കോണ്‍ഗ്രസിനെ നയിക്കാന്‍ പ്രിയങ്ക വരുമോ; ആശയത്തിന് തുടക്കമിട്ടത് പ്രശാന്ത്, മനസ്സ് തുറക്കാതെ രാഹുലും
ദില്ലി: എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി തിരിച്ചെത്തണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ വീണ്ടും ശക്തമാവുന്നു. കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള സംഘടനാ തിരഞ്ഞെടുപ്പിന്റെ അന്തിമ ഘട്ടം ആരംഭിക്കാനിരിക്കെയാണ് മുതിർന്ന നേതാക്കള്‍ ഉള്‍പ്പടെ ഇത്തരമൊരു ആവശ്യം വീണ്ടും ശക്തമാക്കിയിരിക്കുന്നത്.
എന്നാല്‍ വീണ്ടും ചുമതല ഏറ്റെടുക്കുന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധി ഇതുവരെ തന്റെ നിലപാട് വ്യക്തമാക്കാന്‍ തയ്യാറായിട്ടുമില്ല. സോണിയ ഗാന്ധി ഒഴിയുമ്പോള്‍ പകരം എ ഐ സി സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇതുവരെ രാഹുൽ സമ്മതമറിയിച്ചിട്ടില്ലെന്ന് തന്നെയാണ് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പിന്റെ അന്തിമ ഘട്ടം ഈ മാസം 20 മുതല്‍ സെപ്റ്റബർ 20 വരെയാണ്. രാഹുല്‍ ഇല്ലെങ്കില്‍ പ്രിയങ്ക ഗാന്ധി വന്നേക്കുമെന്ന സൂചനകളും നേരത്തെ ഉണ്ടായിരുന്നു. പ്രിയങ്ക ഗാന്ധി പാർട്ടി ചുമതലകള്‍ വഹിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി ജനകീയ സമരങ്ങളും പ്രവർത്തനങ്ങളുമായി ജനങ്ങളിലേക്ക് ഇറങ്ങുക എന്ന തരത്തിലായിരുന്നു ഈ ആലോചന. നേരത്തെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ മുന്നോട്ട് വെച്ച ആശയത്തിന്റെ മറ്റൊരു രൂപമാണ് ഇത്.
ഈ ലുക്കില്‍ അമ്മയെ പോലുണ്ട് ഞാന്‍: വൈറലായി അനുപമ പരമേശ്വരന്റെ പുതിയ സാരി ചിത്രങ്ങള്‍

എന്നാല്‍ എ ഐ സി സിയുടെ തലപ്പത്തേക്ക് ഇല്ലെന്ന സൂചനയാണ് പ്രിയങ്ക ഗാന്ധിയും നല്‍കുന്നത്. ഈ സാഹചര്യത്തില്‍ ആര് സോണിയ ഗാന്ധിയുടെ പിന്‍ഗാമിയാകുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ അവ്യക്ത തുടരുകയാണ്. രാഹുലും പ്രിയങ്കയും പദവി എറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ മാത്രമാവും ഗാന്ധി കുടുംബത്തിന് പുറത്തുള്ളവരിലേക്ക് ആലോചന നടക്കുക. ഇവരിലാരെങ്കിലും ഒരാള്‍ മത്സര രംഗത്ത് ഉണ്ടായാല്‍ നാമനിർദേശം നല്‍കാന്‍ മറ്റുള്ളവർ തയ്യാറാകില്ല.

വിലക്കയറ്റം, തൊഴിലില്ലായ്മ, ജിഎസ്ടി എന്നിവയടക്കം സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങളിൽ കേന്ദ്രത്തിനെതിരെ വലിയ പോരാട്ടാമാണ് രാഹുല്‍ ഗാന്ധി പാർലമെന്റിന് അകത്തും പുറത്തും നടത്തുന്നത്. നിലവിലെ അവസ്ഥയിൽ പാർട്ടിയെ നയിക്കാൻ മറ്റാരുമില്ലെന്നുമാണു കോൺഗ്രസിലെ ഭൂരിപക്ഷാഭിപ്രായം. അതേസമയം തന്നെ രാഹുല്‍ ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകട്ടേയെന്നും എ ഐ സി സിയുടെ തലപ്പത്തേക്ക് പ്രിയങ്ക എത്തട്ടേയെന്ന് വാദിക്കുന്നവരും കോണ്‍ഗ്രസിലുണ്ട്.

രാഹുലിന്റെ പ്രവർത്തന ശൈലിയില്‍ എതിർപ്പുള്ളവരും പ്രിയങ്കയുടെ പേര് ഉയർത്തിക്കൊണ്ടു വരുന്നതിന് പിന്നിലുണ്ടെന്നാണ് സൂചന. എന്നാല്‍ പ്രസിഡന്റാവാന്‍ പ്രിയങ്ക ഗാന്ധി താല്‍പര്യം പ്രകടിപ്പിക്കാത്തിടത്തോളം കാലം ഈ നേതാക്കള്‍ക്ക് പരസ്യമായി ഈ ആവശ്യം ഉന്നയിക്കാന്‍ സാധിച്ചെന്ന് വരില്ല. അത്തരത്തിലുള്ള ആവശ്യത്തെ പ്രിയങ്ക തന്നെ തള്ളിപ്പറഞ്ഞാല്‍ അത് തിരിച്ചടിയായി മാറുകയും ചെയ്യും.

കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാറിനെതിരായ പ്രതിഷേധത്തിനിടെ അറസ്റ്റിലായി പൊലീസ് സ്റ്റേഷനില്‍ കഴിയുമ്പോള്‍ അധ്യക്ഷപദവി ഏറ്റെടുക്കുന്നതിനെക്കുറിച്ച് എംപിമാർ രാഹുലുമായി സംസാരിച്ചിരുന്നു. എന്നാല്‍ കേന്ദ്രത്തിനെതിരെ പോരാടാന്‍ എനിക്ക് പ്രസിഡന്റാകേണ്ട ആവശ്യമില്ലെന്നായിരുന്നു മറുപടി. അതേസമയം, സെപ്റ്റംബർ 7 നാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത യാത്ര തുടങ്ങുന്നത്. ഈ സമയത്ത് സംസ്ഥാന നേതൃത്വങ്ങളും അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനുള്ള സമ്മർദ്ദം രാഹുല്‍ ഗാന്ധിക്ക് മേല്‍ ശക്തമാക്കിയേക്കും.












Click it and Unblock the Notifications