മൂന്നാം മോദി സർക്കാരിൽ ഇടമില്ലാതെ മുൻ കേന്ദ്രമന്ത്രിമാർ; സ്‌മൃതി ഇറാനിയും അനുരാഗ് താക്കൂറും പുറത്ത്?
ന്യൂഡൽഹി: ഇന്ന് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റെടുക്കുന്ന മൂന്നാം മോദി സർക്കാരിൽ നിന്ന് കഴിഞ്ഞ മന്ത്രിസഭയിലെ മൂന്ന് പേർ പുറത്തെന്ന് ട്ടുമായി ദേശീയ മാധ്യമങ്ങൾ. സ്‌മൃതി ഇറാനി, അനുരാഗ് താക്കൂർ, നാരായൺ റാണെ തുടങ്ങിയ മുൻ മന്ത്രിമാരെ ഒഴിവാക്കിയതായാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. കഴിഞ്ഞ മന്ത്രിസഭയിലെ ശക്തമായ സാന്നിധ്യമായിരുന്നു ഇവർ.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വമ്പൻ തോൽവി ഏറ്റുവാങ്ങിയതാണ് സ്‌മൃതി ഇറാനിക്ക് തിരിച്ചടിയായതെന്നാണ് സൂചന. ഇത്തവണ അമേഠിയിൽ തന്നെ മത്സരിച്ച സ്‌മൃതി ഇറാനിക്ക് പക്ഷേ കാര്യങ്ങൾ എളുപ്പമായിരുന്നില്ല. കഴിഞ്ഞ തവണ രാഹുൽ ഗാന്ധിയെ തോൽപ്പിച്ച ലാഘവത്തിൽ ഇക്കുറിയും മത്സരം ഏകപക്ഷീയമായി പിടിച്ചടക്കാൻ എന്ന് കരുതിയ സ്‌മൃതിയെ കോൺഗ്രസ് നേതാവ് കിഷോരി ലാൽ ശർമ്മ പരാജയപ്പെടുത്തുകയായിരുന്നു.

ഏകദേശം ഒന്നര ലക്ഷത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു കിഷോരി ലാലിന്റെ ജയം. മറുഭാഗത്ത് അനുരാഗ് താക്കൂറും നാരായൺ റാണെയും ഈ തിരഞ്ഞെടുപ്പിൽ വിജയിച്ചു വന്നവരാണ്. എന്നാൽ ഇവരെയും ഇക്കുറി പരിഗണിക്കുന്നില്ലെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. കഴിഞ്ഞ സർക്കാരിലെ മൂന്ന് ബിജെപി മന്ത്രിമാർ ഇതോടെ ഇത്തവണ ഉണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായി.
ഹിമാചൽ പ്രദേശിലെ ഹമിർപൂരിൽ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച താക്കൂർ, സ്പോർട്സ്, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് വകുപ്പുകളാണ് കഴിഞ്ഞ തവണ കൈകാര്യം ചെയ്‌തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന ഏറ്റവും പുതിയ സഖ്യ സർക്കാരിൽ അദ്ദേഹം കേന്ദ്രമന്ത്രിസഭയുടെ ഭാഗമാകില്ലെന്നാണ് ഇപ്പോൾ അടുത്ത വൃത്തങ്ങൾ അറിയിച്ചത്.
മൂന്നാം മോദി മന്ത്രിസഭയുടെ ഭാഗവുമെന്ന് കരുതപ്പെടുന്ന ചില ബിജെപി നേതാക്കൾ ഇവരൊക്കെയാണ്: അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിർമല സീതാരാമൻ, എസ് ജയശങ്കർ, നിതിൻ ഗഡ്‌കരി, മൻസുഖ് മാണ്ഡവ്യ, പിയൂഷ് ഗോയൽ, അശ്വിനി വൈഷ്‌ണവ്, ധർമേന്ദ്ര പ്രധാൻ, ഭൂപേന്ദ്ര യാദവ്, പ്രഹ്ലാദ് ജോഷി, കിരൺ റിജിജു, സിആർ പാട്ടീൽ, എൽ മുരുകൻ, ഹർദീപ് പുരി, എം എൽ ഖട്ടർ, ശിവരാജ് ചൗഹാൻ, ഗജേന്ദ്ര ഷെഖാവത്ത്, സുരേഷ് ഗോപി, ജിതിൻ പ്രസാദ.
എച്ച് ഡി കുമാരസ്വാമി, ജയന്ത് ചൗധരി, പ്രതാപ് ജാദവ്, രാം മോഹൻ നായിഡു, സുധേഷ് മഹാതോ, ലല്ലൻ സിംഗ് എന്നിവരാണ് മന്ത്രിമാരായി വരാൻ ഇടയുള്ള ദേശീയ ജനാധിപത്യ സഖ്യത്തിലെ (എൻഡിഎ) മറ്റ് പാർട്ടികളുടെ നേതാക്കൾ. കഴിഞ്ഞ തവണ എൻഡിഎ സർക്കാരിന്റെ ഭാഗമായിരുന്ന രാജീവ് ചന്ദ്രശേഖറും ഇക്കുറി ഉണ്ടാവില്ലെന്നാണ് ലഭ്യമായ വിവരം.












Click it and Unblock the Notifications