ഇഡി കുരുക്ക് മറുക്കി; സോണിയയെ ചോദ്യം ചെയ്ത പിന്നാലെ റെയ്ഡ്, നാഷണല്‍ ഹെറാള്‍ഡിന് പിന്നില്‍...
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട 12 ഇടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ചോദ്യം ചെയ്ത പിന്നാലെയാണിത്. പത്രവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് ഗാന്ധി കുടുംബത്തെ ചോദ്യം ചെയ്തത്. ഹെറാള്‍ഡ് ഹൗസിലെ നാലാം നിലയില്‍ ഉച്ചയ്ക്ക് ശേഷവും പരിശോധന നടക്കുകയാണ്. പത്രത്തിന്റെ പബ്ലിക്കേഷന്‍ ഓഫീസ് ഇവിടെയാണ്.
രാവിലെ പത്ത് മണിക്കാണ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയത്. ഡല്‍ഹിയില്‍ വിവിധ ഇടങ്ങളിലാണ് ഒരേ സമയം പരിശോധന നടക്കുന്നത്. മൊത്തം 12 സ്ഥലങ്ങളില്‍ റെയ്ഡ് നടക്കുന്നു എന്നാണ് വിവരം. കൂടാതെ കൊല്‍ക്കത്തയിലും റെയ്ഡ് നടക്കുന്നുണ്ട്.

കഴിഞ്ഞ മാസാവസാനം സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തിരുന്നു. മൂന്ന് ദിവസമാണ് ചോദ്യം ചെയ്തത്. ഇതിന് മുമ്പ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തു. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥര്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ് ആയിരുന്നു. നേരത്തെ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ചോദ്യം ചെയ്തിരുന്നു. രാഹുല്‍ ഗാന്ധിയെ 50 മണിക്കൂറാണ് ചോദ്യം ചെയ്തത്. ഒമ്പത് വര്‍ഷം മുമ്പുള്ള കേസില്‍ ഇപ്പോള്‍ നേതാക്കളെ ചോദ്യം ചെയ്യുന്നതില്‍ അസ്വാഭാവികതയുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
അതേസമയം, കള്ളപ്പണം വെളുപ്പിക്കല്‍ കേസ് കഴിഞ്ഞ വര്‍ഷമാണ് രജിസ്റ്റര്‍ ചെയ്തത്. ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ചോദ്യം ചെയ്യുന്നതെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നു. 2013ലാണ് ബിജെപി എംപി സുബ്രഹ്മണഅയന്‍ സ്വാമി യങ് ഇന്ത്യയുടെ ഇടപാടുകളിലെ തിരിമറി ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. യങ് ഇന്ത്യന്റെ പ്രമോട്ടര്‍മാരില്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഉള്‍പ്പെടും. സോണിയ ഗാന്ധിക്കാണ് കമ്പനിയുടെ 38 ശതമാനം ഓഹരി.
അതേസമയം, രാജ്യം നേരിടുന്ന പ്രധാന പ്രതിസന്ധികളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പണപ്പെരുപ്പം, അവശ്യ സാധനങ്ങളുടെ വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ പ്രതിപക്ഷം ഉന്നയിക്കുമ്പോള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നവരെ നിശബ്ദരാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇത്തരം നീക്കങ്ങളിലൂടെ ഞങ്ങളെ മൗനികളാക്കാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് വക്താവ് നസീര്‍ ഹുസൈന്‍ പറഞ്ഞു. കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് റെയ്ഡ്. രാഷ്ട്രീയ പ്രേരിതമായ നീക്കങ്ങളാണെല്ലാം. മോദി സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ്. എങ്കിലും ഞങ്ങനെ മൗനികളാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ലെന്ന് ജയറാം രമേശ് വ്യക്തമാക്കി.












Click it and Unblock the Notifications