കൂടുതല്‍ കര്‍ഷകര്‍ ശംഭു അതിര്‍ത്തിയിലേക്ക്; നേരിടാന്‍ പൊലീസ്, കേന്ദ്രത്തിന് ശിരോമണി അകാലിദളിന്റെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ഇന്നലെ പൊലീസ് തടഞ്ഞ മാര്‍ച്ച് ഇന്ന് വീണ്ടും പുനരാരംഭിക്കും എന്ന് കര്‍ഷകര്‍. പൊലീസുമായി ഏറ്റുമുട്ടിയ ശംഭു അതിര്‍ത്തിയിലേക്ക് കൂടുതല്‍ കര്‍ഷകര്‍ ട്രാക്ടറുകളുമായി എത്തി തുടങ്ങി. ചലോ ഡല്‍ഹി മാര്‍ച്ചിന്റെ ആദ്യ ദിനമായ ഇന്നലെ പഞ്ചാബില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ബാരിക്കേഡുകള്‍ ഭേദിക്കാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസ് ഇടപെടലുണ്ടായത്.
കര്‍ഷകരെ തടഞ്ഞ ഹരിയാന പൊലീസ് കണ്ണീര്‍ വാതകം, ജലപീരങ്കികള്‍ എന്നിവ കര്‍ഷകര്‍ക്ക് നേരെ പ്രയോഗിച്ചു. ഡല്‍ഹിയിലും ഹരിയാനയിലും മാര്‍ച്ച് നേരിടാന്‍ നിരോധനാജ്ഞകള്‍ പ്രഖ്യാപിക്കുകയും സുരക്ഷാ സേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം അനിശ്ചിതകാല സമരത്തിന് തങ്ങള്‍ തയ്യാറാണ് എന്നും ഡല്‍ഹിയിലെത്താന്‍ ആവശ്യമായ ഡീസലും ആറ് മാസത്തേക്ക് റേഷനും ഉണ്ടെന്നും കര്‍ഷകര്‍ പറയുന്നു.

മാസങ്ങളെടുത്താലും തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നത് വരെ മടങ്ങിവരില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. എംഎസ്പി നിയമം, കാര്‍ഷിക കടം എഴുതിത്തള്ളല്‍, സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കല്‍ എന്നീ മൂന്ന് പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ സമരം നടത്തുന്നത്. കര്‍ഷകരെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ ഇന്നലെ വീണ്ടും ചര്‍ച്ചക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തങ്ങളുടെ സമയം പാഴാക്കുകയാണെന്നും ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.
അതേസമയം കര്‍ഷകര്‍ പുതിയ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിനാലാണ് ചര്‍ച്ചകള്‍ക്ക് സമയമെടുക്കുന്നതെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. അക്രമത്തിലും തീവെപ്പിലും ഏര്‍പ്പെടരുതെന്ന് അദ്ദേഹം അവരോട് അഭ്യര്‍ത്ഥിക്കുകയും ഒരു പുതിയ ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ പൊതുയോഗങ്ങള്‍ ഒരു മാസത്തേക്ക് നിരോധിക്കുകയും അതിര്‍ത്തിയിലൂടെയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കോണ്‍ക്രീറ്റ് ബ്ലോക്കുകളും ടയര്‍ ഡിഫ്ലേറ്ററുകളും ഉപയോഗിച്ച് അതിര്‍ത്തികള്‍ ബാരിക്കേഡ് ചെയ്തിരിക്കുകയാണ് പൊലീസ്. അതിനിടെ കര്‍ഷക സമരത്തില്‍ കേന്ദ്രവും ഡല്‍ഹി സര്‍ക്കാരും തമ്മില്‍ വീണ്ടും ഭിന്നത ഉടലെടുത്തു. നഗരത്തില്‍ പ്രവേശിക്കാന്‍ കഴിഞ്ഞാല്‍ അവരെ ഒതുക്കിനിര്‍ത്താന്‍ ഒരു സ്റ്റേഡിയത്തെ 'ഹോള്‍ഡിംഗ് ഏരിയ' ആക്കി മാറ്റാനുള്ള കേന്ദ്രത്തിന്റെ നിര്‍ദ്ദേശം ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ നിരസിച്ചു.
അതേസമയം കേന്ദ്രത്തിന് മുന്നറിയിപ്പുമായി ശിരോമണി അകാലിദള്‍ തലവന്‍ സുഖ്ബീര്‍ സിംഗ് ബാദല്‍ രംഗത്തെത്തി. കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുന്നു എന്നും കര്‍ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു എന്നും സുഖ്ബീര്‍ സിംഗ് ബാദല്‍ പറഞ്ഞു.












Click it and Unblock the Notifications