ബംഗാളില്‍ ഗവർണ്ണറുമായുള്ള പോര് രൂക്ഷമാവുന്നു: ജഗ്ദീപ് ധന്‍കറിനെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്ത് മമത
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഗവർണ്ണറും മുഖ്യമന്ത്രി മമത ബാനർജിയും തമ്മിലുള്ള പോര് രൂക്ഷമാവുന്നു. ഏറെ നാള്‍ നീണ്ട് നിന്ന തർക്കങ്ങള്‍ക്കൊടുവില്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിനെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തുവെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചത്. മുഖ്യമന്ത്രി മമത ബാനർജിക്ക് അയച്ച വാട്ട്‌സ്ആപ്പ് സന്ദേശത്തിന്റെ ഉള്ളടക്കം തിങ്കളാഴ്ച ഗവർണ്ണർ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നടപടി. നിയമങ്ങള്‍ മറികടന്ന് ഗവര്‍ണര്‍ ഫോണുകള്‍ ചോര്‍ത്തുന്നുവെന്നും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നുവെന്നും മമത ആരോപിച്ചു. ഗവർണ്ണറുടെ പ്രവർത്തിയില്‍ അതൃപ്തി അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇതിനോടകം നിരവധി കത്തുകള്‍ എഴുതിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
"എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും അദ്ദേഹം ഞങ്ങളെ കുറ്റപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നു. അദ്ദേഹം മാത്രമാണ് പരമോന്നതനും ഞങ്ങൾ അടിമ തൊഴിലാളികളാണെന്ന മട്ടിലാണ് പെരുമാറ്റം. എനിക്ക് അത് ഉൾക്കൊള്ളാൻ കഴിയില്ല. ഞാൻ അദ്ദേഹത്തെ ഇന്ന് ട്വിറ്ററിൽ ബ്ലോക്ക് ചെയ്തു," മുഖ്യമന്ത്രി മമത ബാനർജി പ്രസ്താവനയിലൂടെ വ്യക്തമാക്കി. സംസ്ഥാന ചീഫ് സെക്രട്ടറിയുടേയും ഡയറക്ടർ ജനറലിന്റേയും ഫോണുകൾ ചോർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ് അദ്ദേഹം. കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾ വലിയ തോതില്‍ സഹിക്കുകയാണ്. അദ്ദേഹം ഇതുവരേയും നിരവധി ഫയലുകൾ ക്ലിയർ ചെയ്തിട്ടില്ല. പല ഫയലുകളും തീർപ്പാക്കാന്‍ അദ്ദേഹം തയ്യാറാവുന്നില്ല. സർക്കാറിന്റെ നയപരമായ തീരുമാനങ്ങളെക്കുറിച്ച് അദ്ദേഹത്തോട് എങ്ങനെ സംസാരിക്കാനാകുമെന്നും മമത ബാനർജി ചോദിക്കുന്നു.

നിരവധി പരാതികള്‍ നല്‍കിയിട്ടുണ്ടും എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഗവർണറെ നീക്കാത്തത്? പെഗാസസ് ഗവർണർ ഹൗസിൽ നിന്നാണ് പ്രവർത്തിക്കുന്നത്. അദ്ദേഹം നിരവധിയാളുകളുടെ ഫോണുകൾ ടാപ്പ് ചെയ്യുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. എന്നാല്‍ ഗവര്‍ണറുടെ ചുമതലകള്‍ വ്യക്തമാക്കുന്ന ഭരണഘടനയുടെ 159-ാം അനുച്ഛേദത്തിന്റെ സ്‌ക്രീന്‍ഷോട്ട് ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ചത്.
"ഭരണഘടനാ ഉദ്യോഗസ്ഥർ തമ്മിലുള്ള സംവാദവും യോജിപ്പും ജനാധിപത്യത്തിന്റെ സത്തയും ആത്മാവും ഭരണഘടനയുടെ കൽപ്പനയുമാണ്. ഇത് പരസ്പര ബഹുമാനത്തോടെയാണ് പ്രാവർത്തികമാവേണ്ടത്. എന്റെ ഭാഗത്ത് നിന്ന് നിങ്ങളോട് ഏറ്റവും ഉയർന്ന വ്യക്തിപരമായ ബഹുമാനം നിലനിർത്തിയിട്ടുണ്ട്. ഇതിന് നിങ്ങളുടെ ചിന്താപൂർവ്വമായ പരിഗണന ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്."- എന്ന സന്ദേശമായിരുന്നു ഗവർണ്ണർ നേരത്തെ വാട്സാപ്പിലൂടെ മുഖ്യമന്ത്രിക്ക് അയച്ചത്. ഇതിന്റെ സ്ക്രീന്‍ ഷോട്ട് ഗവർണ്ണർ ട്വിറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തു.












Click it and Unblock the Notifications