പഠിച്ചത് എൻജിനീയറിംഗ്; ജോലി കിട്ടാതായപ്പോള്‍ ചെയ്തത്, ഒടുവിൽ വ്യാജ ആധാർ കാർഡ് കുടുക്കി!!
അഹമ്മദാബാദ്: മരുന്ന് പരീക്ഷണത്തിന് വേണ്ടി വ്യാജ ആധാർ കാർഡ് ഉണ്ടാക്കി തട്ടിപ്പ് നടത്തിയ എൻജിനീയറിംഗ് ബിരുദ ധാരി അറസ്റ്റിൽ. സോള പോലീസാണ് 36കാരനായ നിലേഷ് മിസ്ത്രിയാണ് പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 100 ആധാർ കാർഡുകളാണ് നീലേഷ് മിസ്ത്രി നിർമ്മിച്ചിട്ടുള്ളത്. ചാണക്യപുരിയിലെ വീട്ടിൽ നിന്നായിരുന്നു അറസ്റ്റ്.
പോലീസ് നടത്തിയ റെയ്ഡിൽ കമ്പ്യൂട്ടർ, വ്യാജ ആധാർ കാര്‍ഡുകള്‍, ഫോട്ടോകള്‍, എന്നിവ കണ്ടെടുത്തിരുന്നു. പിടിച്ചെടുത്ത കമ്പ്യൂട്ടർ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഒറിജിനൽ ആധാര്‍ കാര്‍ഡിന്റെ ഫോട്ടോയെടുത്ത് കമ്പ്യൂട്ടറിൽ അപ് ലോഡ് ചെയ്ത ശേഷം പേരും വിവരങ്ങളും എഡിറ്റ് ചെയ്യുന്ന രീതിയായിരുന്നു ഇയാൾ സ്വീകരിച്ചിരുന്നത്. ഗുണമേന്മയുള്ള പേപ്പറില്‍ പ്രിന്റ് ഔട്ട് എടുത്തായിരുന്നു കാര്‍ഡുകൾ നിർമിച്ചിരുന്നത്. ഇത്തരത്തില്‍ നിർമിക്കുന്ന ഓരോ കാർഡിനും 1000 മുതൽ 1500 രൂപ വരെയാണ് മിസ്ത്രി ഈടാക്കിയിരുന്നത്. ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾക്കാണ് വ്യാജ ആധാർ കാര്‍ഡുകൾ ഉപയോഗിച്ചുവന്നിരുന്നത്.

നീലേഷിന് പുറമേ ദിലീപ് ജഗനി, ചന്ദ്രസിംഗ്, വൃഷഭ് കലേ, മഹേഷ് നിന്ദോട്ട് എന്നിവരും പോലീസിന്‍റെ പിടിയിലായിട്ടുണ്ട്. ഇവരിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. അറസ്റ്റിലായ നീലേഷിന്റെ നേതൃത്വത്തിൽ മഹാരാഷ്ട്ര, യുപി, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന റാക്കറ്റ് പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പ്രതിമാസം 35,000 രൂപ ശമ്പളമുള്ള ജോലിയുണ്ടായിരുന്ന നീലേഷിന് 2007ൽ ജോലി നഷ്ടമാവുകയായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications