500 രൂപയുടെ കള്ളനോട്ടുകള്‍ കൂടിയെന്ന് റിസര്‍വ് ബാങ്ക്; 2000 ത്തിന്റേത് കുറഞ്ഞു
ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് 500 രൂപാ കള്ളനോട്ടുകള്‍ വര്‍ധിച്ചതായി റിസര്‍വ് ബാങ്ക്. 2022-23 വര്‍ഷത്തില്‍ 500 രൂപ കള്ളനോട്ടുകളുടെ എണ്ണത്തില്‍ 14.4 ശതമാനം വര്‍ധനയുണ്ടായി എന്നാണ് റിസര്‍വ് ബാങ്ക് അറിയിക്കുന്നത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 3.98 കോടി രൂപ മൂല്യമുള്ള 79669 കള്ളനോട്ടുകള്‍ ആണ് 500 രൂപയുടേതായി ഉണ്ടായിരുന്നത്.
ഈ വര്‍ഷത്തില്‍ ഇത് 4.55 കോടി രൂപ മൂല്യമുള്ള 91110 നോട്ടുകളായി ഉയര്‍ന്നിട്ടുണ്ട് എന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്. 20 രൂപയുടെ കള്ളനോട്ടില്‍ 8.4 ശതമാനവും വര്‍ധനവുണ്ടായിട്ടുണ്ട്. അതേസമയം 10, 100, 2000 രൂപയുടെ കള്ളനോട്ടുകള്‍ യഥാക്രമം 11.6 ശതമാനവും 14.7 ശതമാനവും 27.9 ശതമാനവും കുറഞ്ഞു എന്നും റിസര്‍വ് ബാങ്ക് പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇക്കാലയളവില്‍ ബാങ്കിംഗ് മേഖലയില്‍ കണ്ടെത്തിയ മൊത്തം വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ 4.6 ശതമാനം റിസര്‍വ് ബാങ്കിലും 95.4 ശതമാനം മറ്റ് ബാങ്കുകളിലുമാണ് കണ്ടെത്തിയത്. പ്രചാരത്തിലുള്ള നോട്ടുകളുടെ മൂല്യവും അളവും യഥാക്രമം 7.8 ശതമാനവും 4.4 ശതമാനവും വര്‍ധിച്ചതായി ആര്‍ ബ ിഐ അറിയിച്ചു. 500, 2000 രൂപ നോട്ടുകളുടെ എണ്ണം 2023 മാര്‍ച്ച് വരെ പ്രചാരത്തിലുള്ള മൊത്തം ബാങ്ക് നോട്ടുകളുടെ 87.9 ശതമാനം ആണ്.
2022 മാര്‍ച്ച് വരെ ഇത് 87.1 ശതമാനം ആയിരുന്നു. 2022-23ല്‍ നോട്ട് അച്ചടിക്കാനുള്ള മൊത്തം ചെലവ് മുന്‍വര്‍ഷത്തെ 4985 കോടി രൂപയില്‍ നിന്ന് 6 ശതമാനം കുറഞ്ഞ് 4683 കോടി രൂപയായി എന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. കേടുപാടുകള്‍ സംഭവിച്ച നോട്ടുകളുടെ വിനിയോഗം മുന്‍വര്‍ഷത്തെ 1878.01 കോടിയില്‍ നിന്ന് 2022-23ല്‍ 22.1% വര്‍ധിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 2292.64 കോടി രൂപയാണ് എന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍, നോട്ട് വിതരണത്തിലെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിലും പണത്തിനായുള്ള പൊതുവായ മുന്‍ഗണനയുടെ പ്രവണതകള്‍ പരിശോധിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ആര്‍ ബി ഐ അറിയിച്ചു. അതേസമയം 2000 രൂപ പിന്‍വലിക്കുന്നതില്‍ ആശങ്ക വേണ്ട എന്നും ആര്‍ബിഐ ആവര്‍ത്തിച്ചു. ഈ നോട്ടുകള്‍ ഇപ്പോഴും നിയമപരമായ ടെന്‍ഡറായി പരിഗണിക്കും.












Click it and Unblock the Notifications