അണ്ണാഡിഎംകെയില്‍ പൊട്ടിത്തെറി; ദിനകരന്‍ രാജിവച്ചു? അറസ്റ്റ് ഉടന്‍, തമിഴ്‌രാഷ്ട്രീയത്തില്‍ ട്വിസ്റ്റ്

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: ജയലളിതയുടെ വിയോഗ ശേഷം താറുമാറായ തമിഴ്‌നാട് രാഷ്ട്രീയം തിളച്ചുമറയുന്നു. അണ്ണാ ഡിഎംകെ ശശികല വിഭാഗത്തിലാണ് പാളയത്തില്‍ പടയുണ്ടായിരിക്കുന്നത്. അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന്റെ രാഷ്ട്രീയ ഭാവി ഇരുളടയുന്ന കാഴ്ചയാണിപ്പോള്‍.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികലയുടെ സഹോദരീ പുത്രനാണ് ടിടിവി ദിനകരന്‍. ശശികല അഴിമതിക്കേസില്‍ കര്‍ണാകട ജയിലിലേക്ക് പോകും മുമ്പ് തിടുക്കത്തില്‍ ദിനകരനെ പാര്‍ട്ടി ഉപാധ്യക്ഷനായി നിയമിക്കുകയായിരുന്നു. ഇപ്പോള്‍ അദ്ദേഹം പദവി രാജി വച്ചുവെന്നാണ് വിവരം. പകരം ഒ പനീര്‍ശെല്‍വം ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയാവും.

പാളയത്തില്‍ പട

എന്നാല്‍ പാര്‍ട്ടി നേതാക്കള്‍ ഇപ്പോള്‍ ദിനകരനും ശശികലയ്ക്കുമെതിരേ തിരിഞ്ഞിരിക്കുന്ന കാഴ്ചയാണിപ്പോള്‍ തമിഴ്‌നാട്ടില്‍. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അടക്കമുള്ള മന്ത്രിമാര്‍ യോഗം ചേര്‍ന്ന് മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയില്‍ നിന്നു ശശികല പുറത്താക്കിയ നേതാവുമായ ഒ പനീര്‍ശെല്‍വത്തെയും കൂട്ടരെയും തിരിച്ച് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ്.

രണ്ടില ചിഹ്നത്തിലാണ് കുടുങ്ങിയത്

അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്നത്തിന് വേണ്ടി ശശികല വിഭാഗവും പനീര്‍ശെല്‍വം വിഭാഗവും തമ്മില്‍ വാഗ്വാദങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയുടെ അഭിമാന ചിഹ്നമായ രണ്ടില കിട്ടാന്‍ ദിനകരന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചുവെന്ന ആരോപണം ഉയര്‍ന്നതോടെയാണ് പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്.

ദിനകരനെ ഇന്ന് അറസ്റ്റ് ചെയ്യും

സംഭവത്തില്‍ ദില്ലി പോലീസ് ദിനകനെതിരേ കേസെടുത്തിരുന്നു. ദിനകരനെ ഇന്ന് അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശശികലയെയും ദിനകരനെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്നാണ് അണ്ണാ ഡിഎംകെ ഇരുവിഭാഗം നേതാക്കളുടെ ആവശ്യം.

ദിനകരന്‍ രാജി പ്രഖ്യാപിച്ചു

ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് ശശികല. അവരെ അവിടെ ചെന്ന് ദിനകരന്‍ കണ്ടു. ശേഷം ദിനകരന്‍ രാജി പ്രഖ്യാപിച്ചുവെന്നാണ് വിവരം. രാജി വയ്ക്കുന്നത് സംബന്ധിച്ച് ശശികലയും ദിനകരനും ജയിലില്‍ ചര്‍ച്ച നടത്തിയിരുന്നു. ശശികല ജനറല്‍ സെക്രട്ടറി പദവിയില്‍ തുടരട്ടെയെന്നും താന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി പദവി ഒഴിയാമെന്നുമാണ് ദിനകരന്‍ പാര്‍ട്ടിയെ അറിയിച്ചത്. ദിനകരന്റെ പദവി ഒ പനീര്‍ശെല്‍വത്തിന് കൈമാറാമെന്നും അദ്ദേഹം പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

ശശികലയുടെ കളി പാളി

പാര്‍ട്ടിയുടെ പിടി തന്നില്‍ നിന്നു വിട്ടുപോവാതിരിക്കാനാണ് ശശികല ബന്ധുവായ ദിനകരനെ പാര്‍ട്ടി നേതൃ പദവിയില്‍ അവരോധിച്ചത്. എന്നാല്‍ ഇപ്പോള്‍ ശശികലയും ദിനകരനും പാര്‍ട്ടിയില്‍ നിന്നു പുറത്തുപോവുന്ന സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ദില്ലി പോലീസ് സംഘം ചെന്നൈയില്‍

ദില്ലി പോലീസ് സംഘം ചെന്നൈയിലെത്തി ഉടന്‍ ദിനകരനെ കാണും. ചിലപ്പോള്‍ അദ്ദേഹത്തെ ദില്ലിയിലേക്ക് കൊണ്ടുപോവും. അറസ്റ്റ് ചെയ്ത ശേഷമാവും ദില്ലിയിലേക്ക് കൊണ്ടുപോവുക എന്നാണ് അറിയുന്നത്.

പനീര്‍ശെല്‍വം മുഖ്യസ്ഥാനത്തേക്ക്

അറസ്റ്റ് നടക്കുകയും അണ്ണാ ഡിഎംകെ ഇരുവിഭാഗവും ലയിക്കുകയും ചെയ്താല്‍ പാര്‍ട്ടിയില്‍ പ്രധാന പദവിയിലേക്ക് പനീര്‍ശെല്‍വം ഉയര്‍ത്തപ്പെടും. ധനമന്ത്രി സ്ഥാനവും പനീര്‍ശെല്‍വത്തിന് നല്‍കുമെന്ന് ഒരു മന്ത്രി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

എംഎല്‍എമാര്‍ ചെന്നൈയില്‍ കൂടുന്നു

പാര്‍ട്ടിയുടെ എല്ലാ എംഎല്‍എമാരോടും ഉടന്‍ ചെന്നൈയിലേക്കെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി നിയമസഭാ കക്ഷി യോഗം ചേരാനാണ് തീരുനാനം. ഈ യോഗത്തില്‍ നിര്‍ണായകമായ തീരുമാനങ്ങളുണ്ടാവും.

സുകേഷ് ചന്ദ്രശേഖര്‍ ഇടനിലക്കാരന്‍

രണ്ടില ചിഹ്നം കിട്ടാന്‍ സുകേഷ് ചന്ദ്രശേഖര്‍ എന്ന ഇടനിലക്കാരന്‍ മുഖാന്തിരമാണ് ദിനകരന്‍ കൈക്കൂലി വാഗ്ദാനം ചെയ്തത്. ചന്ദ്രശേഖരനെ തെക്കന്‍ ദില്ലിയിലെ ഹോട്ടലില്‍ നിന്നു കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സമയം 13 കോടി രൂപ ഇയാളില്‍ നിന്നു കണ്ടെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.

തിരഞ്ഞടുപ്പും പുലിവാലും

ജയലളിതയുടെ വിയോഗത്തെ തുടര്‍ന്ന് ഒഴിവുവന്ന ആര്‍കെ നഗര്‍ നിയമസഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാര്‍ട്ടി കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുന്നത്. ദിനകരനെയാണ് അണ്ണാ ഡിഎംകെ ശശികല വിഭാഗം സ്ഥാനാര്‍ഥിയാക്കിയിരുന്നത്. ജയിച്ചാല്‍ ഉന്നത മന്ത്രി പദവി വരെ കിട്ടാന്‍ സാധ്യതയുള്ള സമയത്താണ് ദിനകരന്റെ തകര്‍ച്ച. വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു.

English summary
The door appears to be closing on the political ambitions of T T V Dinakaran, AIADMK deputy general secretary and nephew of jailed party leader V K Sasikala, after Delhi Police registered an FIR against him for allegedly trying to bribe Election Commission officials through a middleman to obtain the party’s two-leaves poll symbol.
Please Wait while comments are loading...