ഇഡി ഓഫീസര്‍ സ്വമേധയാ വിരമിച്ചു; ഉത്തര്‍ പ്രദേശില്‍ ബിജെപി സ്ഥാനാര്‍ഥിയാകും
ന്യൂഡല്‍ഹി: കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) ജോയന്റ് ഡയറക്ടര്‍ രാജേശ്വര്‍ സിങ് സര്‍വീസില്‍ നിന്ന് സ്വമേധയാ വിരമിച്ചു. ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ വേണ്ടിയാണ് വിരമിക്കല്‍. വിആര്‍എസിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഉത്തര്‍ പ്രദേശിലെ ലഖ്‌നൗനില്‍ ഇഡി ജോയന്റ് ഡയറക്ടറായി സേവനം അനുഷ്ടിച്ചിരുന്നു. വിആര്‍എസിനുള്ള തന്റെ അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. 24 വര്‍ഷത്തെ സര്‍വീസ് ജീവിതം അവസാനിക്കുകയാണ്. ഇന്ന് മുതല്‍ പുതിയ യാത്ര ആരംഭിക്കുന്നു എന്നാണ് രാജേശ്വര്‍ സിങ് ട്വിറ്ററില്‍ കുറിച്ചത്.
ഉത്തര്‍ പ്രദേശ് പോലീസില്‍ ഓഫീസറായിട്ടാണ് രാജേശ്വര്‍ സിങ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. 10 വര്‍ഷം യുപി പോലീസില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ശേഷം ഇഡിയിലേക്ക് മാറി. കള്ളപ്പണം, വിദേശ വിനിമയ ഇടപാടുകള്‍ എന്നിവ അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സിയാണ് ഇഡി. ഈ അവസരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഇഡി ഡയറക്ടര്‍, യുപി പോലീസ് എന്നിവര്‍ക്കെല്ലാം നന്ദി രേഖപ്പെടുത്തുന്നുവെന്ന് രാജേശ്വര്‍ സിങ് പറഞ്ഞു. പ്രധാനമന്ത്രിയുടെ പുതിയ ഇന്ത്യാ നിര്‍മാണ ദൗത്യത്തില്‍ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് രാജേശ്വര്‍ സിങ് വിആര്‍എസിന് അപേക്ഷ സമര്‍പ്പിച്ചത്. ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാണ് ഇദ്ദേഹം വിആര്‍എസ് എടുക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സഹാറന്‍പൂരില്‍ മല്‍സരിച്ചേക്കും. 2007ല്‍ ഡെപ്യൂട്ടേഷനിലാണ് രാജേശ്വര്‍ സിങ് ആദ്യം ഇഡിയിലെത്തിയത്. 2014 മുതല്‍ സ്ഥിരം നിയമനമായി. 2ജി സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, കോണ്‍ഗ്രസ് നേതാവ് പി ചിദംബരം, മകന്‍ കാര്‍ത്തി ചിദംബരം എന്നിവര്‍ക്കെതിരായ കള്ളപ്പണ കേസ്, ആന്ധ്ര മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡി, ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധുകോഡ എന്നിവര്‍ക്കെതിരായ കേസ്, എയര്‍സെല്‍ മാക്‌സിസ് കേസ്, വിവിഐപി ഹെലികോപ്റ്റര്‍ കേസ് എന്നിവയുടെ അന്വേഷണത്തില്‍ പ്രധാന ഓഫീസറായിരുന്നു രാജേശ്വര്‍ റാവു. രണ്ടാം യുപിഎ സര്‍ക്കാരിനെ വെട്ടിലാക്കിയ കേസായിരുന്നു 2ജി സ്‌പെക്ട്രവും കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയും.
വളരെ സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നെങ്കിലും ജോലി ഭംഗിയായി ചെയ്തുവെന്ന് രാജേശ്വര്‍ സിങ് പറയുന്നു. ഒട്ടേറെ വിവാദങ്ങളിലും രാജേശ്വര്‍ സിങ് ഉള്‍പ്പെട്ടിരുന്നു. ഇന്ത്യന്‍ ചാര ഏജന്‍സിയായ റോ കേന്ദ്ര ധനമന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇദ്ദേഹത്തിനെതിരായ വിവരങ്ങളുണ്ട് എന്നായിരുന്നു വാര്‍ത്തകള്‍. രാജേശ്വര്‍ സിങിനെതിരെ അന്വേഷണം നടക്കുന്നതായി ഇഡി ഡയറക്ടര്‍ കര്‍ണാല്‍ സിങ് അറിയിക്കുകയും ചെയ്തിരുന്നു. രാജേശ്വര്‍ സിങിനെതിരെ ഇഡി, സിബിഐ, സിവിസി എന്നീ ഏജന്‍സികള്‍ അന്വേഷണം നടത്തിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ടില്‍ ഗൗരവതരമായ കാര്യങ്ങളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതോടെ തുടരന്വേഷണം നിലച്ചു. രാജേശ്വര്‍ സിങിന്റെ ഭാര്യ ലക്ഷ്മി സിങ് നിലവില്‍ ലഖ്‌നൗവില്‍ പോലീസ് ഐജിയാണ്.












Click it and Unblock the Notifications