സഹോദരിയുടെ വിവാഹം; ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം, ഒരാഴ്ച പുറത്തിറങ്ങും
ന്യൂഡല്‍ഹി: വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം. സഹോദരിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിന് ഏഴ് ദിവസമാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. ഏഴ് ദിവസം കഴിഞ്ഞാല്‍ വീണ്ടും കോടതിയില്‍ ഹാജരാകണം. യുഎപിഎ വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് ഉമര്‍ ഖാലിദ്. നേരത്തെ ഒരു കേസില്‍ ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു എങ്കിലും മറ്റു പല കേസിലും പ്രതിയായതിനാല്‍ പുറത്തിറങ്ങാന്‍ സാധിച്ചിട്ടില്ല.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട വിശാല ഗൂഢാലോചനാ കേസില്‍ പ്രതിയാണ് ആക്ടിവിസ്റ്റ് ഉമര്‍ ഖാലിദ്. ഡല്‍ഹി അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി അമിതബ് റാവത്ത് ആണ് ഉമര്‍ ഖാലിദിന് ഒരാഴ്ചത്തേക്ക് ജാമ്യം അനുവദിച്ചത്. ഡിസംബര്‍ 23നാണ് ജാമ്യം ലഭിക്കുക. 30ന് തിരിച്ചെത്തണമെന്നും കോടതി നിര്‍ദേശിച്ചു. 14 ദിവസത്തെ ജാമ്യമായിരുന്നു കോടതിയില്‍ ഉമര്‍ ഖാലിദ് ആവശ്യപ്പെട്ടിരുന്നത്.
ജാമ്യം നല്‍കുന്നതിനെ ഡല്‍ഹി പോലിസ് ശക്തമായി എതിര്‍ത്തു. സമൂഹമാധ്യമങ്ങളിലൂടെ ഉമര്‍ഖാലിദ് തെറ്റായ പ്രചാരണം നടത്താന്‍ സാധ്യതയുണ്ട്. അത് സമൂഹത്തില്‍ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. ഉമര്‍ ഖാലിദ് സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും പോലിസ് വാദിച്ചു. എന്നാല്‍, കോടതി പോലീസ് വാദം അംഗീകരിച്ചില്ല.
സിദ്ദീഖ് കാപ്പന് മാതാവിനെ കാണാന്‍ ഇടക്കാല ജാമ്യം നല്‍കിയത് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സിഎഎ വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയതിനാണ് ഉമര്‍ ഖാലിദിനെ ഡല്‍ഹി കലാപക്കേസില്‍ അറസ്റ്റ് ചെയ്തത്. 2020 സെപ്റ്റംബര്‍ മുതല്‍ ഉമര്‍ ഖാലിദ് ജയിലിലാണ്.
2020ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞാഴ്ച കര്‍കര്‍ദൂമ കോടതി ഉമര്‍ ഖാലിദിന് ജാമ്യം നല്‍കിയിരുന്നു. കൂടാതെ യുനൈറ്റഡ് എഗൈന്‍സ്റ്റ് ഹേറ്റ് എന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ ഖാലിദ് സെയ്ഫിക്കും ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ മറ്റുചില കേസുള്ളതിനാല്‍ രണ്ടുപേര്‍ക്കും പുറത്തിറങ്ങാനായിട്ടില്ല.












Click it and Unblock the Notifications