നദികള്‍ നീന്തി, മാവോയിസ്റ്റ് മേഖലയില്‍ കടന്നുചെന്നു; നിര്‍ഭയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് പറയാനുള്ളത്
ദില്ലി: നിര്‍ഭയ കൂട്ടബലാത്സംഗ കൊലപാതക കേസില്‍ പ്രതികളായ നാല് പേരയും ഇന്ന് പുലര്‍ച്ചെ 5.30 തൂക്കിലേറ്റിയതോടെ ഒരു കുടുംബത്തിന്റെ ഏഴ് വര്‍ഷത്തെ നിയമപോരാട്ടത്തിന് അന്ത്യം കുറിക്കുകയാണ്. കേസിലെ പ്രതികളായ മുകേഷ് സിംഗ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ, അക്ഷയം എന്നിവരെയാണ് തീഹാര്‍ ജയിലില്‍ വച്ച് ഇന്ന് തൂക്കിക്കൊന്നത്. ദയാഹര്‍ജി ഉള്‍പ്പടെയുള്ള എല്ലാ നിയമത്തിന്റെ പരിരക്ഷകളും അവസാനിച്ചതോടെയാണ് ഇന്ന് ശിക്ഷ നടപ്പാക്കിയത്.
പ്രതികളെ തൂക്കിലേറ്റിയ ഈ നിമിഷം ഓര്‍ക്കേണ്ട ഒരാളാണ് കേസിന്റെ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച മുന്‍ ദില്ലി പൊലീസ് കമ്മിഷണര്‍ നിരജ് കുമാര്‍. വിധി നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി അദ്ദേഹവും രംഗത്തെത്തി. വളരെ സന്തോഷം നല്‍കുന്ന നിമിഷമാണിതെന്നും നിര്‍ഭയയുടെ മാതാപിതാക്കള്‍ക്ക് ഇപ്പോഴാണ് നീതി ലഭിച്ചതെന്നും നീരജ് കുമാര്‍ പറഞ്ഞു. അന്ന് അന്വേഷണം ശരിയായ രീതിയില്‍ മുന്നോട്ട് പോയതുകൊണ്ടാണ് പ്രതികള്‍ക്ക് ഇന്ന് വധശിക്ഷ ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്വേഷണത്തിലെ സാഹസികത
കേസന്വേഷണത്തിലെ സാഹസികതയും ശാസ്ത്രീയതയുമാണ് ഇന്ന് പ്രതികള്‍ക്ക് വധ ശിക്ഷ നടപ്പാക്കാന്‍ കാരണമായത്. സംഭവം നടന്നതിന് ശേഷം പ്രതികളെ പിടിക്കാന്‍ വ്യത്യസ്ത ടീമുകള്‍ക്ക് രൂപം നല്‍കി. നദികള്‍ നീന്തിക്കടന്നും മാവോയിസ്റ്റ് മേഖലയില്‍ കടന്നുചെന്നുമാണ് പ്രതികളെ പിടികൂടിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. കേസന്വേഷണത്തിന് സഹകരിച്ച ഉദ്യോഗസ്ഥരെ ഈ അവസരത്തില്‍ ഓര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സമ്മര്‍ദ്ദം
നിര്‍ഭയ കേസിലെ പ്രതികളെ വിശന്നുവലയുന്ന സിംഹങ്ങള്‍ക്ക് മുമ്പില്‍ വലിച്ചെറിയണമെന്ന് പലരും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി സന്ദേശമാണ് ഞങ്ങളെ തേടിയെത്തിയത്. വലിയ സമ്മര്‍ദ്ദമാണ് അന്ന് നേരിട്ടത്. ചിലര്‍ പ്രതികളെ പരസ്യമായി തല്ലിക്കൊല്ലണമെന്നും വന്ധ്യംകരിക്കണമെന്നുമൊക്കെ ആവശ്യപ്പെട്ടു. എന്നാല്‍ ഞങ്ങള്‍ നിയമ മാര്‍ഗത്തില്‍ ഉറച്ചുനിന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നാല് പേര്‍ക്കും ഒരേസമയം തൂക്കുകയര്‍
നിര്‍ഭയ കേസിലെ നാല് പ്രതികളെയും ഇന്ന് രാവിലെ 5.30നാണ് തൂക്കിലേറ്റിയത്. വധശിക്ഷ മാറ്റിവയ്ക്കുന്നതിനായി അവസാന ശ്രമം വരെയെന്ന നിലയില്‍ പ്രതികളുടെ അഭിഭാഷകന്‍ പുലര്‍ച്ചെവരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ എല്ലാ ഹര്‍ജികളും തള്ളുകയായിരുന്നു. പിന്നീട് പ്രതികളുടെ വധശിക്ഷ നടപ്പാക്കി നാല് പേരുടെയും വധശികഷ ഒരുമിച്ചാണ് തീഹാര്‍ ജയിലില്‍ നടപ്പിലാക്കിയത്.

ആര്‍ത്തുവിളിച്ച് ജനക്കൂട്ടം
കേസിലെ നാല് പ്രതികളുടേയും വധശിക്ഷ നടപ്പിലാക്കിയപ്പോള്‍ അതിനെ ഹര്‍ഷാരവത്തോടെ ആണ് ആള്‍ക്കൂട്ടം സ്വീകരിച്ചത്.
പുറത്ത് വലിയ ബന്ദവസ്സ് ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ആളുകള്‍ കൂട്ടം കൂടിയെത്തിയിരുന്നു. വധശിക്ഷ നടപ്പിലാക്കി എന്നറിഞ്ഞ നിമിഷം മുതല്‍ അവര്‍ ആഹ്ലാദ പ്രകടനം തുടങ്ങി. സമാനമായ സാഹചര്യം തന്നെ ആയിരുന്നു നിര്‍ഭയയുടെ വീടിന് മുന്നില്‍. ആളുകള്‍ വലിയ സന്തോഷം ആണ് നാല് പ്രതികളേയും തൂക്കിക്കൊന്നതില്‍ പ്രകടിപ്പിച്ചത്. നിര്‍ഭയയുടെ അനുഭവം ഇനിയാര്‍ക്കും ഉണ്ടാകരുത് എന്നാണ് അമ്മ ആശാദേവി പ്രതികരിച്ചത്. ഏഴ് വര്‍ഷത്തെ പോരാട്ടങ്ങള്‍ക്കാണ് ഇപ്പോള്‍ ഫലം കണ്ടത് എന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുടെ പോരാട്ടം തുടരുമെന്നും അവര്‍ പറഞ്ഞു.
Recommended Video

2012 ഡിസംബര്‍ 16
2012 ഡിസംബര്‍ 16നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തിനൊപ്പം സിനിമ കണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ബസില്‍ വെച്ച് നിരവധി തവണ പീഡിപ്പിക്കപ്പെടുകയും ക്രൂരമായി ആക്രമിക്കപ്പെടുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെയും സുഹൃത്തിനേയും അക്രമികള്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടി സിംഗപ്പൂരില്‍ വെച്ച് 2012 ഡിസംബര്‍ 29ന് മരണമടയുകയായിരുന്നു.












Click it and Unblock the Notifications