മോദിക്ക് മൂന്നാമൂഴം; എൻഡിഎ അധികാരത്തിൽ എത്തുക 392 സീറ്റുകളുമായി, ജൻ കി ബാത്ത് സർവേ ഫലം ഇങ്ങനെ
ന്യൂഡൽഹി: തുടർച്ചയായ മൂന്നാം വട്ടവും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം അധികാരത്തിൽ എത്തുമെന്ന സർവേ ഫലവുമായി ജൻ കി ബാത്ത്. വമ്പൻ ഭൂരിപക്ഷത്തിൽ എൻഡിഎ അധികാരത്തിൽ വരുമെന്നാണ് സർവേയിലൂടെ അവർ പ്രവചിക്കുന്നത്. ഏകദേശം 392 സീറ്റുകൾ എന്ന വൻ സംഖ്യയുടെ അകമ്പടിയോടെയാവും ബിജെപി അധികാരത്തിലേറുക എന്ന് ഫലങ്ങൾ വ്യക്തമാക്കുന്നു.
മറുവശത്ത് ഇക്കുറി നേട്ടമുണ്ടാക്കാൻ കഴിയുമെന്ന് ഉറച്ച പ്രതീക്ഷയോടെ എത്തിയ ഇന്ത്യ മുന്നണിക്ക് ഒരു തരത്തിലുള്ള ശുഭാപ്‌തി വിശ്വാസവും നൽകാതെയാണ് സർവേ അവസാനിച്ചത് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. 150 സീറ്റുകൾ പോലും തൊടാൻ അവർക്ക് കഴിയില്ലെന്നാണ് സർവേ വ്യക്തമാക്കുന്നത്.

പ്രതിപക്ഷം ഒന്നാകെ നിന്നിട്ടും തൊടാനാവാത്ത നിലയിലേക്ക് എൻഡിഎ വളരുമെന്ന സൂചനയാണ് സർവേ നൽകുന്നത്. എങ്കിലും നാനൂറ് സീറ്റുകൾ നേടി അധികാരത്തിൽ എത്തുകയെന്ന എൻഡിഎയുടെ ആഗ്രഹത്തിന് ഇക്കുറിയും അവസാനമാകില്ലെന്നാണ് ഇതുവരെയുള്ള സർവേകൾ എല്ലാം നൽകുന്ന സൂചന. ജൻ കി ബാത്ത് ആണ് ഏറ്റവും അധികം സീറ്റുകൾ പ്രവചിച്ച സർവേകളിൽ ഒന്ന്.
ദേശീയ തലത്തിൽ മികച്ച നേട്ടമുണ്ടാക്കാമെന്ന കണക്ക് കൂട്ടലിൽ ഉണ്ടാക്കിയെടുത്ത ഇന്ത്യ മുന്നണിക്ക് സർവേ ഫലം നൽകുന്ന ആശങ്ക ചെറുതല്ല. കേവലം മൂന്ന് ദിവസങ്ങൾ മാത്രം ശേഷിക്കെ അവർക്ക് ഏത് രീതിയിൽ നോക്കിയാലും സർവേ തിരിച്ചടിയാവും നൽകുക.
മൂന്നാം തവണയും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അധികാരത്തിൽ വരാതിരിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും നടന്നില്ലെന്നതിന്റെ സൂചനയാണ് സർവേ വ്യക്തമാക്കുന്നതെന്ന ചിന്ത പ്രതിപക്ഷത്തിനുണ്ടാവും.
അതേസമയം, വമ്പൻ പ്രചരണം അഴിച്ചുവിട്ടിട്ടും നാനൂറ് എന്ന മാന്ത്രിക സഖ്യ എൻഡിഎയ്ക്ക് തൊടാൻ കഴിയുമെന്ന പ്രവചനം ഇതുവരെ ഒരു സർവേയും നടത്തിയില്ല എന്ന കാര്യം ശ്രദ്ധേയമാണ്. താഴേ തട്ട് മുതൽ മുകളിലേക്ക് എല്ലാ മേഖകളിൽ നിന്നും ഒരുപോലെ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചിട്ടും അത് ഫലം കാണാത്തതിൽ അവരും നിരാശരായേക്കും.
എങ്കിലും പ്രതീക്ഷിച്ചത് പോലെ ഭരണം നിലനിർത്താൻ കഴിഞ്ഞാൽ അത് നേട്ടം തന്നെയാവുമെന്നാണ് അവരുടെ വിലയിരുത്തൽ. ഇതിന്റെ അന്തിമ വിധിക്കായി കാത്തിരിക്കേണ്ടി വരുമെങ്കിലും നിലവിലെ സർവേ ഫലങ്ങളുടെ ചുവടുപിടിച്ച് ബിജെപി ആഘോഷങ്ങൾ തുടങ്ങിക്കാണും.












Click it and Unblock the Notifications