ള തെറ്റായ പ്രയോഗങ്ങളും ഞാൻ നടത്തിയിട്ടില്ല. അവർക്ക് എന്തുകൊണ്ടാണ് അങ്ങനെ തോന്നിയതെന്ന് അറിയില്ല', രവി പറഞ്ഞു.












Click it and Unblock the Notifications