ഇന്ത്യാ സഖ്യത്തില്‍ വിള്ളല്‍, മമതയ്‌ക്കെതിരെ കോണ്‍ഗ്രസ്; ബംഗാളില്‍ മമതയുടെ കാരുണ്യം വേണ്ടെന്ന് ചൗധരി
കൊല്‍ക്കത്ത: ഇന്ത്യ സഖ്യത്തിലെ വിള്ളല്‍ രൂക്ഷമാകുന്നു. ബംഗാളിലെ സഖ്യത്തിന്റെ കാര്യത്തിലാണ്പ്രശ്‌നങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി മമതയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ബംഗാളില്‍ മമതയുടെ കാരുണ്യം ഞങ്ങള്‍ക്ക് ആവശ്യമില്ലെന്നായിരുന്നു ചൗധരിയുടെ പരാമര്‍ശം.
മാധ്യമപ്രവര്‍ത്തകര്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോഴായിരുന്നു അധീര്‍ ചൗധരിയുടെ മറുപടി. മമതയുടെ യഥാര്‍ഥ ഉദ്ദേശം എന്താണെന്ന് എല്ലാവര്‍ക്കും അറിയും. ബംഗാളില്‍ രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസിന് തരാമെന്നാണ് അവര്‍ പറയുന്നു. ആ രണ്ട് സീറ്റിലും കോണ്‍ഗ്രസിന് എംപിമാരുണ്ട്.

പുതിയതായി അവര്‍ എന്താണ് ഞങ്ങള്‍ക്ക് നല്‍കുന്നത്. മമതയെയും ബിജെപിയെയും പരാജയപ്പെടുത്തിയാണ് ആ സീറ്റുകള്‍ ഞങ്ങള്‍ നേടിയത്. മമതയെ ആരാണ് വിശ്വസിക്കുകയെന്നും ചൗധരി ചോദിച്ചു. വിജയിക്കാനായി മമതയ്ക്കാണ് കോണ്‍ഗ്രസിനെ ആവശ്യമായിട്ടുള്ളത്. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് മത്സരിക്കാനും കൂടുതല്‍ സീറ്റുകള്‍ നേടാനും കരുത്തുണ്ട്. ഞങ്ങള്‍ അത് കാണിച്ച് തരാം.
ആ രണ്ട് സീറ്റിനായി മമതയുടെ കാരുണ്യം കാത്തുനില്‍ക്കേണ്ട കാര്യം കോണ്‍ഗ്രസിനില്ലെന്നും ചൗധരി പറഞ്ഞു. മമത സഖ്യത്തില്‍ ഒരിക്കല്‍ നില്‍ക്കില്ല. അവരെ അതുകൊണ്ട് വിശ്വസിക്കാനാവില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങളൊന്നും അവര്‍ ചെയ്യില്ലെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം ബെരംപോറും മാള്‍ഡ സൗത്തുമാണ് തൃണമൂല്‍ കോണ്‍ഗ്രസിനായി നല്‍കാമെന്ന് അറിയിച്ചിരിക്കുന്നത്. 2019ല്‍ കോണ്‍ഗ്രസ് വിജയിച്ച സീറ്റുകളാണിത്. അതേസമയം കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ ടിഎംസിയോട് ആവശ്യപ്പെട്ടത് അവര്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. മമത പറയുന്നത് കേട്ടാല്‍ മനസ്സിലാകും, അവര്‍ക്ക് ഈ സഖ്യം ആവശ്യമില്ലെന്ന്. അവരുടെ പാര്‍ട്ടിക്ക് സഖ്യം ദേശീയ തലത്തിലാണ് ആവശ്യം,ബംഗാളില്‍ അവരത് ആഗ്രഹിക്കുന്നില്ല.
കോണ്‍ഗ്രസ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചുവെന്നും ചൗധരി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസും മമതയും അധീര്‍ ചൗധരിക്ക് മറുപടിയുമായി രംഗത്ത് വന്നു. കോണ്‍ഗ്രസിന് ബംഗാളില്‍ സംഘടനാ ശക്തിയില്ല. അവര്‍ക്ക് ബിജെപിയെ നേരിടാനാവില്ലെന്നും തൃണമൂല്‍ മറുപടി നല്‍കി.
സഖ്യകക്ഷികളെ മോശക്കാരാക്കി കാണിക്കുകയും, മറുവശത്ത് സീറ്റ് വിഭജന ചര്‍ച്ചകളും ഒരേസമയം കൊണ്ടുപോകാനാവില്ലെന്നും മമത പറഞ്ഞു. അതേസമയം തൃണമൂല്‍ നേതൃത്വം നാല് സീറ്റുകള്‍ വരെ പരമാവധി കോണ്‍ഗ്രസിന് നല്‍കിയേക്കുമെന്നാണ് അറിയിക്കുന്നത്.
നിലവില്‍ ന്യൂനപക്ഷ മേഖലയിലാണ് കോണ്‍ഗ്രസിന് ശക്തമായ സാന്നിധ്യമുള്ളത്. അധീര്‍ ചൗധരിയെ നിലയ്ക്ക് നിര്‍ത്താന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തയ്യാറാവണമെന്നാണ് തൃണമൂല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സഖ്യത്തെ ഗൗരവമായി കാണുന്നുണ്ടെങ്കില്‍ അങ്ങനെ ചെയ്യണമെന്നും ടിഎംസി പറഞ്ഞു.












Click it and Unblock the Notifications