'എന്നേയും ആം ആദ്മിയേയും ഇല്ലാതാക്കുകയാണ് ഇഡിയുടെ ലക്ഷ്യം'; കോടതിയിൽ ഇഡിക്കെതിരെ കെജ്രിവാൾ
ഡൽഹി: കോടതിയിൽ ഇഡിക്കെതിരെ ആഞ്ഞടിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. തനിക്കെതിരായ കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ആം ആദ്മിയെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും കെജ്രിവാൾ പറഞ്ഞു. കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തില്‍ ദില്ലി റൗസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇഡിയ്ക്കെതിരെ കെജ്രിവാളിന്റെ പരാമർശനം.
കോടതിയിൽ തനിക്ക് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് കെജ്രിവാൾ അറിയിക്കുകയായിരുന്നു. ഇതോടെ എഴുതി നൽകാൻ കോടതി ആവശ്യപ്പെട്ടു. എന്നാൽ തനിക്ക് നേരിട്ട് കുറച്ച് കാര്യങ്ങൾ പറയാനുണ്ടെന്ന് കെജ്രിവാൾ കോടതിയെ അറിയിക്കുകയായിരുന്നു. 'എന്നെ അറസ്റ്റ് ചെയ്തു. എന്നാൽ ഒരു കോടതിയും ഞാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ല. സി ബി ഐ ഇതുവരെ 31,000 പേജുള്ള ചാർജ് ഷീറ്റ് ഫയൽ ചെയ്തു. ഇഡി 25,000 പേജുള്ള ചാർജ് ഷീറ്റും. ഇത് രണ്ടും വായിച്ചാലും ഒരു ചോദ്യം ബാക്കിയാണ്. എന്നെ എന്തിന് അറസ്റ്റ് ചെയ്തുവെന്നത്', കെജ്രിവാൾ പറഞ്ഞു.

ചാർജ് ഷീറ്റുകളിൽ നാല് തവണയാണ് അരവിന്ദ് എന്ന് പരാമർശിക്കുന്നത്. അതിൽ മൂന്ന് എണ്ണം അരവിന്ദ് കെജ്രിവാളും ഒന്ന് സി അരവിന്ദുമാണ്. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ സിസോദിയ ജി എനിക്ക് ചില രേഖകൾ നൽകിയിട്ടുണ്ടെന്നാണ് പറയുന്നത്. പക്ഷേ എം എൽ എമാർ ദിവസവും എൻറെ വീട്ടിൽ വന്നിരുന്നു. ഫയലുകൾ നൽകാനും സർക്കാർ വിഷയങ്ങൾ ചർച്ച ചെയ്യാനുമായിരുന്നു അത്. ആ ഒരൊറ്റ കാരണം കൊണ്ട് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാൻ സാധിക്കുമോ?', കെജ്രിവാൾ ചോദിച്ചു.
ഇഡിയുടെ ഒരേയൊരു ലക്ഷ്യം എന്നെ ട്രാപ്പ് ചെയ്യുക എന്നത് മാത്രമാണ്. ഒരു സാക്ഷി മൂന്ന് മൊഴികൾ നൽകിയിട്ടുണ്ട്. അതിൽ തന്നെ കുറ്റപ്പെടുത്തിയത് മാത്രമാണ് കോടതി കണ്ടത്, എന്തുകൊണ്ടാണത്? ഇത് ശരിയല്ല. 100 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെങ്കിൽ ആ പണം എവിടെ പോയി?', കെജ്രിവാൾ ചോദിച്ചു.
ബിജെപിക്ക് 50 കോടി രൂപ സംഭാവന നൽകിയെന്ന് അവകാശപ്പെട്ട മൂന്നാം സാക്ഷി ശരത് റെഡ്ഡിയെ കുറിച്ചും കെജ്രിവാൾ പരാമർശിച്ചു. അവർ റാക്കറ്റ് നടത്തുകയാണെന്നും അതിനെ കുറിച്ച് തൻറെ കൈയ്യിൽ തെളിവുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് കൊള്ള നടത്താൻ പുകമറ സൃഷ്ടിക്കുകയാണ് ഇഡി ചെയ്യുന്നതെന്നും കെജ്രിവാൾ പറഞ്ഞു. അരവിന്ദ് കെജ്രിവാളിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ രമേഷ് ഗുപ്ത ഹാജരായി.
അതേസമയം കെജ്രിവാളിന്റെ ആരോപണങ്ങൾ ഇഡി തള്ളി. കെജ്രിവാൾ ഗാലറിയിലിരുന്ന് കളിക്കുകയാണെന്നായിരുന്നു ഇഡി കോടതിയിൽ പറഞ്ഞത്. 'മദ്യനയത്തിൽ ലഭിച്ച കോഴ ഗോവ തിരഞ്ഞെടുപ്പിനാണ് ആം ആദ്മി ഉപയോഗിച്ചത്.ഹവാല വഴി പണം വന്നതായി വ്യക്തമാക്കുന്ന മൊഴികളും രേഖകളും ഞങ്ങളുടെ പക്കലുണ്ട്. കെജ്രിവാൾ 100 കോടി ആവശ്യപ്പെട്ടതിനുള്ള രേഖകളും ഞങ്ങളുടെ കൈയ്യിലുണ്ട്', ഇഡി കോടതിയിൽ പറഞ്ഞു. അതേസമയം ഇരുവാദങ്ങളും കേട്ട കോടതി കെജ്രിവാളിന്‌റെ കസ്റ്റഡി കാലാവധി നാല് ദിവസത്തേക്ക് കൂടി നീട്ടി.












Click it and Unblock the Notifications