ദില്ലി കൂട്ടബലാത്സംഗത്തിനും ഫാഷന്‍ ഷൂട്ട്! നമുക്കെന്ത് പറ്റി?
ദില്ലി: ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കാലമാണ്. ഒന്നും ചോദിക്കാനും പറയാനും പറ്റില്ല. മേപ്പടി സ്വാതന്ത്ര്യത്തിന്മേല്‍ ഉള്ള കടന്നുകയറ്റമാകും. ദില്ലിയില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട ശേഷം റോഡിലെറിഞ്ഞ് കൊല്ലപ്പെട്ട പെണ്‍കുട്ടിയെ വെച്ച് നടത്തിയ ഫാഷന്‍ ഷൂട്ടാണ് ട്വിറ്ററും ഫേസ്ബുക്കും പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വൈറലാകുന്നത്. ഫോട്ടോഷൂട്ടിനെതിരെ കനത്ത പ്രതിഷേധമാണ് ഓണ്‍ലൈന്‍ ലോകത്ത് നടക്കുന്നത്.
ഫോട്ടോഗ്രാഫര്‍ രാജ് ഷെട്ടിയാണ് ദി റോംഗ് ടേണ്‍ എന്ന പേരില്‍ ഫോട്ടോഷൂട്ട് തയ്യാറാക്കിയിരിക്കുന്നത്. ബസ്സില്‍ വെച്ച് ഒരു പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയാകുന്നതാണ് ഫാഷന്‍ ഷൂട്ടിന്റെ തീം. ഇദ്ദേഹത്തിന്റെ പേഴ്‌സണല്‍ വെബ്‌സൈറ്റിലാണ് ഇത് ആദ്യം അപ്ലോഡ് ചെയ്യപ്പെട്ടത്. നാല് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കൈയ്യേറ്റം ചെയ്യുന്ന രംഗങ്ങളാണ് ഗ്ലാമറിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുന്നത്. ദില്ലി പെണ്‍കുട്ടി ആക്രമിക്കപ്പെട്ടതും ബസില്‍ വെച്ചാണ്.

നിങ്ങള്‍ എല്ലാം കണ്ട പോലെയാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. നിര്‍ഭയയെ വെച്ച് ഫാഷന്‍ ഷൂട്ട്, ഛര്‍ദ്ദിക്കാന്‍ തോന്നുന്നു - നചികേത് ബാര്‍വെ എന്നയാള്‍ ട്വിറ്ററില്‍ പ്രതികരിച്ചു. ഫോട്ടോഷൂട്ടില്‍ സഹകരിച്ചവര്‍ മാനക്കേട് കൊണ്ട് മരിച്ചുപോകണം എന്നാണ് മറ്റൊരാള്‍ പറയുന്നത്. ഹീനമായ ഈ ഫോട്ടോഷൂട്ട് ചെയ്തവര്‍ ജയിലില്‍ പോകണം എന്ന് പറയുന്നവരുമുണ്ട്. രാജ്യമെമ്പാടും സ്ത്രീകളും കുട്ടികളും പീഡനത്തിന് ഇരയാകുമ്പോള്‍ ബലാത്സംഗം എന്ന സംഭവത്തെ ഗ്ലാമറൈസ് ചെയ്യാനാണ് ശ്രമമെന്നും ആരോപണമുണ്ട്.
എന്നാല്‍ ഫാഷന്‍ ഷൂട്ട് തയ്യാറാക്കിയ രാജ് ഷെട്ടി തന്റെ ഭാഗം ന്യായീകരിക്കുകയാണ്. ഏതെങ്കിലും വാണിജ്യാവശ്യങ്ങള്‍ക്ക് വേണ്ടി ചെയ്തതല്ല എന്നും ഇത് തന്റെ സ്വകാര്യ വര്‍ക്കാണ് എന്നും ഷെട്ടി പറയുന്നു. ദില്ലി ബലാത്സംഗവുമായി തന്റെ ഫോട്ടോഷൂട്ടിന് ബന്ധമൊന്നുമില്ല. പ്രൊഫഷണല്‍ കലാകാരനായ തന്നെ ട്വിറ്ററിലും ഫേസ്ബുക്കിലും അപമാനിക്കരുതെന്നും ഇദ്ദേഹം അഭ്യര്‍ഥിക്കുന്നു.












Click it and Unblock the Notifications