'ഭാരത് ജോഡോ യാത്ര ഉള്ളിടത്താണ് ബിജെപിക്ക് കൊവിഡ്.. പാത്രം കൊട്ടാൻ പറഞ്ഞ മാന്യൻ'; വാക്ക് പോര് തുടരുന്നു
കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ഭാരത് ജോഡോ യാത്ര നിർത്തി വെയ്ക്കണമെന്ന നിർദ്ദേശത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ബി ജെ പിക്ക് തോന്നുമ്പോഴെല്ലാം രാജ്യത്ത് എവിടെ വേണമെങ്കിലും പരിപാടികൾ നടത്താം. എന്നാൽ ഭാരത് ജോഡോ യാത്ര പോകുന്നിടത്ത് മാത്രം അവർ കൊവിഡ് കാണും, എന്നായിരുന്നു രാഹുലിന്റെ വിമർശനം.

'കൊവിഡ് വീണ്ടും വ്യാപിക്കുകയാണെന്ന് കാണിച്ച് കേന്ദ്ര മന്ത്രി തനിക്ക് കത്തയച്ചിരിക്കുകയാണ്. ഭാരത് ജോഡോ യാത്ര അവസാനിപ്പിക്കണമെന്നാണ് എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ ബിജെപിക്ക് എത്ര പൊതുയോഗങ്ങൾ വേണമെങ്കിലും നടത്താം, എന്നാൽ ഭാരത് ജോഡോ യാത്ര നടക്കുന്നിടത്ത് മാത്രം അവർ കൊവിഡ് കാണും', രാഹുൽ പറഞ്ഞു.

അതേസമയം കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശും രംഗത്തെത്തി. ഭാരത് ജോഡോ യാത്ര അട്ടിമറിക്കാൻ ലക്ഷ്യം വെച്ച് കൊണ്ടാണ് കഴിഞ്ഞ രണ്ട് ദിവസമായുള്ള ബിജെപിയുടെ നാടകങ്ങൾ എന്ന് ജയറാം രമേശ് തുറന്നടിച്ചു. കേന്ദ്രസർക്കാരിന്റെ കൊവിഡ് മാർഗനിർദ്ദേശങ്ങൾ കോൺഗ്രസ് പാലിക്കുന്നുണ്ടെന്നും ജയറാം രമേശ് പറഞ്ഞു.

'രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ദില്ലിയിൽ എത്തുന്നത് ഏത് വിധേനയും അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ട് ദിവസമായി ബി ജെ പി നടത്തുന്ന നാടകങ്ങൾ. ഞാൻ ഇന്ന് രാവിലെ മുതൽ മാസ്ക് ധരിച്ചിരുന്നു. നാളെ മുതൽ യാത്രയിലുള്ള എല്ലാവരും മാസ്ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ശാസ്‌ത്രീയവും വിദഗ്ദർ നിർദ്ദേശിക്കുന്നതുമായ ഏത് വിധം പ്രോട്ടോകേളുകളും ഏകീകൃതമായി രാജ്യത്ത് നടപ്പാക്കുന്നുണ്ടെങ്കിൽ അത് പാലിക്കാൻ കോൺഗ്രസ് പാർട്ടിയും തയ്യാറാണ്. ഞങ്ങൾ മുൻപും അത്തരം നിർദ്ദേശങ്ങൾ പിന്തുടർന്നിട്ടുണ്ട്. അല്ലാതെ മഹാഭാരത യുദ്ധം പോലെ 18 ദിവസത്തിനുള്ളിൽ കൊവിഡ് സാഹചര്യത്തെ അതിജീവിക്കാമെന്ന് പറഞ്ഞ പാർട്ടിക്കാരല്ല ഞങ്ങൾ', ജയറാം രമേശ് പറഞ്ഞു.

18 ദിവസത്തിനുള്ളിൽ കോവിഡ് യുദ്ധത്തിൽ നമ്മൾ വിജയിക്കുമെന്ന് പറഞ്ഞ ഒരു മാന്യനുണ്ട്. ബാൽക്കണിയിൽ പോയി കൈയ്യടിച്ചാൽ മഹാമാരിയെ നേരിടാനാകുമെന്ന് ഇന്ത്യക്കാരെ ഉപദേശിച്ച ഒരു മാന്യനും ഉണ്ടായിരുന്നു. പ്രധാനമന്ത്രി മാസ്ക് ധരിക്കുന്നത് ടിവിയിൽ കാണിക്കാൻ വേണ്ടി മാത്രമാണ്', അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു ഭാരത് ജോഡോ യാത്ര നിർത്തി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ രാഹുൽ ഗാന്ധിയ്ക്ക് കത്തയച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ യാത്ര നിർത്തിവയ്ക്കേണ്ടി വരുമെന്നായിരുന്നു മന്ത്രി വ്യക്തമാക്കിയത്.മാസ്ക് കൃത്യമായി ധരിക്കണമെന്നും വാക്സിൻ എടുത്തവരെ മാത്രമേ യാത്രയിൽ പങ്കെടുപ്പിക്കാൻ പാടുള്ളൂവെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ കഴിയില്ലെങ്കിൽ ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ച് യാത്ര മാറ്റിവയ്ക്കണമെന്നും കത്തിൽ നിർദ്ദേശിച്ചിരുന്നു.

അതേസമയം ശനിയാഴ്ചയോടെ രാഹുൽ ഗാന്ധിയുടെ യാത്ര രാജ്യതലസ്ഥാനത്ത് പ്രവേശിക്കും. നടനും മക്കൾ നീതി മയ്യം പാർട്ടി തലവനുമായ കമൽഹാസൻ, സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബാംഗങ്ങളും ഉന്നത കോൺഗ്രസ് നേതാക്കളും യാത്രയുടെ ഭാഗമാകും.യാത്രയിൽ 40,000 മുതൽ 50,000 വരെ പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അനിൽ ചൗധരി പറഞ്ഞു. ദില്ലിയ്ക്ക് ശേഷം ജനവരി 3 ഓടെ ഉത്തർപ്രദേശിലാണ് യാത്ര പര്യടനം നടത്തുക. ഇവിടെ മൂന്ന് ജില്ലകളിലൂടെയാണ് യാത്ര കടന്ന് പോകുക.












Click it and Unblock the Notifications