''മണിപ്പൂരിൽ കൊല ചെയ്യപ്പെട്ടത് ഇന്ത്യ, മണിപ്പൂരിനെ വിജഭിച്ചു'', കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
ന്യൂ ഡല്‍ഹി: ലോക്‌സഭയില്‍ അവിശ്വാസ പ്രമേയത്തില്‍ രണ്ടാം ദിവസത്തെ ചര്‍ച്ചയ്ക്ക് തുടക്കമിട്ട് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. എംപി സ്ഥാനം തിരിച്ച് നല്‍കിയതില്‍ നന്ദി പറഞ്ഞുകൊണ്ടാണ് രാഹുല്‍ ഗാന്ധി പ്രസംഗം ആരംഭിച്ചത്. രാഹുല്‍ സംസാരിക്കുന്നതിനിടെ ഭരണപക്ഷ അംഗങ്ങള്‍ തുടർച്ചയായി ബഹളം വെച്ചു. ഇന്ന് താന്‍ അദാനിയെ കുറിച്ച് ഒന്നും പറയുന്നില്ലെന്നും പേടിക്കേണ്ടെന്നും രാഹുല്‍ ഗാന്ധി ബിജെപി അംഗങ്ങളെ പരിഹസിച്ചു.
''കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ഞാന്‍ നടന്നു. ആളുകള്‍ ചോദിച്ചു, എന്തിനാണ് ഈ യാത്ര. ഇന്ത്യയെ അറിയാനും മനസ്സിലാക്കാനുമായിരുന്നു ഭാരത് ജോഡോ യാത്ര''. യാത്ര തുടരുമെന്നും രാഹുല്‍ പറഞ്ഞു. ''ഈ രാജ്യം എന്ന് പറയുന്നത് ജനങ്ങളുടെ ശബ്ദമാണ്, അവരുടെ വേദനകളാണ്. ആ ശബ്ദം കേള്‍ക്കണമെങ്കില്‍ അഹങ്കാരവും വെറുപ്പും ഒഴിവാക്കണം'', രാഹുല്‍ പറഞ്ഞു.
''കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് താന്‍ മണിപ്പൂരിലേക്ക് പോയിരുന്നു. നമ്മുടെ പ്രധാനമന്ത്രി ഇതുവരെ മണിപ്പൂരില്‍ പോയിട്ടില്ല. അദ്ദേഹത്തെ സംബന്ധിച്ച് മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമല്ല. മണിപ്പൂരിനെ നിങ്ങള്‍ രണ്ടായി വെട്ടിമുറിച്ചു, മണിപ്പൂരിനെ തകര്‍ത്തു. മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഞാന്‍ പോയി. സ്ത്രീകളോടും കുട്ടികളോടും സംസാരിച്ചു''.

''ഒരു സ്ത്രീയോട് ഞാന്‍ ചോദിച്ചു, എന്താണ് സംഭവിച്ചത്? അവര്‍ പറഞ്ഞു, ''എനിക്കൊരു മകന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്റെ കണ്‍മുന്നില്‍ വെച്ച് അവനെ വെടിവെച്ച് കൊന്നു. ഒരു രാത്രി മുഴുവന്‍ അവന്റെ ശവശരീരത്തിന് ഒപ്പമിരുന്നു. ശേഷം ഭയന്ന് വീട് വിട്ടോടി. കുറച്ച് വസ്ത്രം മാത്രമാണ് കയ്യിലുളളത്''. മറ്റൊരു ക്യാമ്പിലെ ഒരു സ്ത്രീയോടും താന്‍ ചോദിച്ചു, 'എന്താണ് നിങ്ങള്‍ക്ക് സംഭവിച്ചത്' എന്ന്. അവര്‍ക്ക് ശരീരം വിറച്ചു, ബോധം കെട്ട് വീണു''.
ഇവര്‍ മണിപ്പൂരില്‍ ഇന്ത്യയെ ആണ് കൊന്നിരിക്കുന്നത്. ഇവരുടെ രാഷ്ട്രീയം മണിപ്പൂരിനെ അല്ല, ഭാരതത്തെ ആണ് മണിപ്പൂരില്‍ കൊലപ്പെടുത്തിയിരിക്കുന്നത്, രാഹുല്‍ പറഞ്ഞു. ഇതോടെ ഭരണപക്ഷ അംഗങ്ങള്‍ ബഹളമുയര്‍ത്തി. രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യമുയര്‍ത്തിയായിരുന്നു ബഹളം. ഭാരതമാതാവിനെ മണിപ്പൂരില്‍ നിങ്ങള്‍ കൊന്നുവെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. നിങ്ങള്‍ ദേശസ്‌നേഹികളല്ല, രാജ്യദ്രോഹികളാണ് എന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
''നിങ്ങള്‍ ഭാരതമാതാവിന്റെ സംരക്ഷകരല്ല, നിങ്ങള്‍ ഭാരതമാതാവിന്റെ കൊലപാതകികളാണ്'', രാഹുല്‍ തുറന്നടിച്ചു. ''അക്രമം നിങ്ങള്‍ അവസാനിപ്പിക്കാതിരിക്കുന്നിടത്തോളം കാലം ഭാരതത്തെ കൊന്ന് കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സേനയ്ക്ക് ഒരു ദിവസം കൊണ്ട് മണിപ്പൂരില്‍ സമാധാനം കൊണ്ടുവരാനാകും. എന്നാല്‍ സേനയെ ഉപയോഗിക്കുന്നില്ല. കാരണം നിങ്ങള്‍ക്ക് ഭാരതമാതാവിനെ മണിപ്പൂരില്‍ കൊലപ്പെടുത്തണം''.
''ഇന്ത്യയുടെ ശബ്ദം കേള്‍ക്കുന്നില്ലെങ്കില്‍ പ്രധാനമന്ത്രി പിന്നെ ആരുടെ ശബ്ദമാണ് കേള്‍ക്കുക? രാവണന്‍ രണ്ട് പേര്‍ പറയുന്നത് മാത്രമാണ് കേട്ടിരുന്നത്. മേഘനാഥനും കുംഭകര്‍ണനും പറയുന്നത്. അതുപോലെ മോദി കേള്‍ക്കുന്നത് അമിത് ഷായും അദാനിയും പറയുന്നത് മാത്രമാണ്. ലങ്ക കത്തിച്ചത് ഹനുമാനല്ല, രാവണന്റെ അഹങ്കാരമാണ്. രാവണനെ കൊന്നത് രാമനല്ല, രാവണന്റെ അഹങ്കാരമാണ്. മണിപ്പൂരില്‍ നിങ്ങള്‍ എണ്ണയൊഴിച്ച് കത്തിച്ചു. ഇപ്പോള്‍ ഹരിയാനയിലും. രാജ്യം മുഴുവന്‍ ചുട്ടെരിക്കുകയാണ് നിങ്ങള്‍ക്ക് വേണ്ടത്'', രാഹുല്‍ ഗാന്ധി പറഞ്ഞു.












Click it and Unblock the Notifications