അപ്രതീക്ഷിതമായി കൊടുങ്കാറ്റും കനത്ത മഴയും, മിന്നൽ പ്രളയത്തിൽ മുങ്ങി രാജസ്ഥാനിലെ ചില ഭാഗങ്ങൾ, 13 മരണം
ജയ്പൂര്‍: അപ്രതീക്ഷിതമായി പെയ്ത മഴയിലും കൊടുങ്കാറ്റിലും ദുരിതത്തിലായി രാജസ്ഥാനിലെ ചില ഭാഗങ്ങള്‍. കഴിഞ്ഞ രണ്ട് ദിവസങ്ങളായിട്ടാണ് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ശക്തമായ മഴയും കാറ്റും ആലിപ്പഴം വീഴ്ചയും ഉണ്ടായത്. ഇതോടെ ഫത്തേപ്പൂര്‍ സിറ്റി, ശെഖാവതി മേഖല അടക്കമുളള ഭാഗങ്ങള്‍ മിന്നല്‍ പ്രളയത്തില്‍ മുങ്ങി.
മഴക്കെടുതിയില്‍ രണ്ട് ദിവസത്തിനിടെ 13 പേര്‍ക്കാണ് സംസ്ഥാനത്ത് ജീവന്‍ നഷ്ടപ്പെട്ടതെന്ന് ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. ടോങ്കിലാണ് പത്ത് പേര്‍ മരണപ്പെട്ടത്. ജയ്പൂരിലും ആള്‍വാറിലും ഒരാള്‍ വീതം മരണപ്പെട്ടു. മഴയിലും കാറ്റിലുമുണ്ടായ നാശനഷ്ടങ്ങള്‍ സര്‍ക്കാര്‍ വിലയിരുത്തുകയാണെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം വീതം നഷ്ടപരിഹാരം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ദുരന്തത്തിന് ഇരയായവര്‍ക്ക് എല്ലാ വിധ സഹായവും സര്‍ക്കാര്‍ ഉറപ്പ് വരുത്തുമെന്നും ജീവന്‍ നഷ്ടപ്പെട്ടവരുടെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും അശോക് ഗെഹ്ലോട്ട് ട്വിറ്ററില്‍ കുറിച്ചു. മിന്നല്‍ പ്രളയത്തിലും കാറ്റിലും നിരവധി വാഹനങ്ങളും കന്നുകാലികളും ഒലിച്ച് പോയതായാണ് റിപ്പോര്‍ട്ട്. മാത്രമല്ല നിരവധി വീടുകളും തകര്‍ന്നിട്ടുണ്ട്. വ്യാപകമായ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ സമയബന്ധിതമായി സര്‍ക്കാരില്‍ നിന്നും സഹായം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് റോഡുപരോധിച്ച് പ്രതിഷേധിച്ചു.
ശക്തമായി വീശിയ കാറ്റില്‍ വിവാഹ മണ്ഡലം ഉള്‍പ്പെടെയാണ് തെന്നിനീങ്ങിയത്. വിവാഹ വേദി പൂര്‍ണമായും വെളളത്തില്‍ മുങ്ങി. വിവാഹത്തിന് എത്തിയ അതിഥികള്‍ കാറ്റില്‍പ്പെട്ടുപോകാതിരിക്കാന്‍ പന്തലിന്റെ കാലുകളില്‍ പിടിച്ച് നില്‍ക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ഫത്തേപൂര്‍ സിറ്റിയില്‍ കഴിഞ്ഞ നാല് ദിവസമായി മഴ പെയ്യുന്നുണ്ട്. കനത്ത കാറ്റില്‍ പലയിടത്തും വൈദ്യുതി പോസ്റ്റുകള്‍ നിലംപതിച്ചതോടെ വൈദ്യുതി പുനസ്ഥാപിക്കാന്‍ വൈകുകയാണ്.
തിങ്കളാഴ്ച വരെ ശക്തമായ മഴയും കാറ്റും ആലിപ്പഴ വീഴ്ചയും ഉണ്ടാകും എന്നാണ് രാജസ്ഥാനിലെ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെയായി ഉയരാമെന്നും മുന്നറിയിപ്പുണ്ട്. ജയ്പൂര്‍, ജയ്പൂര്‍ സിറ്റി, ആള്‍വാര്‍, ദൗസ, ഭാരത്പൂര്‍, കരൗളി, ജോധ്പൂര്‍, ജയ്‌സാല്‍മീര്‍, സികര്‍, നാഗൗര്‍, ചുരു, ബിക്കാനീര്‍, കോട്ട, ബുണ്ടി, ഭാരന്‍, ടോങ്ക്, അജ്മീര്‍, സവായി മധോപൂര്‍ എന്നിവിടങ്ങളില്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.












Click it and Unblock the Notifications