മേഘാലയ മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മ ബിജെപിയിലേക്ക്: കൂടെ നാല് എംഎല്‍എമാരും?
അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുൻ മേഘാലയ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് എം എൽ എയുമായ മുകുൾ സാംഗ്മ ബി ജെ പിയിലേക്ക് ചേക്കേറിയേക്കുമെന്ന് അഭ്യൂഹം. ഊഹാപോഹങ്ങൾക്ക് ശക്തിപകർന്നുകൊണ്ട് മുകുൾ സാംഗ്മ പാർട്ടിയിൽ ചേരാൻ താൽപ്പര്യം പ്രകടിപ്പിച്ചാൽ ബി ജെ പിയുടെ വാതിൽ തുറന്ന് കിടക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ റിക്മാൻ ജി മോമിനും വ്യക്തമാക്കി.
'പാർട്ടിയിൽ ചേരാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നു, അദ്ദേഹം (മുകുൾ സാംഗ്മ) പാർട്ടിയിൽ ചേർന്നാൽ അത് വലിയ സന്തോഷമായിരിക്കും" മോമിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബി ജെ പിയില്‍ ചേരാൻ തയ്യാറുള്ളവരെ പാർട്ടി ഏത് സമയവും ക്ഷണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും, പാർട്ടിയുടെ കേന്ദ്ര നേതൃത്വവുമായി മുകുൾ സാംഗ്മ നടത്തിയ ചർച്ചകളെക്കുറിച്ച് ഇതുവരെ എന്തെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും ബി ജെ പി മേഘാലയ മേധാവി വ്യക്തമാക്കി.

തുറ പാർലമെന്റ് സീറ്റിൽ നിന്നുള്ള ലോക്‌സഭാ ടിക്കറ്റിൽ ടി എം സി വിട്ട് ബി ജെ പിയിൽ ചേരുന്ന മുഖ്യമന്ത്രി മത്സരിച്ചേക്കുമെന്നാണ് അഭ്യൂഹം. ഈ സീറ്റിലേക്കുള്ള ബി ജെ പി സ്ഥാനാഡത്ഥിയെ ഇതുവരെ പ്രഖ്യാപിക്കാത്തതിനെ തുടർന്നാണ് ഈ ഊഹാപോഹങ്ങൾ ഉയരുന്നത്. അതേസമയം ഈ വിഷയത്തില്‍ മുകുള്‍ സാങ്മ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സാങ്മ ഉള്‍പ്പെടെ നാല് ടി എം സി നിയമസഭാംഗങ്ങൾ ബി ജെ പിയിലേക്കുള്ള വഴിതേടുകയാണെന്നാണ് റിപ്പോർട്ട്. ഡോ സാംഗ്മ തന്നെയാണ് ലയന നീക്കത്തിന് തുടക്കമിട്ടതെന്നും പറയപ്പെടുന്നു. അതേസമയം, സാങ്മയുടെ ബി ജെ പി പ്രവേശനത്തിന് നാഷണൽ പീപ്പിൾസ് പാർട്ടിയുടെ മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മയാണ് പ്രധാന തടസ്സം.
തന്റെ പഴയ എതിരാളി തന്റെ ഭരണ സഖ്യത്തിലുള്ള ഒരു പാർട്ടിയിൽ ചേരുന്നതില്‍ അദ്ദേഹത്തിന് താല്‍പര്യമില്ല. കൂടാതെ സാങ്മ ബി ജെ പിയില്‍ ചേരാനുള്ള ഏത് സാധ്യതയും ഇല്ലാതാക്കാൻ ഹിമന്ത ബിശ്വ ശർമ്മ മുഖേനെ കോൺറാഡ് കെ സാങ്മ നീക്കം നടത്തുന്നതായും റിപ്പോർട്ടുണ്ട്. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിനും അടുത്ത വർഷം നടക്കാനിരിക്കുന്ന സ്വയംഭരണാധികാരമുള്ള ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിനും പാർട്ടി തയ്യാറാണെന്നും ബി ജെ പി അധ്യക്ഷന്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications