കര തൊടാനൊരുങ്ങി ബിപോര്‍ജോയ് ചുഴലിക്കാറ്റ്, ഗുജറാത്തിലെ കച്ചിൽ ഭൂകമ്പം, അതീവ ജാഗ്രത
ദില്ലി: ബിപോര്‍ജോയ് ചുഴലിക്കാറ്റ് കരതൊടുന്നതിന് മുന്‍പ് ഗുജറാത്തില്‍ ഭൂകമ്പം. കച്ച് ജില്ലയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഗാന്ധിനഗര്‍ ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ബിപോര്‍ജോയ് ചുഴലിക്കാറ്റ് നാളെയോടെ ഗുജറാത്ത് തീരം തൊടുമെന്നാണ് കരുതുന്നത്. സൗരാഷ്ട്ര, ദ്വാരക, കച്ച് തീരമേഖലയില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ബിപോര്‍ജോയ് ചുഴലിക്കാറ്റ് കനത്ത മഴയ്ക്കും ഒപ്പം വലിയ നാശനഷ്ടങ്ങള്‍ക്കും ഇടയാക്കും എന്നാണ് മുന്നറിയിപ്പ്. ഗുജറാത്തിലെ വിവിധ ജില്ലകളില്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബിപോര്‍ജോയ് ചുഴലിക്കാറ്റ് മുംബൈ തീരത്ത് നിന്ന് നീങ്ങിക്കഴിഞ്ഞു. വ്യാഴാഴ്ച മാണ്ഡ്വിക്കും കറാച്ചിക്കും ഇടയില്‍ ബിപോര്‍ജോയ് കര തൊട്ടേക്കും. കച്ചിലും സൗരാഷ്ട്രയിലും വരുന്ന 24 മണിക്കൂറില്‍ കനത്ത മഴയുണ്ടാകും, മുംബൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തലവന്‍ സുനില്‍ കാംബ്ലി പറഞ്ഞു.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന ഒഡിഷ സന്ദര്‍ശനം മാറ്റി വെച്ചു. നാളെ ഖമ്മത്ത് ബിജെപിയുടെ പൊതുയോഗത്തില്‍ അമിത് ഷാ പങ്കെടുക്കേണ്ടതായിരുന്നു. മഹാരാഷ്ട്രയിലും ഗുജറാത്തിലും രാജസ്ഥാനിലുമടക്കം ചുഴലിക്കാറ്റിന്റെ പ്രഭാവമുണ്ടായേക്കുമെന്ന സാഹചര്യത്തില്‍ പരിപാടി മാറ്റി വെച്ചതായി തെലങ്കാന ബിജെപി അധ്യക്ഷന്‍ ബണ്ടി സഞ്ജയ് അറിയിച്ചു.
ഗുജറാത്തിന്റെ തീരപ്രദേശങ്ങളില്‍ നിന്നും അന്‍പതിനായിരത്തിലധികം ആളുകളെ ഇതിനകം താല്‍ക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. അതിനിടെ പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ് മൂന്ന് സേനകളുടേയും തലവന്മാരുമായി സംസാരിക്കുകയും ചുഴലിക്കാറ്റിനെ നേരിടാനുളള തയ്യാറെടുപ്പുകള്‍ വിലയിരുത്തുകയും ചെയ്തു. ബിപോര്‍ജോയ് ചുഴലിക്കാറ്റ് സൃഷ്ടിക്കുന്ന ദുരന്തങ്ങളെ നേരിടാന്‍ അധികൃതര്‍ക്ക് ഏത് തരം സഹായവും നല്‍കാന്‍ സേനകള്‍ തയ്യാറാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.












Click it and Unblock the Notifications