ജമ്മു കശ്മീരിലെ രജൗരിയിൽ ഭീകരരുമായി ഏറ്റുമുട്ടല്‍: രണ്ട് സൈനികർക്ക് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരിയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യൂ. വെള്ളിയാഴ്ച രാവിലെയുണ്ടായ ആക്രമണത്തില്‍ ഒരു ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കണ്ടി ഉള്‍ഗ്രാമത്തിലെ കേസരി മേഖലയില്‍ വെച്ചാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. കൊട്രങ്ക സബ് ഡിവിഷനിലെ കാണ്ടി പ്രദേശത്ത് സുരക്ഷാ സേനയുടെ സംയുക്ത ഓപ്പറേഷനിടെ ഒരു സംഘം ഭീകരരെ വളയുകയായിരുന്നു. രാവിലെ 8 മണിയോടെ ഏറ്റുമുട്ടൽ ഏറെ നേരം നീണ്ട് നിന്നതായും ആർമി പിആർഒ ലഫ്റ്റനന്റ് കേണൽ ദേവേന്ദർ ആനന്ദ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
രജൗരി സെക്ടറിലെ കണ്ടി വനത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിൽ, മെയ് 3 നാണ് സംയുക്ത ഓപ്പറേഷൻ ആരംഭിച്ചത്. വെള്ളിയാഴ്ച രാവിലെ 7.30 ഓടെ, ഒരു കൂട്ടം ഭീകരരെ സംഘം കണ്ടെത്തി. ഒരു ഗുഹ പോലുള്ള പ്രദേശത്തായിരുന്നു ഇവർ ഒളിച്ചിരുന്നത്. ചെങ്കുത്തായ പാറക്കെട്ടുകളും വലിയ കല്ലുകളും കൊണ്ട് ഇടതൂർന്ന, സസ്യജാലങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്ന പ്രദേശത്ത് ഓപ്പറേഷന്‍ കൂടുതല്‍ ദുഷ്കരമായിരുന്നു.

സേനയുടെ സംയുക്ത സംഘങ്ങൾ സംഭവസ്ഥലത്തേക്ക് നീങ്ങുമ്പോള്‍, ഒളിച്ചിരുന്ന ഭീകരർ അവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സേന ഉടന്‍ തന്നെ തിരിച്ചടിക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉധംപൂരിലെ കമാൻഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് ഭീകരർക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
ഈ പ്രദേശത്ത് തീവ്രവാദ സംഘടനകള്‍ക്ക് നേരത്തേയും ശക്തമായ സാന്നിധ്യമുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ബുദാൽ മേഖലയിലെ പാർഗലിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടതിന് ഏതാനും ദിവസങ്ങൾക്ക് ശേഷം പോലീസും സുരക്ഷാ സേനയും കേസരി ടോപ്പ് ഏരിയയില്‍ രണ്ട് ഭീകരെ കണ്ടെത്തി തിരിച്ചടിച്ചിരുന്നു. എന്നാൽ, നിബിഡവനങ്ങളുടെ ആനുകൂല്യം മുതലെടുത്ത് ഭീകരർ രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം ബാരാമുള്ള ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരില്‍ നിന്നും എകെ 47 റൈഫിളും ഒരു പിസ്റ്റളും ഉള്‍പ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. വടക്കന്‍ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ വാനിഗം പയീന്‍ ക്രീരി മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിക്കുകയായിരുന്നു.












Click it and Unblock the Notifications