
ഒമൈക്രോണ്‍ വ്യാപന ഭീതി: അന്താരാഷ്ട്ര വിമാനങ്ങളുടെ നിയന്ത്രണം നീട്ടാന്‍ കേന്ദ്ര സർക്കാർ
ദില്ലി: ഒമൈക്രോണ്‍ വ്യാപന ഭീതിയുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് നീട്ടാന്‍ കേന്ദ്ര സർക്കാർ തീരുമാനം.നേരത്തെ ഡിസംബർ 15 മുതല്‍ അന്താരാഷ്ട്ര വിമാന സർവ്വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനം സർക്കാർ എടുത്തേക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ തീരുമാനം നീളാനാണ് സാധ്യത. രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങൾ യാത്രക്കാർക്ക്, പ്രത്യേകിച്ച് "അപകടസാധ്യതയുള്ള" രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വലിയ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
നിലവിലെ " എയർ ബബിൾ" പ്രവർത്തന സമ്പ്രദായം തുടരുമെന്ന് സൂചിപ്പിച്ചുകൊണ്ട്, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ ഒരു കുറിപ്പ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. "പുതിയ ആഗോള സാഹചര്യം കണക്കിലെടുത്ത് . . . സ്ഥിതിഗതികൾ എല്ലാ പങ്കാളികളുമായും കൂടിയാലോചിച്ച് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഷെഡ്യൂൾ ചെയ്ത വാണിജ്യ അന്താരാഷ്ട്ര പാസഞ്ചർ സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഉചിതമായ സമയത്ത് തീരുമാനം എടുക്കും'' ഡി ജി സി എ അറിയിച്ചു.
ഡിസംബർ 15 മുതല്‍ അന്തരാഷ്ട്ര വിമാനങ്ങള്‍ പുനരാരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം നവംബര്‍ 26ന് അറിയിച്ചിരുന്നു. എന്നാല്‍ യൂറോപ്പിലും സൗദിയിലുമടക്കം ഒമൈക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് സാധാരണ നിലയില്‍ ഉടന്‍ ആരംഭിക്കേണ്ടെന്ന നിലപാടിലെത്തുകയായിരുന്നു. ഒമൈക്രോൺ ആശങ്കയുടെ പശ്ചാത്തലത്തിൽ പ്രായമായവർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും വാക്‌സിൻ മൂന്നാം ഡോസ് നൽകണമെന്ന ചർച്ചകൾ വീണ്ടും സജീവമാകുകയാണ്.
ഒമൈക്രോണ്‍ വ്യാപന ഭീതിയില്‍ ലോകം: ദുരന്തമായി അന്തർദേശീയ വിമാന യാത്രകള്‍
അതേസമയം, കേരളത്തിലും ഒമൈക്രോണ്‍ ജാഗ്രത തുടരുകയാണ്. റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 7 ദിവസം ക്വാറന്റൈനും 7 ദിവസം സ്വയം നിരീക്ഷണവുമാണ്. അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസം സ്വയം നിരീക്ഷണമാണുള്ളത്.
ഈ രണ്ട് വിഭാഗക്കാരും ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. അതിതീവ്രവ്യാപന ശേഷിയുള്ള വൈറസായതിനാല്‍ എല്ലാവരും ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കേണ്ടതാണ്. വിമാനത്താവളങ്ങളില്‍ ഇവരെ സഹായിക്കാനായി ആരോഗ്യ പ്രവര്‍ത്തകരെ സജ്ജമാക്കിയിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ പോസിറ്റീവായാല്‍ ഉടന്‍ തന്നെ ട്രെയ്‌സിംഗ് നടത്തി കോണ്ടാക്ട് ലിസ്റ്റ് തയ്യാറാക്കുന്നതാണ്. വരുന്നവരില്‍ വാക്‌സിനെടുക്കാത്തവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ ഉടന്‍ തന്നെ വാക്‌സിന്‍ എടുക്കേണ്ടതാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.