ഡല്‍ഹിയില്‍ അതിജാഗ്രത; വീണ്ടും യമുനയിലെ ജലനിരപ്പുയര്‍ന്നു, അപകടകരമായ നിലയിലേക്ക്
ന്യൂഡല്‍ഹി: യമുന നദിയിലെ ജലനിരപ്പ് വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ വീണ്ടും അതിജാഗ്രത. അപകടകരമായ നിലയിലേക്ക് വീണ്ടും ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. ഹാഥ്‌നികുണ്ഡ് ബരേജില്‍ നിന്ന് രണ്ട് ലക്ഷം ക്യൂസെക്‌സ് ജലം തുറന്നുവിട്ടതാണ് ജലനിരപ്പ് ഉയരാന്‍ കാരണമായിരിക്കുന്നത്.
ഉത്തരാഖണ്ഡിലും, ഹിമാചലിലും കനത്ത മഴ തുടരുന്നതാണ് അണക്കെട്ട് തുറന്നുവിടാന്‍ കാരണം. തലസ്ഥാന നഗരിയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ യമുനയിലെ ജലനിരപ്പ് ഉയര്‍ന്നത് ബാധിക്കുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിലാണ് കൂടുതല്‍ ദുരിതമുണ്ടാവാന്‍ സാധ്യതയെന്നാണ് വിലയിരുത്തല്‍.അതേസമയം സുരക്ഷാ നടപടികള്‍ ഡല്‍ഹി സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

നേരത്തെയുണ്ടായത് പോലുള്ള ദുരന്തങ്ങള്‍ ഒഴിവാക്കാനാണ് ശ്രമം. നാളെ വൈകീട്ടോടെ യമുന നദിയിലെ ജലനിരപ്പ് അപകടനില പിന്നിടുമെന്നാണ് കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതെന്ന് റവന്യൂ മന്ത്രി അതിഷി പറഞ്ഞു. നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. യമുന നദിയുടെ ചില മേഖലകളില്‍ വെള്ളപ്പൊക്കം അനുഭവപ്പെടുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.
ജലനിരപ്പ് 206.7 മീറ്ററിലേക്ക് ഉയര്‍ന്നാല്‍ പലയിടത്തും വെള്ളപ്പൊക്കം അനുഭവപ്പെടും. താഴ്ന്ന സ്ഥലങ്ങളില്‍ നിന്നടക്കം ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സജ്ജമായി നില്‍ക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍ എന്ന് മന്ത്രി പറഞ്ഞു. അപകടസാധ്യതയുള്ള ഇടങ്ങളില്‍ ഉള്ളവര്‍ക്ക് നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നതിന് വേണ്ടിയാണ് ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. ദുരിതാശ്വാസ ക്യാമ്പുകള്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ഇവിടെ എല്ലാ സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.
യമുന ബസാര്‍, യമുന ഖദര്‍ അടക്കമുള്ള ഇടങ്ങളില്‍ മതിയായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വെള്ളപ്പൊക്കമുണ്ടായാല്‍ നേരിടാനാണിത്. ജനങ്ങളോട് ജാഗരൂകരായിരിക്കാനും, അധികൃതരോട് സഹകരിക്കാനും ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കനത്ത മഴയ്ക്കും തലസ്ഥാന ഗരിയില്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് അധികൃതര്‍ ഭയപ്പെടുന്നത്.
താഴ്ന്ന പ്രദേശങ്ങളില്‍ ഇനിയും കുറച്ച് സമയം കൂടി ക്യാമ്പുകളില്‍ കഴിയേണ്ടി വരുമെന്നാണ് സൂചന. നഗരത്തിലെ ജലവിതരണത്തെ അടക്കം ഇക്കാര്യങ്ങളെല്ലാം ബാധിച്ചേക്കും. കഴിഞ്ഞ ചൊവാഴ്ച്ചയാണ് നഗരത്തിലെ ജലവിതരണം സാധാരണ നിലയില്‍ എത്തിയത്. വസീറാബാദിലെ പമ്പ് ഹൗസിലെ പ്രശ്‌നങ്ങളാണ് ജലവിതരണം തടസ്സപ്പെടാന്‍ കാരണമായിരുന്നത്. പമ്പ് ഹൗസിലെ ജലമാണ് വസീറാബാദിലേക്കും, ചന്ദ്രാവലിലേക്കും, ഓഖ്‌ലയിലേക്കും എത്തുന്നത്. ഒരാഴ്ച്ചയോളമായി തുടരുന്ന മഴയും, വെള്ളപ്പൊക്കവും ഡല്‍ഹി നഗരത്തെ ആകെ പ്രതിസന്ധിയിലാക്കി മാറ്റിയിരിക്കുകയാണ്. ഹിമാചലിലും, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലും മഴ ശക്തമാണ്.












Click it and Unblock the Notifications