കർണാടകത്തിൽ ജയിക്കുമെന്ന് ബിബിസി (ബിജെപി) സർവ്വേ ! ബിജെപി 135 സീറ്റ് നേടുമെന്ന് ഫോട്ടോഷോപ്പ് സർവേ
Recommended Video

വോട്ടിങ്ങ് ബൂത്തിലേക്ക് കർണ്ണാടക നീങ്ങാൻ നാലുദിനം മാത്രം ശേഷിക്കേ ബിജെപിയെ തിരിഞ്ഞുകൊത്തി ഫോട്ടോഷോപ്പ് സർവേ ഫലം. 135 സീറ്റ് നേടി ബിജെപി അധികാരത്തിലെത്തുമെന്ന തരത്തിൽ ബിബിസിയുടെ പേരിൽ വ്യാജ സർവേ റിപ്പോർട്ട് ഫോട്ടോഷോപ്പിലൂടെ സൃഷ്ടിച്ചതാണ് വിനയായത്.
സർവേ ഫലം വ്യാജമാണെന്ന് അറിയിച്ച് ബിബിസി തന്നെ രംഗത്തെത്തിയതോടെ ബിജെപി നേതൃത്വം വെട്ടിലായിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ ആദ്യമായി താമര വിരിഞ്ഞ കന്നഡ മണ്ണ് തിരിച്ചുപിടിക്കാനുള്ള അവസാനവട്ട പ്രചാരണങ്ങൾ ബിജെപി ശക്തമാക്കിയിരിക്കെ ഫോട്ടോഷോപ്പിന്റെ പേരിൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ നിന്നടക്കമുള്ള പഴികൾ നേതാക്കളെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ശിരസ്സാവഹിച്ചു, ആപ്പിലായി
എന്തുവില കൊടുത്തും കർണാടകത്തിൽ വിജയിച്ചേ മതിയാവൂയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ അധ്യക്ഷൻ അമിത് ഷായും നിരന്തര ആഹ്വാനം ചെയ്യുമ്പോള്‍ പ്രവർത്തകർ ഫോട്ടോഷോപ്പിനെ കൂട്ടുപിടിച്ചതാണ് ബിജെപിക്ക് പുകിലായത്. ഇതുവരെ പുറത്തുവന്ന സർവ്വേ ഫലങ്ങളെല്ലാം കോൺഗ്രസിന് അനുകൂലവും ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്ന തരത്തിലുമാണ്. ഇതോടെ സർവേ ഫലം ബിജെപിക്ക് അനുകൂലമാക്കാൻ ഫോട്ടോഷോപ്പ് ചെയ്യുകയല്ലാതെ മറ്റു നിവൃത്തിയില്ലെന്നാണ് വിമർശകർ പറയുന്നത്

കൈപൊള്ളി
നേരത്തെ പലതവണ ഫോട്ടോഷോപ്പിൽ ബിജെപിക്ക് കൈപൊള്ളിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികളിലെ പരസ്യങ്ങളടക്കം ഇത്തരത്തിൽ വിവാദങ്ങളുണ്ടാക്കിയിരുന്നു. ഇത്തവണ രാജ്യാന്തരതലത്തിൽ ഏറെ പ്രസിദ്ധിയും വിശ്വാസ്യതയുമുള്ള ബിബിസിയെ തന്നെ കൂട്ടുപിടിച്ചു. വ്യാജ സർവ്വേ ഫലം പുറത്തു വരാൻ തുടങ്ങിയതിന് പിന്നാലെ തന്നെ സംഭവം പൊളിച്ചടുക്കി ബിബിസിയും രംഗത്തെത്തി.

ബിജെപി 135 സീറ്റുകൾ നേടുമെന്ന്
ഇതുവരെ പുറത്തുവന്ന സർവ്വേകളിൽ എല്ലാം കോൺഗ്രസിനാണ് മുൻതൂക്കം കൽപ്പിച്ചിരുന്നത്. എന്നാൽ ബിബിസി നടത്തിയ സർവ്വേയിൽ 135 സീറ്റുകൾ ബിജെപി കർണാടകത്തിൽ നേടുമെന്ന വ്യാജ റിപ്പോർട്ടാണ് ബിജെപി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത്. ബിജെപി 135ഉം ജെഡിഎസ് 45 ഉം കോൺഗ്രസിന് 35ഉം മറ്റുള്ളവർക്ക് 19 സീറ്റുകളും ലഭിക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ബിബിസി പ്രസിദ്ധീകരിച്ച ജനത കീ ബാത് സർവ്വെ ഫലെ എന്ന തരത്തിലാണ് വാർത്ത പ്രചരിപ്പിച്ചത്.

ഞങ്ങൾടെ സർവ്വേ ഇങ്ങനെ അല്ലെന്ന്
ബിജെപിക്ക് വേണ്ടി മികച്ച പ്രചാരണമാണ് നേതാക്കളായ അമിത്ഷായും നരേന്ദ്രമോദിയും ഒക്കെ കാഴ്ച വെക്കുന്നതെന്നും സർവ്വേയിൽ പങ്കെടുത്തവർ രേഖപ്പെടുത്തിയതായും പോസ്റ്റിൽ പറയുന്നു. എന്നാൽ വ്യാജ സർവേക്ക് പിന്നിൽ തങ്ങളല്ലെന്ന് വ്യക്തമാക്കി ബിബിസി രംഗത്തെത്തിയിട്ടുണ്ട്.
കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിബിസിയുടേത് എന്ന പേരില്‍ പ്രചരിപ്പിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും അത്തരത്തില്‍ ഒരു സര്‍വ്വേ തങ്ങള്‍ സംഘടിപ്പിച്ചിട്ടേ ഇല്ലെന്നും ബിബിസി തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വ്യക്തമാക്കി.

ഇനിയും ബാക്കി
കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി വിജയ് സാമ്പ്ലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാ ബെന്നിന്‍റെ ഓരു ഫോട്ടോഷോപ്പ് ചിത്രം പ്രചരിപ്പിച്ച് പണി വാങ്ങിയത്.ഇപ്പോഴും ഓട്ടോയില്‍ സഞ്ചരിക്കുന്ന പ്രധാനമന്ത്രിയുടെ അമ്മ എന്നായിരുന്നു പോസ്റ്റിന് മുകളില്‍ ഇട്ട കുറിപ്പ്. പക്ഷെ ചിത്രത്തില്‍ മോദിയുടെ അമ്മയുടെ കൈയില്‍ ആരോ പിടിച്ചിരിക്കുന്നതായി കാണാം. ഇതാണ് പരിഹാസത്തിന് തിരികൊളുത്തിയത്.












Click it and Unblock the Notifications