ആപ്പ് മത്സരിക്കാനില്ല; കെജ്രിവാള്‍ മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ഇന്ത്യാ ബ്ലോക്കിനായി പ്രചാരണത്തിനെത്തും
ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ഇന്ത്യാ ബ്ലോക്ക് സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണം നടത്തിയേക്കും. ഇരു സംസ്ഥാനങ്ങളിലും ആം ആദ്മി പാര്‍ട്ടി മത്സരിച്ചേക്കില്ല എന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് അരവിന്ദ് കെജ്രിവാള്‍ മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും പ്രചരണത്തിന് എത്തുന്നത്.
'മഹാരാഷ്ട്രയില്‍ പ്രചാരണം നടത്താന്‍ അരവിന്ദ് കെജ്രിവാള്‍ വരണം എന്നാവശ്യപ്പെട്ട് ശിവസേന (യുബിടി) യും എന്‍സിപി (എസ്പി)യും ആം ആദ്മി പാര്‍ട്ടിയെ സമീപിച്ചിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടിക്ക് വളണ്ടിയര്‍ അടിത്തറയുള്ളതും എംവിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വിവാദ പശ്ചാത്തലമില്ലാത്തതുമായ നിയമസഭാ സീറ്റുകളില്‍ കെജ്രിവാള്‍ പ്രചാരണത്തിന് എത്താന്‍ സാധ്യതയുണ്ട്,' വൃത്തങ്ങള്‍ പറഞ്ഞു.

കെജ്രിവാളിന് പുറമേ മറ്റ് മുതിര്‍ന്ന എഎപി നേതാക്കളും എംവിഎ സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണം നടത്തും എന്നാണ് റിപ്പോര്‍ട്ട്. ജാര്‍ഖണ്ഡില്‍ ജെഎംഎം സ്ഥാനാര്‍ത്ഥികള്‍ക്കായി കെജ്രിവാള്‍ പ്രചാരണത്തിനെത്തിയേക്കും എന്നും വൃത്തങ്ങള്‍ അറിയിച്ചു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് നവംബര്‍ 20 ന് ഒറ്റ ഘട്ടമായിട്ടാണ് നടക്കുന്നത്. 288 അംഗ നിയമസഭയാണ് സംസ്ഥാനത്തേത്.
81 അംഗ നിയമസഭയിലേക്ക് ജാര്‍ഖണ്ഡില്‍ നവംബര്‍ 13, 20 തിയതികളിലായി രണ്ട് ഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടക്കുക. ഇരു സംസ്ഥാനങ്ങളിലേയും ഫലം നവംബര്‍ 23 ന് അറിയാം. ബിജെപി, എന്‍സിപി, ശിവസേന എന്നിവരടങ്ങുന്ന മഹായുതി സഖ്യവും കോണ്‍ഗ്രസ്, ശിവസേന (യുബിടി), എന്‍സിപി (ശരദ് പവാര്‍) എന്നിവ ഉള്‍പ്പെടുന്ന മഹാ വികാസ് അഘാഡി സഖ്യവും തമ്മിലാണ് മഹാരാഷ്ട്രയിലെ മത്സരം.
ജാര്‍ഖണ്ഡില്‍ ജെഎംഎം, കോണ്‍ഗ്രസ്, ആര്‍ജെഡി എന്നീ പാര്‍ട്ടികള്‍ സഖ്യത്തിലാണ്. ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന്‍ (എജെഎസ്യു), ജെഡിയു, എല്‍ജെപി എന്നിവരുമായി സഖ്യത്തിലാണ് ബിജെപി. ദേശീയ തലത്തില്‍ ഇന്ത്യാ മുന്നണിയുടെ ഭാഗമാണെങ്കിലും സിപിഎം, സിപിഐ കക്ഷികള്‍ ജാര്‍ഖണ്ഡില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ഡല്‍ഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട് ഈ വര്‍ഷം മാര്‍ച്ചില്‍ ഇഡി അറസ്റ്റ് ചെയ്ത കെജ്രിവാള്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചതിന് ശേഷം കഴിഞ്ഞ മാസമാണ് തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ജയില്‍ മോചിതനായതിന് പിന്നാലെ കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. അതിഷി മര്‍ലേനയെ ആണ് കെജ്രിവാള്‍ തന്റെ പിന്‍ഗാമിയായി തിരഞ്ഞൈടുത്തത്.












Click it and Unblock the Notifications