പൂജാരിമാര്‍ക്ക് പ്രതിമാസം 18000 രൂപ ഓണറേറിയം; പുതിയ പദ്ധതി പ്രഖ്യാപിച്ച് കെജ്രിവാള്‍
ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വീണ്ടും വന്‍ വാഗ്ദാനവുമായി ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍. ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വന്നാല്‍ ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ക്കും ഗുരുദ്വാരകളിലെ ഗ്രാന്റിമാര്‍ക്കും 18000 രൂപ പ്രതിമാസം ശമ്പളം അനുവദിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചു.
'പുരോഹിതന്മാരും ഗ്രാന്റിമാരും നമ്മുടെ മതപരമായ ആചാരങ്ങളുടെ സംരക്ഷകരാണ്. സമൂഹത്തെ നിസ്വാര്‍ത്ഥമായി സേവിക്കുന്ന അവരുടെ സാമ്പത്തിക ക്ഷേമം നിര്‍ഭാഗ്യവശാല്‍ ആരും ഇതുവരെ ശ്രദ്ധിച്ചിട്ടില്ല,' കെജ്രിവാള്‍ പറഞ്ഞു. പദ്ധതിയുടെ രജിസ്ട്രേഷന്‍ നാളെ ആരംഭിക്കുമെന്നും ഹനുമാന്‍ ക്ഷേത്രത്തില്‍ താന്‍ നേരിട്ടെത്തി നടപടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

'ഇന്ന് ഞാന്‍ ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു സുപ്രധാന പ്രഖ്യാപനം നടത്തുകയാണ്. പദ്ധതിയുടെ പേര് പൂജാരി ഗ്രന്ഥി സമ്മാന്‍ യോജന എന്നാണ്. ഇതിന് കീഴില്‍ ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ക്കും ഗുരുദ്വാരയിലെ ഗ്രാന്റികള്‍ക്കും ഓണറേറിയം നല്‍കാനുള്ള വ്യവസ്ഥയുണ്ട്. പ്രതിമാസം 18,000 രൂപ ഓണറേറിയം ലഭിക്കും,'' അരവിന്ദ് കെജ്രിവാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഡല്‍ഹിയിലെ കൊണാട്ട് പ്ലേസിലെ ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിച്ച ശേഷം പദ്ധതിക്ക് തുടക്കമിടുമെന്ന് കെജ്രിവാള്‍ പറഞ്ഞു. രജിസ്‌ട്രേഷന്‍ പ്രക്രിയയില്‍ തടസങ്ങള്‍ സൃഷ്ടിക്കരുതെന്ന് താന്‍ ബിജെപിയോട് അഭ്യര്‍ത്ഥിക്കുന്നു എന്നും ഇത് തടയുന്നത് പാപം ചെയ്യുന്നതിന് തുല്യമായിരിക്കും എന്നും കെജ്രിവാള്‍ പറഞ്ഞു. കാരണം അവര്‍ ദൈവത്തിലേക്കുള്ള നമ്മുടെ പാലമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ആം ആദ്മി പാര്‍ട്ടിയുടെ ക്ഷേമപദ്ധതികളുടെ തുടര്‍ച്ചയാണ് അരവിന്ദ് കെജ്രിവാളിന്റെ ഈ പ്രഖ്യാപനം. നേരത്തെ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സഞ്ജീവനി പദ്ധതിയും സ്ത്രീകള്‍ക്കുള്ള മഹിളാ സമ്മാന്‍ യോജനയും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹിയിലുടനീളം 24 മണിക്കൂറും ജലവിതരണം നടപ്പാക്കും എന്നും പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.
സഞ്ജീവനി യോജനയ്ക്ക് കീഴില്‍, 60 വയസിന് മുകളിലുള്ള വയോജനങ്ങള്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ നല്‍കും. 18 വയസിന് മുകളിലുള്ള എല്ലാ സ്ത്രീകളുടേയും അക്കൗണ്ടിലേക്ക് പ്രതിമാസം 2100 രൂപ നിക്ഷേപിക്കുന്ന പദ്ധതിയാണ് മഹിളാ സമ്മാനന്‍ യോജന. നേരത്തെ ബിജെപി വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്ന ആരോപണവുമായി കെജ്രിവാള്‍ രംഗത്തെത്തിയിരുന്നു
വോട്ടര്‍മാരെ കൂട്ടിച്ചേര്‍ത്തതും വെട്ടിക്കുറച്ചതും ബിജെപിയുടെ ഓപ്പറേഷന്‍ ലോട്ടസിന്റെ ഭാഗമാണ് എന്നായിരുന്നു കെജ്രിവാള്‍ ആരോപിച്ചത്. ആകെ വോട്ടര്‍മാരുടെ 12 ശതമാനത്തില്‍ കൃത്രിമം കാണിക്കുന്ന തട്ടിപ്പാണ് ഇത് എന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.












Click it and Unblock the Notifications