'സ്വപ്നത്തിൽ പോലും'..സർക്കാർ പദ്ധതിയിൽ ലഭിച്ച വീടിന്റെ താക്കോൽ കൈപ്പറ്റി പൊട്ടിക്കരഞ്ഞ് എംഎൽഎ
പാട്ന: സർക്കാർ പദ്ധതിയിൽ ലഭിച്ച വീടിന്റെ താക്കോൽ വാങ്ങിയപ്പോൾ വികാരാധീനനായി ബിഹാർ എംഎൽഎ. ആർജെഡി എംഎൽഎയായ രംവൃക്ഷ് സദയാണ് ചടങ്ങിൽ പൊട്ടിക്കരഞ്ഞത്. സാമ്പത്തികമായി ഏറ്റവും പിന്നാക്കം നില്‍ക്കുന്ന എംഎൽഎമാർക്കുള്ള ബിഹാര്‍ സര്‍ക്കാരിന്റെ സൗജന്യ ഭവന പദ്ധതിയിലാണ് സദയ്ക്ക് വീട് ലഭിച്ചത്. സംസ്ഥാനത്തെ എംഎല്‍എമാരില്‍ സാമ്പത്തികമായി ഏറ്റവും പിന്നാക്കം നില്‍ക്കുന്നത് സദയാണ്.ഇത് പോലൊരു വീട് തനിക്ക് ഉണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ലെന്ന് കണ്ണ് നിറഞ്ഞ് സദ പറഞ്ഞു.

'ബിഹാറിലെ സാമ്പത്തികമായി ഏറ്റവും പിന്നാക്കം നിൽക്കുന്ന എംഎൽഎയാണ് ഞാൻ. ഞങ്ങൾ പാവങ്ങൾക്ക് എന്തെങ്കിലും ലഭിക്കുമ്പോൾ അന്ന് ഞങ്ങൾക്ക് ദിവാലിയാണ്. മന്ത്രിയെനിക്ക് താക്കോൽ തന്നപ്പോൾ, എൻറെ പുതിയ വീട് ഞാൻ കണ്ടപ്പോൾ, ഇത് പോലൊരു വീട് തനിക്ക് ഉണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ പ്രതീക്ഷിച്ചിട്ടില്ല, അതാണ് താൻ ഇത്ര വൈകാരികമായിപ്പോയത്', എംഎൽഎ പറഞ്ഞു. ലാലു പ്രസാദ് യാദവ് ആണ് തന്നെ നേതാവും എംഎൽഎയും ആക്കിയതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് 8 എംഎൽഎമാർക്കാണ് വീട് ലഭിച്ചത്.മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുത്ത ചടങ്ങിലായിരുന്നു താക്കോൽ ദാനം. ഖഗാരിയയിലെ തന്റെ ഗ്രാമമായ റൗണിലെ രണ്ട് മുറികളുള്ള വീട്ടിലാണ് അലൗലിയിൽ നിന്നുള്ള എംഎൽഎയായ സദ ഇപ്പോഴും കഴിയുന്നത്. 2004-ൽ ഇന്ദിര ആവാസ് യോജനയ്ക്ക് കീഴിൽ നിർമ്മിച്ചതാണ് വീട്. ഇവിടെ ആറ് മക്കളോടൊപ്പം 12 പേരടങ്ങുന്ന കൂട്ടുകുടുംബത്തിലായിരുന്നു സദ കഴിഞ്ഞത്. പട്‌നയിലെ ബിര്‍ ചന്ദ് പട്ടേല്‍ പാത്തില്‍ മൂന്ന് നിലകളോട് കൂടിയതാണ് പുതിയ വീട്.
1995-ല്‍ രാഷ്ട്രീയത്തില്‍ ചേരാന്‍ തീരുമാനിക്കുമ്പോള്‍ ഒരു ഇഷ്ടിക ചൂളയിലാണ് താൻ ജോലി ചെയ്തിരുന്നതെന്ന് സദ പറയുന്നു. ഒരു തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെയാണ് താൻ ലാലു പ്രസാദ് യാദവിനെ പരിചയപ്പെടുന്നത്. 2000 ത്തിലും 2005 ലും താൻ പശുപതി കുമാര്‍ പരസിനെതിരെ മത്സരിച്ചിരുന്നു. എന്നാൽ പരാജയപ്പെട്ടു. ഒടുവിൽ 2020 ലാണ് തനിക്ക് വിജയിക്കാൻ സാധിച്ചതെന്നും സദ പറയുന്നു.
2020 ലെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 70,000 രൂപ മൂല്യമുള്ള സ്വത്താണ് തനിക്ക് ഉള്ളതെന്നാണ് സദ വ്യക്തമാക്കിയിരിക്കുന്നത്. ഇതിൽ 25,000 രൂപ പണമായിട്ടാണ് ഉള്ളത്. അതിൽ 5,000 രൂപ അദ്ദേഹത്തിന്റെ ഭാര്യയുടേതായിരുന്നു. 10,000 രൂപ വില വരുന്ന കൃഷി ഭൂമിയും സദയ്ക്ക് ഉണ്ട്.












Click it and Unblock the Notifications