ഡികെ വെറുതെ സമ്മതിച്ചതല്ല, സോണിയാ ഗാന്ധിയുടെ ഉറപ്പ്, അനുനയിപ്പിച്ചത് ഇങ്ങനെ
ദില്ലി: കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്തിനുള്ള പോരാട്ടം ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്. സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാവും എന്നാണ് ഏകദേശം ഉറപ്പായിരിക്കുന്നത്. എന്നാല്‍ ഡികെ ശിവകുമാര്‍ പാര്‍ട്ടിക്ക് മുന്നില്‍ അത്ര പെട്ടെന്ന് വഴങ്ങിയിരുന്നില്ല. ഇത് കോണ്‍ഗ്രസിന് വെല്ലുവിളിയായിരുന്നു.
തനിക്ക് മുഖ്യമന്ത്രി പങ്കിടാനോ, ഉപമുഖ്യമന്ത്രിയാവാനോ താല്‍പര്യമില്ലെന്നായിരുന്നു ശിവകുമാര്‍ പറഞ്ഞത്. ഇതേ തുടര്‍ന്ന് സോണിയാ ഗാന്ധി ഇടപെടുകയായിരുന്നു. ഇക്കാര്യം എന്‍ഡിടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്. കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് സിദ്ധരാമയ്യയെയാണ് മുഖ്യമന്ത്രിയായി തീരുമാനിച്ചത്. ശിവകുമാറിനെ ഉപമുഖ്യമന്ത്രിയായും തീരുമാനിച്ചു.

സോണിയാ ഗാന്ധി തര്‍ക്കത്തില്‍ ഇടപെട്ട് ഡികെയുമായി സംസാരിക്കുകയായിരുന്നു. മുഖ്യമന്ത്രി പദം വേണമെന്ന ആവശ്യത്തില്‍ നിന്ന് ശിവകുമാര്‍ പിന്‍മാറുകയായിരുന്നു. ഇതിനും സോണിയയുടെ ഇടപെടല്‍ കാരണമായി. കഴിഞ്ഞ ദിവസം മുഴുവന്‍ ചര്‍ച്ച ചെയ്തിട്ടും ഡികെ ശിവകുമാര്‍ വഴങ്ങിയിരുന്നില്ല.
സിദ്ധരാമയ്യക്ക് എല്ലാ പദവികളും എപ്പോഴും ലഭിക്കുന്നതിനെ കുറിച്ചാണ് ശിവകുമാര്‍ ചൂണ്ടിക്കാണിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സോണിയാ ഗാന്ധി ഡികെയുമായി സംസാരിച്ചത്. ഇതോടെ സര്‍ക്കാരിലെ രണ്ടാമന്‍ എന്ന തീരുമാനത്തെ ശിവകുമാര്‍ അംഗീകരിക്കുകയായിരുന്നു. നേരത്തെ ഡികെയും, സിദ്ധരാമയ്യയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി സംസാരിച്ചിരുന്നു.
പാര്‍ട്ടിയുടെ വിശാല താല്‍പര്യം മുന്‍നിര്‍ത്തിയാണ് താന്‍ ഉപമുഖ്യമന്ത്രിയാവാന്‍ സമ്മതിച്ചതെന്ന് ഡികെ ശിവകുമാര്‍ വ്യക്തമാക്കി. കര്‍ണാടകയോട് ഞങ്ങള്‍ക്കൊരു പ്രതിബദ്ധതയുണ്ട്. ഞങ്ങള്‍ക്ക് പറഞ്ഞ വാഗ്ദാനങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.
കര്‍ണാടകയെ സേവിക്കാനുള്ള കൂടുതല്‍ ഉത്തരവാദിത്തം തനിക്കാണെന്നും ഡികെ വ്യക്തമാക്കി. അതേസമയം ഡികെ പറയുന്ന നേതാക്കള്‍ മന്ത്രിമാരാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒപ്പം കൂടുതല്‍ അധികാരങ്ങളും സര്‍ക്കാരില്‍ ഡികെയ്ക്ക് ലഭിച്ചേക്കും. ആഭ്യന്തര വകുപ്പ് തന്നെ ഡികെയ്ക്ക് കിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്.
അതേസമയം സത്യപ്രതിജഞാ ചടങ്ങ് ഈ മാസം ഇരുപതിന് ബെംഗളൂരുവില്‍ നടക്കും. ഡികെ ശിവകുമാര്‍ ഉപമുഖ്യമന്ത്രി പദം ഏറ്റെടുക്കുന്നതില്‍ തനിക്ക് പൂര്‍ണ സന്തോഷമില്ലെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ ഡികെ സുരേഷ് പറഞ്ഞു. എന്നാല്‍ കര്‍ണാടകയുടെ താല്‍പര്യം ഞങ്ങള്‍ നോക്കണം.
ഞങ്ങളുടെ പ്രതിബദ്ധത പൂര്‍ത്തീകരിക്കണം. അതുകൊണ്ടാണ് ആ പദവി ഏറ്റെടുക്കാന്‍ ഡികെ തയ്യാറായത്. ഭാവിയില്‍ ഒരുപാട് മുന്നോട്ട് പോകാനുണ്ട്. ശിവകുമാര്‍ മുഖ്യമന്ത്രിയാവുമെന്നാണ് കരുതിയത്. പക്ഷേ അതുണ്ടായില്ല. അതിനായി കാത്തിരിക്കുമെന്നും ഡികെ സുരേഷ് പറഞ്ഞു. സര്‍ക്കാര്‍ വീണ ശേഷം കോണ്‍ഗ്രസിനെ വളര്‍ത്തി കൊണ്ടുവന്നത് താനാണെന്നും ശിവകുമാര്‍ അവകാശപ്പെട്ടിരുന്നു.












Click it and Unblock the Notifications