മതം പറഞ്ഞ് കൊന്നത് എന്തിനാണ് ? ഉത്തരം ഇതാ..: അവരെ അയച്ചവർക്ക് ആ നിർബന്ധം ഉണ്ടായിരുന്നു
ഏപ്രിൽ 22ലെ പഹൽഗാം ഭീകരാക്രമണം ഇന്ത്യയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച സംഭവമാണ്. നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം നടക്കുന്ന ഭീകരാക്രമണങ്ങളിൽ നിന്ന് പലതുകൊണ്ടും വ്യത്യസ്തമാണ് പഹൽഗാമിലെ ബൈസരൺ താഴ്വരയിൽ നടന്ന ആക്രമണം. 2016 ജനുവരിയിലെ പഥാൻകോട്ട് ആക്രമണത്തിൽ ലക്ഷ്യം സൈന്യമായിരുന്നു. അന്ന് എട്ട് സൈനികരും തിരിച്ചടിയിൽ നാല് ഭീകരരും കൊല്ലപ്പെട്ടു. 2016ൽ തന്നെയായിരുന്നു ഉറി ആക്രമണം. സെപ്തംബറിൽ നടന്ന ആക്രമണത്തിന്റെ ലക്ഷ്യവും സൈന്യം തന്നെയായിരുന്നു. അന്ന് 19 സൈനികരുടെ ജീവനാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. പിന്നീട് 2019ൽ പുൽവാമ ആക്രമണം.
40 സിആർപിഎഫുകാരാണ് അന്ന് മരിച്ചത്. ബാലാക്കോട്ടിലൂടെ കേന്ദ്രസർക്കാർ തിരിച്ചടിച്ചെങ്കിലും ഇന്ത്യയെ സംബന്ധിച്ച് അത്രയും വലിയ സൈനിക നാശം അസാധാരണമായിരുന്നു. മരിച്ചത് സിആർപിഎഫുകാരാണെന്നും സൈന്യമായിരുന്നെങ്കിൽ അങ്ങനെ ഒരു വീഴ്ച സംഭവിക്കില്ലായിരുന്നെന്നും അന്ന് വിമർശനം ഉയർന്നതാണ്. മുതിർന്ന ബിജെപി നേതാവും കശ്മീർ ഗവർണറുമായിരുന്ന സത്യപാൽ മാലിക്കിനെപ്പോലെ ഒരാൾ തന്നെ എന്തൊക്കെ വീഴ്ചകളാണ് പുൽവാമ ആക്രമണത്തിലേയ്ക്ക് നയിച്ചതെന്ന് പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. പക്ഷെ ഇതൊന്നുമായി താരതമ്യം ചെയ്യാവുന്നതല്ല പഹൽഗാം ഭീകരാക്രമണം. അതിന്റെ സ്വഭാവം വേറെ. അത് മുന്നോട്ടുവയ്ക്കുന്ന പദ്ധതിയും വേറെ. അത് എന്തൊക്കെയാണെന്നാണ് ഇവിടെ പരിശോധിക്കുന്നത്.

ലക്ഷ്യം ടൂറിസ്റ്റുകൾ മാത്രം
ഒന്നാമതായി പഹൽഗാമിൽ ഭീകരർ ലക്ഷ്യം വച്ചത് നമുക്കറിയുന്ന പോലെ സൈനികരെ ആയിരുന്നില്ല. സാധാരണക്കാരായ വിനോദസഞ്ചാരികളെയാണ്. അതിൽ തന്നെ എല്ലാ വിനോദസഞ്ചാരികളെയും അല്ല. മുസ്ലീങ്ങൾ അല്ലാത്തവരെയാണ്. കലിമ ചൊല്ലാൻ അറിയാമോ എന്നു ചോദിച്ചാണ് അത് ഉറപ്പിച്ചത്. അസമിൽ നിന്നു വന്ന ഒരു കോളേജ് അധ്യാപകൻ ഭീകരരിൽ നിന്ന് രക്ഷപ്പെട്ടത് എങ്ങനെയെന്ന് പിന്നീട് മാധ്യമങ്ങളോട് പറയുകയുണ്ടായി. കലിമ ചൊല്ലാൻ പറഞ്ഞപ്പോൾ മുമ്പ് കേട്ടിട്ടുള്ളതുകൊണ്ടും അടുത്തു നിന്ന് കലിമ ചൊല്ലുന്നവർക്കൊപ്പം ഏറ്റുചൊല്ലാൻ ശ്രമിച്ചുമൊക്കെയാണ് രക്ഷപ്പെട്ടതെന്ന്. അപ്പോൾ അത്ര സൂക്ഷ്മതയൊന്നും ഭീകരർക്ക് ഉണ്ടായിരുന്നില്ലെന്നർത്ഥം. അവർക്ക് പുറം ലോകത്തെ ഒരു കാര്യം ഉറക്കെ അറിയിക്കണമായിരുന്നു. മതം ചോദിച്ചായിരുന്നു ആക്രമണം നടത്തിയതെന്ന്.
അതാകണം മാധ്യമവാർത്തകളുടെ ഹൈലൈറ്റ് എന്നും അവർക്ക് നിർബന്ധം ഉണ്ടായിരുന്നു. അവരെ അയച്ചവർക്കും. 26 ജീവനാണ് പൊലിഞ്ഞു വീണത്. അതിൽ ഒരു നേപ്പാൾ സ്വദേശി. പിന്നെ നാട്ടുകാരൻ ആദിൽ ഹുസൈൻ എന്ന മുസ്ലിം യുവാവും. വിനോദ സഞ്ചാരികളെ അവിടെ കൊണ്ടുവന്ന ചെറുപ്പക്കാരനാണ് ആദിൽ. തന്നെ വിശ്വസിച്ചു വന്നവരെ രക്ഷിക്കാൻ ശ്രമിച്ചതിനാണ് ഭീകരർ ആദിലിനെ വകവരുത്തിയത്. അത് ഒരു ആഡഡ് അഡ്വാന്റേജ് ആയി മാറി ഭീകരർക്ക്. ഒരു മുസ്ലീം ഏതു സാഹചര്യത്തിലായാലും ആർക്കൊപ്പം നിൽക്കണമെന്ന് ആദിലിനെ വകവരുത്തുക വഴി ഭീകരസംഘം വിളിച്ചു പറഞ്ഞു. ഇനി അറിയേണ്ടത് ആദിലിനെ കൊന്നത് ഏഴംഗം (ചില റിപ്പോർട്ടുകൾ പ്രകാരം ആറംഗ) ഭീകരസംഘത്തിൽ ഉണ്ടായിരുന്ന രണ്ട് കശ്മീരികളിൽ ആരെങ്കിലും ഒരാൾ ആയിരുന്നോ എന്നാണ്. അങ്ങനെയെങ്കിൽ തങ്ങളെ അയച്ച യജമാനന്മാരോട് കൂടുതൽ കൂറ് കാട്ടിയത് ആരെന്ന് തെളിയിക്കാനുള്ള അവസരമായി അവർ ആദിലിനെ ഉപയോഗിച്ചതാകാം.
പഹൽഗാമിൽ കണ്ട മാറ്റം
നമുക്ക് വീണ്ടും ഈ മതം ചോദിച്ചതിലേയ്ക്കു തന്നെ വരാം. എന്തുകൊണ്ടാണ് കശ്മീരിൽ ഇതുവരെ കാണാത്ത മതം ചോദിച്ചുള്ള ജീവനെടുക്കൽ ഉണ്ടായത്. അവിടെയാണ് പാകിസ്ഥാന്റെ പുതിയ സൈനിക മേധാവി അസിം മുനീർ നടത്തിയ പ്രസംഗത്തിലെ വാക്കുകൾക്ക് അർത്ഥം ഏറുന്നത്. അസിം പറഞ്ഞു- നിങ്ങളുടെ മക്കളോട് പാകിസ്ഥാന്റെ കഥ പറയണം. നമ്മൾ ഹിന്ദുക്കളിൽ നിന്ന് തീർത്തും വ്യത്യസ്തരാണെന്ന്. നമ്മുടെ സംസ്കാരം, പാരമ്പര്യം, ചിന്തകൾ എല്ലാം എല്ലാം വ്യത്യസ്തമാണ്. അതാണ് ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ അടിസ്ഥാനം. അതുകൊണ്ടാണ് ഈ രാജ്യം സൃഷ്ടിക്കാൻ നമ്മുടെ പൂർവികർ കഷ്ടപ്പെട്ടത്. അതെങ്ങനെ സംരക്ഷിക്കണമെന്ന് നമുക്കറിയാം. പാകിസ്ഥാന്റെ ഈ കഥ നിങ്ങൾ മറക്കരുത്. കശ്മീരിന്റെ കാര്യത്തിൽ നമ്മുടെ നിലപാട് വ്യക്തമാണ്. അത് നമ്മുടെ പ്രധാന ( jugular)സിരയാണ്. (ഇത് ജിന്ന നടത്തിയ വിശേഷണമാണ്.എന്നുവച്ചാൽ കഴുത്തിലെ പ്രധാന സിരയെന്ന്.) അത് അങ്ങനെതന്നെ ആയിരിക്കും.
മതത്തിന്റെ മാത്രം അടിസ്ഥാനത്തിലുള്ള വേർതിരിവിനെ അംഗീകരിക്കുകയും ഉദ്ഘാഷിക്കുകയും ചെയ്യുന്ന അസിം മുനീറിന്റെ ഈ ആഹ്വാനമാണ് ബൈസരൺ താഴ്വരയിൽ നടപ്പാക്കപ്പെട്ടത് എന്നതിൽ ഇനി ആർക്കെങ്കിലും സംശയമുണ്ടോ. പാക് സൈനിക മേധാവിമാർ ഇന്ത്യയെ പ്രകോപിപ്പിക്കുന്ന പ്രസംഗങ്ങളും പ്രവൃത്തികളും ചെയ്യന്നതിൽ പുതുമയില്ല. അപ്പോഴൊക്കെ സൈന്യവും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിന് തയ്യാറെന്ന മട്ടിലുള്ള അവകാശവാദങ്ങളാണ് മുഴങ്ങിക്കേൾക്കാറ്. അതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു അസിം മുനീറിന്റെ വാക്കുകൾ.

1999ൽ കാർഗിൽ യുദ്ധം നടക്കുമ്പോൾ നവാസ് ഷെരീഫാണ് പാക് പ്രധാനമന്ത്രി. അന്ന് സേനാമേധാവി ആയിരുന്നത് മുഷാറഫും. നവാസ് ഷെരീഫ് അറിയാതെ മുഷാറഫിന്റെ നേരിട്ടുള്ള അറിവും ആസുത്രണവും വഴിയാണ് കാർഗിൽ നുഴഞ്ഞു കയറ്റവും പിന്നീട് യുദ്ധവും അരങ്ങേറിയത്. നവാസ് ഷെരീഫ്, മുഷാറഫിന്റെ നിഴലായി ഒതുങ്ങി. പിന്നീട് ഷെറീഫ് പുറത്താക്കപ്പെടുകയും മുഷാറഫ് തന്നെ സമ്പൂർണ ഭരണാധികാരിയായി മാറുകയുമൊക്കെ ചെയ്തു. അത് നമ്മുടെ വിഷയമല്ല. പ്രശ്നം അന്ന് സൈന്യവും സൈന്യവും എന്ന നിലയിലായിരുന്നു ആക്രമണം എന്നതാണ്. സ്വന്തം മണ്ണിൽ പാലൂട്ടി വളർത്തുന്ന തീവ്രവാദ സംഘടനകളെ ഇന്ത്യൻ സൈന്യത്തിനു മേൽ നിഴൽയുദ്ധം നടത്താനാണ് മുഖ്യമായും ഉപയോഗിച്ചു വന്നതും. പഹൽഗാമിൽ ഇതിനു രണ്ടിനും മാറ്റം വന്നിരിക്കുന്നു എന്നതാണ് എടുത്തുപറയേണ്ട പ്രത്യേകത.
1. സൈന്യവും സൈന്യവും തമ്മിലല്ല ഏറ്റുമുട്ടൽ.
2. പാക് സഹായത്തിൽ പ്രവർത്തിക്കുന്ന ഭീകരസംഘത്തെ ഉപയോഗിച്ചതും സൈന്യത്തിനു നേർക്കല്ല.
3. അസിം മുനീർ പുതിയ സൈനിക മേധാവിയാണ്. അയാൾക്ക് സ്വന്തം അപ്രമാദിത്വം ഉറപ്പിക്കേണ്ടതുണ്ട്.
4. നവാസ് ഷെരീഫിന്റെ സഹോദരനാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ നവാസ് ഷെരീഫ് നടുകടന്നതാണ്. വീണ്ടും മടങ്ങിയെത്തിയതും സൈന്യത്തിന്റെ
സഹായത്തിൽ തന്നെ. പിന്നീട് നാം കാണുന്നത് സൈന്യം തെരഞ്ഞെടുപ്പ് കൃത്രിമം കാട്ടി ഇമ്രാൻ ഖാനെ പുറത്താക്കി ജയിലിൽ ഇടുന്നത്. ആസിഫ് അലി സർദാരിയെ പ്രസിഡന്റാക്കി പിപിപിയെ അരികിലേയ്ക്ക് മാറ്റുന്നത്. പാക്കിസ്ഥാൻ മുസ്ലിം ലീഗെന്ന ഷെരീഫിന്റെ പാർട്ടിയെ അധികാരത്തിലേറ്റുന്നത്. നവാസ് ഷെരീഫ് ഇപ്പോൾ വഹിക്കുന്ന പദവിയും കൗതുകം ഉണർത്തുന്നതാണ്. പേട്രൺ-ഇൻ-ചീഫ്-ഓഫ് ലാഹോർ ഹെറിറ്റേജ് റിവൈവൽ അതോറിറ്റി.
5. ബലൂചിസ്ഥാൻ മേഖലയിൽ നിന്ന് സൈന്യം നേരിടുന്ന വെല്ലുവിളി. ജഫാർ തീവണ്ടി ആക്രമണത്തോടെ നാട്ടുകാർ തന്നെ സൈന്യത്തിന് എതിരായ സാഹചര്യം.
6. താലിബാനുമായി അമേരിക്കയും ഇന്ത്യയും സൗഹൃദത്തിലായത് ഉയർത്തുന്ന വെല്ലുവിളി.
7. അമേരിക്കയും ഇന്ത്യയും അനൗപചാരികമായി താലിബാൻ ഭരണകൂടത്തെ അംഗീകരിച്ചതോടെ പാകിസ്ഥാനെതിരെ അഫ്ഗാനിൽ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾക്ക് കരുത്തു കൂടിയത് പാക് സൈന്യത്തിന് ഉയർത്തുന്ന വെല്ലുവിളി.

അങ്ങനെ എണ്ണിയെണ്ണി പറയേണ്ട പ്രതിസന്ധികളാണ് പാക് സൈന്യം നേരിടുന്നത്. എല്ലാത്തിനും എപ്പോഴും പാകിസ്ഥാന്റെ മുന്നിലുള്ള രക്ഷപ്പെടൽ സാധ്യതയാണ് അവർക്ക് കശ്മീർ. ചിലപ്പോൾ അത് വിദേശനയത്തിന്റെ ഭാഗമായി അവർ ഉപയോഗിക്കും. മറ്റു ചിലപ്പോൾ ആഭ്യന്തര പ്രശ്നങ്ങളുടെ പരിഹാരത്തിനും. രണ്ടാമത്തെ സാഹചര്യത്തിനാണ് പാക് സൈന്യം ഇപ്പോൾ കശ്മീർ ഉപയോഗിച്ചിരിക്കുന്നത്. അവിടെയും ഒരു ചോദ്യത്തിന്, പരമപ്രധാനമായ ചോദ്യത്തിന് ഉത്തരം കിട്ടിയിട്ടില്ല. എന്തുകൊണ്ട് മതം ചോദിച്ചുള്ള ആക്രമണം.
പഹൽഗാം ആക്രമണം നടത്തിയ സംഘത്തിന്റെ പേര് ദ റെസിസ്റ്റൻസ് ഫ്രണ്ട് എന്നാണ്. അവരിപ്പോൾ അത് നിഷേധിച്ചിട്ടുണ്ടെങ്കിലും. 2019ൽ ആണ് ഈ സംഘടന സജീവമാകുന്നത്. പഹൽഗാമിന് മുമ്പ് പല ആക്രമണങ്ങളും അവർ ഇന്ത്യക്കെതിരെ നടത്തിയിട്ടുമുണ്ട്. അതേ തുടർന്ന് ഇന്ത്യ ടിആർഎഫിനെ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ടിആർഎഫ് ഉദയം കൊണ്ട സാഹചര്യം പ്രധാനമാണ്. അത് കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സർക്കാർ എടുത്തു കളഞ്ഞതിനു പിന്നാലെ ആയിരുന്നു.
നമുക്ക് അറിയും പോലെ പുൽവാമ ആക്രമണത്തിനു ശേഷമാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നീക്കത്തിലേയ്ക്ക് അതിവേഗം കടക്കുന്നത്. പുൽവാമ ആ അർത്ഥത്തിൽ ബിജെപി അവരുടെ കോർ ഐഡിയോളജിക്കൽ അജണ്ടയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വാഗ്ദാനം നടപ്പാക്കാനുള്ള അവസരമാക്കി. 370 മാറ്റുന്നതോടെ കശ്മീരിന്റെ ഘടനയിൽ തന്നെയാണ് മൗലികമായ മാറ്റം സംഭവിക്കുന്നത്. കശ്മീരിനു പുറത്തുള്ളവർക്ക് അവിടെ സ്ഥലം വാങ്ങി താമസിക്കാൻ കഴിയില്ലെന്നതടക്കമുള്ള തടസങ്ങൾ ഇതോടെ നീങ്ങി. പാക് കാഴ്ചപ്പാടിലൂടെ നോക്കിയാൽ കലർപ്പുള്ള ഒരു സമൂഹമായി അവിടം മാറുന്നു എന്നു കാണാം. അത് അവർക്ക് അനുവദിക്കാൻ കഴിയുന്നതല്ല.
അതുപോലെ തന്നെ പാകിസ്ഥാനെ പ്രകോപിപ്പിച്ച മറ്റൊരു നടപടിയാണ് കശ്മീരിൽ സമാധാനപരമായി നടന്ന തെരഞ്ഞെടുപ്പ്. അവിടുത്തെ സമ്പദ് വ്യവസ്ഥയെ സജീവമാക്കുന്ന വൻകിട നിർമാണ പ്രവർത്തനങ്ങൾ. അതുപോലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ. ഇതിനെല്ലാം വന്ന ജോലിക്കാരാകട്ടെ ഇതര സംസ്ഥാന തൊഴിലാളികളും. കശ്മീരിന്റെ ഈ ഗതിയെ തടസപ്പെടുത്തുക എന്നത് പ്രധാനമായതോടെയാണ് ടിആർഎഫിന്റെ ആക്രമണരീതി മാറുന്നത്. അവർ കശ്മീരിൽ നിന്ന് ജമ്മുവിലേയ്ക്ക് ആക്രമണത്തിൻ്റെ കേന്ദ്രം മാറ്റുന്നു. ഇതരസംസ്ഥാന തൊഴിലാളികളെ വകവരുത്തുന്നു. കശ്മീരി പണ്ഡിറ്റുകളെ ആക്രമിക്കുന്നു. അങ്ങനെ ഇതര വിഭാഗങ്ങൾ ആരും സുരക്ഷിതരല്ല എന്ന പ്രതീതി ഉണ്ടാക്കാൻ ശ്രമിക്കുന്നു. ഇതിന്റെ അടുത്ത ഘട്ടമാണ് പഹൽഗാമിൽ ഏപ്രിൽ 22ന് അരങ്ങേറിയത്.
ബംഗ്ലാദേശ് സാഹചര്യം അതിന് അനുകൂല പശ്ചാത്തലം ഒരുക്കുക കൂടി ചെയ്തു. ബംഗ്ലാദേശ് എന്ന മുറിവ് പാക് സൈന്യം മറക്കില്ലല്ലോ. അവിടെ ഇപ്പോൾ നടക്കുന്നത് എന്താണ്. ഷേയ്ഖ് ഹസീനയ്ക്ക് ഇന്ത്യ അഭയം കൊടുത്തതിനെ ചൊല്ലിയുള്ള സംഘർഷങ്ങൾ കൂടിയാണ്. അതിന്റെ ഭാഗമായി അവിടെ ഇരയാക്കപ്പെടുന്നത് ആരാണ്. കേന്ദ്ര സർക്കാർ പറയും പോലെ ഹിന്ദുക്കളാണ്. തെരഞ്ഞുപിടിച്ച് ആക്രമിക്കപ്പെടുന്നു, കൊല ചെയ്യപ്പെടുന്നു, തടവറയിലാക്കപ്പെടുന്നു. ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടാൻ ഇന്റർപോളിന്റെ സഹായം തേടുന്നു യൂനസിന്റെ ഇടക്കാല സർക്കാർ. അന്താരാഷ്ട്രാ വേദികളിൽ ആ വിഷയം ഉന്നയിക്കപ്പെടുന്നു. ഇതുതന്നെയാണ് അസിം മുനീറിന്റെ ആഹ്വാനം പോലെ പഹൽഗാമിൽ നടപ്പാക്കിയത്.
അടുത്ത ദിവസം വീണ്ടും പ്രചരിക്കപ്പെട്ട ഒരു വീഡിയോ ഉണ്ട്. അജിത് ഡോവലിന്റെ പ്രസംഗം ആണത്. നമ്മൾ പ്രതിരോധത്തിൽ നിന്നാണ് നമുക്കെതിരെ ആക്രണം ഉണ്ടാകും. 100 കല്ലുകൾ നമ്മുടെ നേർക്ക് എറിയപ്പെടും. തൊണ്ണൂറും നമ്മൾ പ്രതിരോധിക്കും. പക്ഷെ പത്തെണ്ണം ഏല്പിക്കുന്ന മുറിവുകളിൽ നിന്ന് ചോരയൊലിക്കും. അതേസമയം നാം നമ്മുടെ പ്രതികരണ രീതി മാറ്റിയാലോ. നമ്മൾ തീരുമാനിക്കും ആര് ജീവിക്കണമെന്ന്. ഇങ്ങനെ പോകുന്ന ആ പ്രസംഗത്തിൽ ഒരിടത്ത് ഡോവൽ പറയുന്ന ഒരു കാര്യമുണ്ട്. അങ്ങനെ ആക്രമണത്തിന്റെ രീതിയിലേയ്ക്ക് നാം ചുവടുമാറിയാൽ ഒരു മുംബൈ ഉണ്ടായാൽ ഒരു ബലൂചിസ്ഥാൻ ഉണ്ടാകും.
ഈ വാചകം ശ്രദ്ധിച്ചില്ലേ. പാകിസ്ഥാന്റെ ശക്തമായ ആരോപണമാണ് ബലൂചിയിലെ കുഴപ്പങ്ങൾക്ക് കാരണം ഇന്ത്യാണെന്ന്. റോ ആണ് അവിടുത്തെ ആക്രമണ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതെന്ന് പാകിസ്ഥാൻ നിരന്തരം ആരോപിച്ചു കൊണ്ടിരിക്കുകയാണ്. കുൽഭൂഷൺ യാദവിനെ പിടികൂടിയതും ഇതിന്റെ തെളിവായി പാകിസ്ഥാൻ ലോകസമക്ഷം പ്രഖ്യാപിച്ചിട്ടുമുണ്ട്. അപ്പോൾ അത്തരമൊരു അതിർത്തി കടന്നുള്ള തീവ്രവാദ പ്രവർത്തനത്തിന് ഇന്ത്യ ചുക്കാൻ പിടിക്കുന്നു എന്നതിന്റെ സ്ഥിരീകരണമായാണ് ഡോവലിന്റെ വാക്കുകൾ അവർ ചൂണ്ടിക്കാട്ടുന്നത് . ഒരു ആരോപണമായി ഉന്നയിക്കുന്നത്.
വേറെ ഒരു അർത്ഥത്തിൽ മോദി സർക്കാരിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പദവി അലങ്കരിക്കുന്ന, ബുദ്ധിരാക്ഷസനും ജെയിംസ് ബോണ്ടുമൊക്കെയായി വിശേഷിപ്പിക്കപ്പെടുന്ന ഡോവൽ പ്രതിരോധത്തിലാണ്. കശ്മീർ ത്രീടയർ കേന്ദ്ര സുരക്ഷയിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലാണ് അവിടെ സുരക്ഷാവിഭാഗങ്ങൾ പ്രവർത്തിക്കുന്നത്. അങ്ങനെയൊരിടത്താണ് അതും തെളിഞ്ഞ കാലാവസ്ഥയിൽ, സുഗമമായി ഭീകരർ വരികയും പുൽമേട് പോലെ ഒരു തുറന്ന സ്ഥലത്ത് യഥേഷ്ടം നടന്ന് ആളുകളുടെ മതപരേഡ് നടത്തി കൊല്ലുകയും പിന്നെ ഒരു മണിക്കൂറോളം അവിടെത്തന്നെ തുടർന്നിട്ട് രക്ഷപ്പെടുകയും ചെയ്തിരിക്കുന്നത്. ഈ സാഹചര്യം കേന്ദ്രസർക്കാരിനെ തന്നെയും പ്രതിരോധത്തിലാക്കുന്നുണ്ട്.
അതുകൊണ്ടാണ് ഭൂമിയുടെ അറ്റംവരെ ചെന്നിട്ടായാലും ഭീകരരെയും അവരെ സഹായിച്ചവരെയും ആസൂത്രകരെയും പിടികൂടി സങ്കല്പിക്കാൻ കഴിയാത്ത ശിക്ഷ നൽകുകയും ചെയ്യുമെന്നാണ് മോദി പറഞ്ഞിരിക്കുന്നത്. ഇവിടെയും ഒരു പഴയ വീഡിയോ ഒരു ചോദ്യചിഹ്നമായി ഉയർന്നു വന്നിട്ടുണ്ട്. 2012ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അന്ന് പ്രധാനമന്ത്രിയായിരുന്ന ഡോ.മൻമോഹൻ സിങ്ങിനെ സുരക്ഷാവീഴ്ചയുടെ പേരിൽ രൂക്ഷമായി വിമർശിക്കുന്ന വീഡിയോ ആണ് അത്.
മുംബൈയിൽ ബിജെപി ദേശീയ നിർവാഹകസമിതിയോഗത്തിൽ പങ്കെടുക്കുമ്പോഴാണ് അതിർത്തികൾ കൃത്യമായി കാത്ത് സൂക്ഷിക്കുന്നില്ലെന്നും തീവ്രവാദികൾക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറി വരാൻ അവസരം നൽകുന്നുവെന്നും മോദി മൻമോഹൻ സിങ് സർക്കാരിനെ കുറ്റപ്പെടുത്തിയത്. അതിർത്തികളുടെ സുരക്ഷക്ക് ഉത്തരവാദിത്തം പ്രധാനമന്ത്രിക്ക് ആണെന്നും പ്രസ്തുത വീഡിയോയിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന ഇന്നത്തെ പ്രധാനമന്ത്രി പറയുന്നുണ്ട്.
ഭീകരവാദികൾ ലക്ഷ്യമിട്ട ഭിന്നിപ്പ് രാജ്യത്തിന്റെ സ്വസ്ഥതയും സമാധാനവും തകർക്കാതിരിക്കാൻ രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിത്. അതിനൊപ്പം തന്നെ കശ്മീരിന്റെ സുരക്ഷ പഴുതുകളില്ലാത്ത വിധം ഉറപ്പാക്കേണ്ട സമയവും.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള് വച്ചു; യുഎസ് താവളങ്ങള് പൂട്ടണം, നിങ്ങള് സ്വയം ചര്ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില് കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്ഗ്രസ്, എതിര്ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്: തൊട്ടുമുകളില് എആര് റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില് സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications