ഡൽഹി തിരഞ്ഞെടുപ്പ്; ബിജെപി പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന ആരോപണവുമായി അതിഷി, പരാതി നൽകി
ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന ആരോപണവുമായി ഡൽഹി മുഖ്യമന്ത്രി അതിഷി. ബിജെപിയുടെ ക്ഷേമ പദ്ധതികൾക്കായി രജിസ്‌ട്രേഷൻ ആരംഭിച്ചെന്നും വോട്ടർമാരെ സ്വാധീനിക്കാൻ വേണ്ടിയാണ് ഇത്തരം നടപടികൾ അവർ സ്വീകരിക്കുന്നതെന്നുമാണ് അതിഷി ആരോപിക്കുന്നത്. ഇത് സംബന്ധിച്ച പരാതി അതിഷി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിന് നൽകിയിട്ടുണ്ട്.
ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ അടിയന്തര നടപടി വേണമെന്നും 24 മണിക്കൂറിനുള്ളിൽ നടപടിയുണ്ടായില്ലെങ്കിൽ തങ്ങളുടെ ക്ഷേമ പദ്ധതികൾക്കായി തന്റെ പാർട്ടിയും സമാനമായ രജിസ്ട്രേഷൻ ആരംഭിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെഴുതിയ കത്തിൽ അതിഷി മുന്നറിയിപ്പ് നൽകി.

ഇതോടെ ഡൽഹിയിൽ തിരഞ്ഞെടുപ്പ് ഗോദയിലെ പോരാട്ടത്തിന് കൂടുതൽ ചൂടുപിടിക്കുകയാണ്. ബിജെപി തെറ്റായ വഴിയിലൂടെ വോട്ടർമാരെ ആകർഷിക്കാനും മറ്റും ശ്രമം നടത്തുകയാണ് എന്ന ആരോപണം തുടക്കം മുതൽ തന്നെ എഎപി ഉയർത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഇത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ശ്രദ്ധയിൽ കൂടി പെടുത്തുകയാണ് അവർ ചെയ്‌തത്.
'ബിജെപി സ്ഥാനാർത്ഥികളും പ്രവർത്തകരും നടത്തിയ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ഗുരുതരമായ ലംഘനം ഔദ്യോഗികമായി നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ഞാൻ എഴുതുന്നത്. സ്ത്രീകൾക്ക് പണം വിതരണം ചെയ്യുന്ന അവരുടെ പദ്ധതിക്കായി അവർ രജിസ്ട്രേഷൻ നടത്തുന്നു. വീടും ഭൂമിയുടെ അവകാശവും നൽകുന്നതുൾപ്പെടെയുള്ള മറ്റ് വാഗ്‌ദാനങ്ങൾക്കായും അവർ വ്യക്തികളെ രജിസ്‌റ്റർ ചെയ്യുന്നു' അതിഷി ആരോപിച്ചു.
'മാതൃകാ പെരുമാറ്റ ചട്ടം നിലനിൽക്കുന്ന വേളയിൽ ഇത്തരം രജിസ്ട്രേഷനുകൾ നടത്തുന്നത് തിരഞ്ഞെടുപ്പ് ക്രമക്കേടും ഈ മാർഗനിർദ്ദേശങ്ങളുടെ നഗ്നമായ ലംഘനവുമാണ്. 02.05.2024 ലെ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശങ്ങൾ അനുസരിച്ച്, 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 123(1) ൽ നിർവചിച്ചിരിക്കുന്ന കുറ്റകൃത്യത്തിന് കീഴിലാണ് ഈ പ്രവൃത്തികളും വരുന്നത്.' അതിഷി തന്റെ കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
'അടുത്ത 24 മണിക്കൂറിനുള്ളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ, നിയമ ചട്ടക്കൂടിൽ നിന്ന് ബിജെപിയുടെ പ്രവർത്തനങ്ങൾ അനുവദനീയമാണെന്ന് കരുതപ്പെടും. അങ്ങനെയെങ്കിൽ, ഞങ്ങളുടെ മഹിളാ സമ്മാന് യോജന, സഞ്ജീവനി യോജന എന്നിവയുടെ രജിസ്ട്രേഷനും ഞങ്ങൾ പുനരാരംഭിക്കും.' എന്നും അതിഷി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഫെബ്രുവരി അഞ്ചിനാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിയും എഎപിയും തമ്മിലാണ് പ്രധാന മത്സരം. കഴിഞ്ഞ രണ്ട് വട്ടവും രാജ്യ തലസ്ഥാനത്ത് നേടിയ വിജയം ആവർത്തിക്കാമെന്ന കണക്കുകൂട്ടലിലാണ് എഎപി. രണ്ടര പതിറ്റാണ്ടിൽ അധികമായി തുടരുന്നു അധികാര വരൾച്ചയ്ക്ക് വിരാമമിട്ട് കൊണ്ട് ജയം നേടുക എന്നതാണ് ബിജെപി ലക്ഷ്യം. ഇതിനിടയിൽ കരുത്ത് തെളിയിക്കാൻ കോൺഗ്രസും രംഗത്തുണ്ട്.












Click it and Unblock the Notifications