ധനുഷിന് മറ്റൊരു മാതാപിതാക്കള്‍? സിനിമയെ വെല്ലും ഇക്കഥ; ഹൈക്കോടതിക്കും സംശയം, നടനെ വിളിപ്പിച്ചു
കോടതി സംശയം തീര്‍ക്കാന്‍ ധനുഷിനോട് ഹാജരാവാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
മധുര: തമിഴ് സിനിമാ നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് ദമ്പതികള്‍ രംഗത്ത്. ഇവര്‍ ഈ ആവശ്യം ഉന്നയിച്ച് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. കോടതി സംശയം തീര്‍ക്കാന്‍ ധനുഷിനോട് ഹാജരാവാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
ധനുഷിന്റെ ശരീരത്തില്‍ ദമ്പതികള്‍ പറയുന്ന തരത്തിലുള്ള അടയാളങ്ങള്‍ ഉേേണ്ടാ എന്നാണ് കോടതി പരിശോധിക്കുക. ഇക്കാര്യം നോക്കുന്നതിനാണ് നേരിട്ട് ഹാജരാവാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെതാണ് നടപടി.

നേരിട്ട് ഹാജരാവാന്‍ കോടതി നിര്‍ദേശിച്ചപ്പോള്‍ ധനുഷിന്റെ അഭിഭാഷകന്‍, നടന്റെ വിദ്യാഭ്യാസ രേഖകളും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കി. ധനുഷിന്റെ പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റും ടിസിയുമാണ് കോടതിയില്‍ നല്‍കിയത്. സര്‍ട്ടിഫിക്കറ്റുകള്‍ പ്രകാരം ധനുഷ് പഠിച്ചത് ചെന്നൈയിലാണ്.

മേലൂരിലെ മണ്ണാംപാട്ടി ഗ്രാമത്തില്‍ നിന്നുള്ള ആര്‍ കഥാരസന്‍, മീനാക്ഷി എന്ന വൃദ്ധ ദമ്പതികളാണ് ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. മേലൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് അവര്‍ പരാതി നല്‍കിയിരുന്നത്. 1985 നവംബര്‍ ഏഴിനാണ് ധനുഷ് ജനിച്ചതെന്നും ദമ്പതികള്‍ പറയുന്നു.

കേസ് പിന്നീട് ഹൈക്കോടതിയുടെ മധുര ബെഞ്ചിലെത്തി. ദമ്പതികളുടെ കീഴ്‌കോടതിയിലെ ഹര്‍ജി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ധനുഷാണ് മധുര ബെഞ്ചിനെ സമീപിച്ചത്. ധനുഷ് തങ്ങളുടെ മകനാണെന്ന് തെളിയിക്കുന്ന നിരവധി രേഖകള്‍ ഇവര്‍ ഹാജരാക്കിയിട്ടുണ്ട്.

തുടര്‍ന്നാണ് ധനുഷിന്റെ സ്‌കൂള്‍ രേഖകള്‍ ഹാജരാക്കാന്‍ മധുര ബെഞ്ച് ഇരുവിഭാഗത്തോടും ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഇരുവിഭാഗവും വെള്ളിയാഴ്ച രേഖകള്‍ ഹാജരാക്കി. ഇതുപരിശോധിച്ച ശേഷമാണ് ധനുഷ് നേരിട്ട് ഹാജരാവണമെന്ന് ജസ്റ്റിസ് ജി ചൊക്കലിംഗം നിര്‍ദേശിച്ചത്.

സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിന് പുറമെ മറ്റു ചില രേഖകളും ധനുഷിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ധനുഷിന്റെ ആദ്യ സിനിമ തുള്ളുവതോ ഇളമൈ പുറത്തിറങ്ങിയതുമായി ബന്ധപ്പെട്ട രേഖകളും ഇതില്‍പ്പെടും. 2002 മെയ് ആറിനാണ് ഈ ചിത്രം പുറത്തിറങ്ങിയത്.

ദമ്പതികളുടെ വാദത്തില്‍ പറയുന്നത്, ധനുഷ് 2002 ജൂണിലാണ് എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തത്. ശിവഗംഗ സ്‌കൂളില്‍ 11ാം ക്ലാസില്‍ ചേര്‍ന്ന ഉടനെ ആയിരുന്നു ഇതെന്നും ദമ്പതികള്‍ വാദിക്കുന്നു. എന്നാല്‍ ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് സിനിമയുമായി ബന്ധപ്പെട്ട തെളിവുകള്‍.

എന്നാല്‍ ധനുഷ് ഹാജരാക്കിയ സ്‌കൂള്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റില്‍ ശരീരത്തിലെ തിരിച്ചറിയല്‍ അടയാളം വ്യക്തമാക്കുന്നില്ല. എന്നാല്‍ ദമ്പതികള്‍ സമര്‍പ്പിച്ച ടിസിയില്‍ തിരിച്ചറിയല്‍ രേഖ ഉണ്ട്. ഇതോടെ കോടതി വീണ്ടും ആശങ്കയിലായി. തമിഴ് സൂപ്പര്‍ താരം രജനികാന്തിന്റെ മരുമകനാണ് ധനുഷ്.

രണ്ടു ടിസിയും പരിശോധിച്ച ശേഷമാണ് ദമ്പതികള്‍ പറയുന്ന മാര്‍ക്ക് ധനുഷിന്റെ ശരീരത്തിലുണ്ടോ എന്ന് നോക്കുന്നതിന് നേരിട്ട് ഹാജരാവാന്‍ നടനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരികുന്നത്. ഈ മാസം 28നാണ് ധനുഷ് ഹാജരാവേണ്ടത്. ദമ്പതികള്‍ പറയുന്ന മാര്‍ക്ക് എന്താണെന്ന് കോടതി വെളിപ്പെടുത്തിയിട്ടില്ല. അക്കാര്യം ഉണ്ടെങ്കില്‍ കേസ് വീണ്ടും നീളും. ഒപ്പം വിവാദങ്ങളും.












Click it and Unblock the Notifications