അർണബിന് എട്ടിന്റെ പണിയുമായി കോൺഗ്രസ്!! എഫ്ഐആർ രജിസ്റ്റർ ചെയ്തു!! വിവിധ ജില്ലകളിലും കേസുകൾ
റായ്പൂർ; കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്കും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്കും എതിരായ അർണബ് ഗോസ്വാമിയുടെ പരാമർശത്തിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. പാൽഘാർ ആൾക്കൂട്ട കൊലയുമായി ബന്ധപ്പെട്ട് നടത്തിയ ചാനൽ ചർച്ചയ്ക്കിടെയായിരുന്നു ഇരുവർക്കുമെതിരെ അർണബ് അധിക്ഷേപകരമായ പരാമർശം നടത്തിയത്.
Recommended Video
സംഭവത്തിൽ അർണബിനെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുകയാണ് കോൺഗ്രസ്. വിവിധ വകുപ്പുകൾ ചുമത്തി അർണബിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വിശദാംശങ്ങളിലേക്ക്

ചാനൽ ചർച്ചയിൽ
മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാരും ഡ്രൈവറും ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തിൽ വലിയ രീതിയിലുള്ള വർഗീയ പ്രചരണമാണ് നടക്കുന്നത്. ഇത് ഏറ്റുപിടിച്ച് കൊണ്ടായിരുന്നു റിപബ്ലിക് ടിവി ചാനൽ ചർച്ചയിൽ അർണബിന്റേയും പ്രതികരണം.

ഇറ്റലിയിലെ അന്റോണിയ മൈനോ
മൗലവിമാരും ക്രിസ്ത്യന്‍ വൈദികന്‍മാരും ഇത്തരത്തില്‍ കൊലചെയ്യപ്പെടുമ്പോള്‍ ഈ രാജ്യം മൗനം തുടരുമോയെന്നും ഇറ്റലിയിലെ അന്റോണിയ മൈനോ(സോണിയാ ഗാന്ധി) അപ്പോഴും നിശബ്ദയായിരിക്കുമോ എന്നാണ് തനിക്ക് അറിയേണ്ടതെന്നായിരുന്നു അര്‍ണബ് ഗോസ്വാമി ചാനല്‍ ചര്‍ച്ചയില്‍ ചോദിച്ചത്.

കോൺഗ്രസുകാർക്ക് ഇറ്റലി
ഇന്ത്യ കോൺഗ്രസുകാരുടെ രാജ്യമല്ല, അവരുടെ രാജ്യം ഇറ്റലിയാണ്. കോണ്‍ഗ്രസുകാരുടെ രാജ്യം ഇന്ത്യയല്ല ഇറ്റലിയാണ്. ഹിന്ദു സന്യാസിമാരുടെ സ്ഥാനത്ത് ക്രിസ്ത്യന്‍ വൈദികരായിരുന്നെങ്കില്‍ റോമില്‍ നിന്നു വന്ന സോണിയാ ഗാന്ധി ഇത്തരത്തില്‍ മൗനം തുടരില്ലായിരുന്നെന്നും അർണബ് പറഞ്ഞു.

സോണിയ സന്തോഷിക്കുന്നു
ഹിന്ദു സന്യാസിമാർ കൊലച്ചെട്ടപ്പെടുമ്പോൾ സോണിയ ഗാന്ധി മനസുകൊണ്ട് സന്തോഷിക്കുന്നുണ്ടാകുമെന്നും ഹിന്ദു സന്യാസിമാരെ തുടച്ചുനീക്കുന്നതില്‍ താന്‍ വിജയിച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സോണിയാ ഗാന്ധി ഇറ്റലിയിലേക്ക് കത്തയയ്ക്കാന്‍ തയ്യാറെടുക്കുകയായിരിക്കുമെന്നും അര്‍ണബ് ആക്ഷേപിച്ചിരുന്നു.

വളച്ചൊടിച്ചു
ലോക്ക് ഡൗൺ സംബന്ധിച്ച രാഹുൽ ഗാന്ധിയുടെ പ്രസ്താവനയും ചാനൽ ചർച്ചയിൽ അർണബ് വളച്ചൊടിച്ചിരുന്നു. ലോക്ക് ഡൗൺ കൊണ്ട് കൊവിഡിനെ തുരത്താനാവില്ലെന്നാണ് രാഹുൽ പറഞ്ഞതെന്നായിരുന്നു അർണബ് പറഞ്ഞത്. അതേസമയം ലോക്ക് ഡൗൺ കൊണ്ട് മാത്രം വൈറസ് വ്യാപനം തടയാൻ ആകില്ലെന്നും വ്യാപക പരിശോധനകളാണ് വേണ്ടതെന്നുമായിരുന്നു രാഹുൽ പറഞ്ഞത്.

പരാതി നൽകി
അതേസമയം വിവാദ പരാമർശത്തിൽ അർണബിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. ഛത്തീസ്ഗഡ് കോൺഗ്രസ് നേതാക്കൾ അർണബിനെ പോലീസിൽ പരാതി നൽകി. ഛത്തീസ്ഗഡ് ആരോഗ്യ മന്ത്രി ടിഎസ് സിംഗ്ഡോ, പിസിസി അധ്യക്ഷൻ മോഹൻ മർക്കം എന്നിവരാണ് റായ്പൂർ സിവിൽ ലൈൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

കേസ് എടുത്തു
പരാതിയുടെ അടിസ്ഥാനത്തിൽ അർണബിനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമൂഹത്തിൽ ഐക്യത്തിന്റെ അന്തരീക്ഷം തകർക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. 153 എ (വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലുള്ള ശത്രുത വളർത്തുന്നു), 295 എ (മതപരമായ വികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള മനപ്പൂർവ്വകരമായ നടപടികൾ), 502 (2) (വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും സൃഷ്ടിക്കുന്ന പ്രസ്താവനകൾ) എന്നിവ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

വിവിധ സ്റ്റേഷനുകളിൽ
അര്‍ണബിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഛത്തീസ്ഗഡിലെ 12 ഓളം ജില്ലകളിൽ കോൺഗ്രസ് പ്രവർത്തകർ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേരളത്തിലും അർണബിന്റെ ആവശ്യപ്പെട്ട് കൊണ്ട് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു.അർണബ് കാണിക്കുന്നത് അല്ല മധ്യമപ്രവർത്തനം. ആർഎസ്എസിന്റെ പരിശീലനം ലഭിച്ച കേഡർമാർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിക്കുന്ന അതേ വിദ്വേഷവും അടിസ്ഥാനരഹിതവുമായ കിംവദന്തികളാണ് അർണബും നടത്തുന്നതെന്ന് ഛത്തീസ്ഗഢ് കോണ്‍ഗ്രസ് മീഡിയ തലവന്‍ ശൈലേഷ് നിതിന്‍ ത്രിവേദി പറഞ്ഞു.












Click it and Unblock the Notifications