കെജ്രിവാള്‍ ഡല്‍ഹിയില്‍, അതിഷി കല്‍ക്കാജിയില്‍; സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ആം ആദ്മി
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാലാമത്തേതും അവസാനത്തേതുമായ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ആം ആദ്മി പാര്‍ട്ടി. മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി ചെയര്‍മാനുമായ അരവിന്ദ് കെജ്രിവാള്‍, നിലവിലെ മുഖ്യമന്ത്രി അതിഷി എന്നവര്‍ അടക്കം 38 പേരാണ് പാര്‍ട്ടിയുടെ അവസാന ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.
അരവിന്ദ് കെജ്രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. അതിഷി കല്‍ക്കാജിയില്‍ നിന്ന് വീണ്ടും ജനവിധി തേടും. സൗരഭ് ഭരദ്വാജ് ഗ്രേറ്റര്‍ കൈലാഷില്‍ നിന്നായിരിക്കും മത്സരിക്കുക. കസ്തൂര്‍ബാ നഗറിലെ നിലവിലെ എം എല്‍ എയായ മദന്‍ ലാലിനെ മാറ്റി രമേഷ് പെഹല്‍വാനെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുകയാണ് എഎപി. രമേഷ് പെഹ്ല്‍വാനും ഭാര്യയും കൗണ്‍സിലറുമായ കുസുമം ലതയും ബിജെപി വിട്ട് ഇന്ന് രാവിലെയാണ് എഎപിയില്‍ ചേര്‍ന്നത്.

ഗോപാല്‍ റായി, ബാബര്‍പൂര്‍ സീറ്റില്‍ നിന്ന് മത്സരിക്കും. അമാനത്തുള്ള ഖാന്‍ ഓഖ്‌ലയില്‍ നിന്നും സത്യേന്ദ്ര കുമാര്‍ ജെയിന്‍ ഷക്കൂര്‍ ബസ്തിയില്‍ നിന്നുമാണ് ജനവിധി തേടുക. 70 അംഗ നിയമസഭയാണ് ഡല്‍ഹിയിലേത്. ദേശീയ തലത്തില്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണെങ്കിലു ആം ആദ്മി 70 സീറ്റിലും തനിച്ചാണ് മത്സരിക്കുന്നത്. ആം ആദ്മി പാര്‍ട്ടി പൂര്‍ണ്ണ ആത്മവിശ്വാസത്തോടെയും മികച്ച തയ്യാറെടുപ്പുകളോടെയും ആണ് ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
'ബി ജെ പി അദൃശ്യമാണ്. അവര്‍ക്ക് മുഖ്യമന്ത്രി മുഖമോ ടീമോ പദ്ധതിയോ ഡല്‍ഹിയെ കുറിച്ച് ഒരു കാഴ്ചപ്പാടോ ഇല്ല. അവര്‍ക്ക് ഒരു മുദ്രാവാക്യം മാത്രമേയുള്ളൂ, കെജ്രിവാളിനെ നീക്കം ചെയ്യുക. അഞ്ച് വര്‍ഷത്തേക്ക് അവര്‍ എന്താണ് ചെയ്തതെന്ന് അവരോട് ചോദിക്കൂ. ഞങ്ങള്‍ കെജ്രിവാളിനെ അധിക്ഷേപിച്ചു എന്നായിരിക്കും അവര്‍ പറയുക', അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
ഡല്‍ഹിയുടെയും അവിടത്തെ ജനങ്ങളുടെയും വികസനത്തിന് എ എ പിക്ക് ഒരു കാഴ്ചപ്പാടുണ്ടെന്നും ഇത് നടപ്പാക്കാന്‍ ഒരു പദ്ധതിയും വിദ്യാസമ്പന്നരായ നേതാക്കളുടെ ഒരു ടീമും തങ്ങള്‍ക്ക് ഉണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു. 10 വര്‍ഷം കൊണ്ട് ഞങ്ങള്‍ ചെയ്ത ജോലികളുടെ ലിസ്റ്റ് ഞങ്ങളുടെ പക്കലുണ്ട്. ഡല്‍ഹി നിവാസികള്‍ വോട്ട് ചെയ്യുന്നത് ഉത്തരവാദിത്തങ്ങള്‍ ചെയ്യുന്നവര്‍ക്കാണ്, അല്ലാതെ ദുരുപയോഗം ചെയ്യുന്നവര്‍ക്കല്ല എന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications