ശമ്പളം വാങ്ങുന്നവര്‍ക്ക് കൂടുതല്‍ പണമെത്തും; ഇപിഎഫ്ഒയുടെ വന്‍ പ്രഖ്യാപനത്തിന് സാധ്യത, നടപടി ലളിതം
ശമ്പളം വാങ്ങുന്ന ജീവനക്കാരുടെ വിരമിക്കല്‍ ഫണ്ട് കൈകാര്യം ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണ് എപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ). ഓരോ മാസവും നിശ്ചിത തുക ജീവനക്കാരും തൊഴില്‍ ഉടമയും ഇപിഎഫില്‍ നിക്ഷേപിക്കും. ഈ തുക വിരമിക്കുന്ന വേളയില്‍ ഒരുമിച്ച് നല്‍കും. ഒപ്പം പെന്‍ഷനും. വിരമിക്കുന്ന വേളയില്‍ ജീവനക്കാരന് വലിയ മുതല്‍കൂട്ടാണ് ഈ തുക.
എന്നാല്‍ സര്‍വീസ് കാലയളവില്‍ അടിയന്തരമായ ആവശ്യങ്ങള്‍ വന്നാല്‍ പിഎഫില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കും. വിദ്യാഭ്യാസം, വിവാഹം, വസ്തു വാങ്ങല്‍, വീട് വയ്ക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് മുന്‍കൂറായി പണം നല്‍കുക. പിഎഫ് അക്കൗണ്ടിലുള്ള പണത്തിന്റെ നിശ്ചിത ശതമാനമാണ് നല്‍കുക. എന്നാല്‍ ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ ചില ഇളവുകള്‍ വരുത്തുമെന്നാണ് പുതിയ വാര്‍ത്ത...

പിന്‍വലിക്കുന്ന തുകയുടെ പരിധിയിലും നടപടിക്രമങ്ങളിലും ഇളവ് വരുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു എന്നാണ് മണി കണ്‍ട്രോള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്. പിഎഫ് തുകയില്‍ ജീവനക്കാരന് കൂടുതല്‍ അധികാരം നല്‍കുകയാണ് ചെയ്യുക. രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാര്‍ത്ത. ഒരു വര്‍ഷത്തിനകം പുതിയ മാറ്റം നടപ്പാകുമത്രെ.
ഇപിഎഫ്ഒ അംഗങ്ങളെ നിയന്ത്രിക്കുന്നതിന് തങ്ങള്‍ താല്‍പ്പര്യപ്പെടുന്നില്ല. ഇത് ജീവനക്കാരുടെ പണമാണ്. അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട് എന്നാണ് ഒരു ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്. പിന്‍വലിക്കല്‍ തുകയില്‍ ഇളവ് നല്‍കുകയാണെങ്കില്‍ ജീവനക്കാരന് കൂടുതല്‍ പണം കൈയ്യില്‍ എത്താന്‍ അവസരമൊരുങ്ങും.
പിഎഫ് പിന്‍വലിക്കല്‍ പരിധി
58 വയസില്‍ വിരമിക്കുന്ന വേളയില്‍ ആണ് പിഎഫ് അക്കൗണ്ടിലെ തുക പൂര്‍ണമായും പിന്‍വലിക്കാന്‍ ജീവനക്കാരന് സാധിക്കുക എന്നതാണ് നിലവിലെ ചട്ടം. ഓരോ മാസവും ജീവനക്കാരനില്‍ നിന്നും തൊഴില്‍ ഉടമയില്‍ നിന്നും ഈടാക്കുന്ന തുകയുടെ ഒരു ഭാഗം പെന്‍ഷന്‍ ഫണ്ടിലേക്ക് കൂടി നീക്കി വയ്ക്കാറുണ്ട്. ഇടക്കാലത്ത് തൊഴില്‍ നഷ്ടമായി രണ്ട് മാസം കഴിഞ്ഞാലും സമ്പൂര്‍ണ പിന്‍വലിക്കലിന് ജീവനക്കാരന് അധികാരമുണ്ട്.
അംഗത്തിന്റെയോ സഹോദരങ്ങളുടെയോ മക്കളുടെയോ വിവാഹ ആവശ്യത്തിനും പിഎഫില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കും. 50 ശതമാനം വരെയാണ് പിന്‍വലിക്കാന്‍ സാധിക്കുക. വീട് നിര്‍മാണത്തിന് 90 ശതമാനം പിന്‍വലിക്കാം. വീട് വയ്ക്കുന്ന ഭൂമി ജീവനക്കാരന്റെ പേരിലോ ജീവനക്കാരന്റെയും പങ്കാളിയുടെയും പേരിലോ ആയിരിക്കണം. കുറഞ്ഞത് മൂന്ന് വര്‍ഷത്തെ സര്‍വീസ് ഉണ്ടായിരിക്കണം എന്ന നിബന്ധനയുമുണ്ട്.
മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിന് 50 ശതമാനം തുക പിന്‍വലിക്കാം. പത്താം ക്ലാസ് കഴിഞ്ഞ ശേഷമുള്ള പഠനത്തിന് വേണ്ടിയാണ് പിന്‍വലിക്കാന്‍ സാധിക്കുക. ഇതിന് ഏഴ് വര്‍ഷം സര്‍വീസ് കാലാവധി ആവശ്യമാണ്. ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും പണം പിന്‍വലിക്കാന്‍ അംഗങ്ങള്‍ക്ക് അവസരം നല്‍കുന്ന തീരുമാനം വന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ വ്യാജ ആവശ്യങ്ങള്‍ ഉന്നയിച്ച് പണം പിന്‍വലിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കാന്‍ ഇപിഎഫ്ഒയ്ക്ക് സാധിക്കും.












Click it and Unblock the Notifications