Exit Poll 2024: ഹരിയാന കോൺഗ്രസ് 'കൈ'പിടിയിലൊതുക്കും; 64 സീറ്റുകൾ വരെ; ബിജെപക്ക് തിരിച്ചടിയെന്ന് സർവ്വെ
ഹരിയാനയിൽ ഹാട്രിക് അടിക്കാമെന്ന ബിജെപി മോഹം തകർന്നടിയുമെന്ന് പ്രവചിച്ച് ധ്രുവ് റിസർച്ച് എക്സിറ്റ് പോൾ ഫലം. കഴിഞ്ഞ തവണത്തെക്കാൾ സീറ്റ് നേടുമെന്ന് അവകാശപ്പെട്ടിറങ്ങിയ ബിജെപിക്ക് 22 -32 സീറ്റിനുള്ളിൽ ഒതുങ്ങുമെന്നാണ് സർവ്വെയിലെ കണ്ടെത്തൽ. അതേസമയം കോൺഗ്രസ് സംസ്ഥാനത്ത് അട്ടിമറി വിജയം നേടും. 50 മുതൽ 64 സീറ്റുകൾ വരെയാണ് പ്രവചനം.
കഴിഞ്ഞ 10 വർഷമായി ബിജെപിയാണ് സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്നത്. 2014 ൽ ആദ്യം അധികാരത്തിലേറുമ്പോൾ 47 സീറ്റായിരുന്നു ബിജെപിക്ക് ലഭിച്ചത്. കോൺഗ്രസ് തകർന്നടിയുന്നതായിരുന്നു കാഴ്ച. 90 അംഗ നിയമസഭയിൽ വെറും 15 സീറ്റുകൾ മാത്രമായിരുന്നു കോൺഗ്രസിന് നേടാൻ സാധിച്ചത്. എന്നാൽ 2019ൽ ബിജെപിക്ക് കാലിടറി. വെറും 40 സീറ്റിലേക്ക് ബിജെപി ഒതുങ്ങി. കോൺഗ്രസ് നില മെച്ചപ്പെടുത്തി. 15 ൽ നിന്നും 31 ലേക്ക് സീറ്റുയർത്താൻ പാർട്ടിക്ക് സാധിച്ചു. അതേസമയം ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം നേടാൻ സാധിക്കാതിരുന്നതോടെ 10 സീറ്റുകൾ നേടിയ ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയുടെ നിലപാട് നിർണായകമായി.

തുടക്കത്തിൽ ജെജെപിയെ ചാക്കിലാക്കാൻ ശക്തമായ ശ്രമങ്ങൾ കോൺഗ്രസ് നടത്തിയിരുന്നുവെങ്കിലും അകാലിദൾ നേതാവ് പ്രകാശ് സിംഗ് ബാദലിനെ മുന്നിൽ നിർത്തി ബി ജെ പി നടത്തിയ നീക്കത്തിൽ ജെ ജെ പി എൻ ഡി എയിൽ എത്തി. ചൗട്ടാലയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ഉൾപ്പെടെ നൽകിയായിരുന്നു ബി ജെ പി അധികാരം ഉറപ്പിച്ചത്.
എന്നാൽ ബി ജെ പി-ജെ ജെ പി സഖ്യസർക്കാർ കാലാവധി പൂർത്തിയാക്കിയില്ല. ഇരുപാർട്ടികളും തമ്മിൽ തർക്കം ഉടലെടുക്കുകയും ജെ ജെ പി ബി ജെ പിയുമായി സഖ്യം അവസാനിപ്പിക്കുകയും ചെയ്തു. ഇതോടെ ഇരു പാർട്ടികളും ഇക്കുറി സഖ്യത്തിലായിരുന്നില്ല മത്സരിച്ചത്. എഎസ്പിയുമായിട്ടായിരുന്നു ജെജെപി കൈകോർത്തത്. ബി ജെ പി ലോക്ഹിത് പാർട്ടിയുമായി സഖ്യത്തിലാണ് മത്സരം. കോൺഗ്രസ് സീപിഎമ്മുമായി സഖ്യത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.കോൺഗ്രസ് 89 സീറ്റിൽ മത്സരിച്ചപ്പോൾ സിപിഎമ്മിന് ഒരു സീറ്റ് നൽകി.
ഭരണവിരുദ്ധ വികാരം തുണയ്ക്കുമെന്നതാണ് സംസ്ഥാനത്ത് കോൺഗ്രസ് പ്രതീക്ഷ. അഗ്നിവീർ, കർഷക വിഷയങ്ങൾ ബിജെപിക്ക് തിരിച്ചടിയാകുമെന്ന് നേതൃത്വം കരുതുന്നു. മാത്രമല്ല പാർട്ടിയിൽ തിരഞ്ഞെുപ്പിനോട് അടുത്ത വിമത നീക്കവും ശക്തമായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിലെ വോട്ട് വിഹിതം കോൺഗ്രസിന് പ്രതീക്ഷ നൽകുന്നുണ്ട്. ഇക്കുറി 10 ൽ 5 സീറ്റ് നേടാൻ കോൺഗ്രസിന് സാധിച്ചിരുന്നു. സംസ്ഥാനത്തെ 27 ശതമാനം വരുന്ന ജാട്ട് വോട്ടുകൾ കൂടി തുണച്ചാൽ 10 വർഷങ്ങൾക്കിപ്പുറം ഹരിയാന കൈപ്പിടിയിലാകുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications