ലിംഗനീതി ഉറപ്പാക്കണം: സ്ത്രീകളേക്കുറിച്ചുള്ള പരാമർശങ്ങള്‍ക്കായി കൈപ്പുസ്തകം പുറത്തിറക്കി സുപ്രീംകോടതി
ഡല്‍ഹി: കോടതി നടപടികളില്‍ ഉപയോഗിക്കുന്ന ഭാഷകളിലും പരാമർശങ്ങളിലും ലിംഗ നീതി ഉറപ്പാക്കുന്നതിന് വേണ്ടി കൈപ്പുസ്തകവുമായി സുപ്രീം കോടതി. സ്ത്രീകള്‍ ഉള്‍പ്പെടുന്ന കേസുകളിലെ വിധികളിലും വാദങ്ങളിലും പരാമർശങ്ങളിലും ഉപയോഗിക്കുന്ന വാക്കുകളും ശൈലികളും ലിംഗപരമായ മുന്‍വിധിയോടെയല്ലെന്ന് ഉറപ്പ് വരുത്താനാണ് കൈപ്പുസ്തകം തയ്യാറാക്കുന്നതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് വ്യക്തമാക്കി.
ജഡ്ജിമാർക്കും അഭിഭാഷകർക്കുമായിട്ടാണ് കൈപ്പുസ്തകം തയ്യാറാക്കുന്നത്. ലിംഗപരമായ സ്റ്റീരിയോടൈപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന ഭാഷ തിരിച്ചറിയുന്നതിനും അതിന് പകരം ഉപയോഗിക്കാവുന്ന ഇതര വാക്കുകളും ശൈലികളും അടങ്ങിയതാണ് കൈപ്പുസ്തകം. ലിംഗനീതി പുലർത്താത്ത വാക്കുകള്‍ക്കും ശൈലികള്‍ക്കും പകരം ഉപയോഗിക്കാവുന്ന പദങ്ങളുടെ വലിയ ശേഖരമാണ് പുസ്തകത്തിലുള്ളത്.

പഴയ കേസുകളുടെ വിധിയില്‍ സ്റ്റീരിയോ ടൈപ്പ് വാക്കുകളുപയോഗിച്ചിട്ടുണ്ടെന്നും അവയ്ക്കു പകരം ലിംഗനീതി ഉറപ്പാക്കുന്ന വാക്കുകളുപയോഗിക്കണം. സ്റ്റീരിയോ ടൈപ്പികളെ തകര്‍ക്കാനും ലിംഗനീതിയേക്കുറിച്ച് ബോധവത്കരണം നല്‍കാനുമാണ് കോടതിയുടെ ലക്ഷ്യമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
'നിയമവ്യവഹാരങ്ങളിലെ സ്ത്രീകളെക്കുറിച്ചുള്ള സ്റ്റീരിയോടൈപ്പുകൾ തിരിച്ചറിയാനും മനസ്സിലാക്കാനും ചെറുക്കാനും ജഡ്ജിമാരെയും നിയമസമൂഹത്തെയും സഹായിക്കാനാണിത്. ഇതിൽ ലിംഗപരമായ അന്യായമായ പദങ്ങളുടെ ഒരു ഗ്ലോസറി അടങ്ങിയിരിക്കുന്നു കൂടാതെ ഹരജികളും ഉത്തരവുകളും വിധിന്യായങ്ങളും തയ്യാറാക്കുമ്പോൾ ഉപയോഗിക്കാവുന്ന ഇതര പദങ്ങളും ശൈലികളും നിർദ്ദേശിക്കുന്നു. ഇത് അഭിഭാഷകർക്കും ജഡ്ജിമാർക്കുമുള്ളതാണ്' ചീഫ് ജസ്റ്റിസ് പറഞ്ഞു.
"വിധികളെ വിമർശിക്കുകയോ സംശയിക്കുകയോ ചെയ്യുകയല്ല ഉദ്ദേശ്യം, മറിച്ച് സ്റ്റീരിയോടൈപ്പുകൾ ഇല്ലാതെ എങ്ങനെ പ്രവർത്തിക്കാം എന്നാണ് ഉദ്ദേശിക്കുന്നത്. ഹാനികരമായ സ്റ്റീരിയോടൈപ്പുകളുടെ ഉപയോഗത്തിനെതിരെ, പ്രത്യേകിച്ച് സ്ത്രീകൾക്കെതിരായവയ്ക്കെതിരെ അവബോധം വളർത്തുകയെന്നാണ് കൈപ്പുസ്തകത്തിലൂടെ ശ്രമിക്കുന്നത്" ചന്ദ്രചൂഢ് കൂട്ടിച്ചേർത്തു.
സ്ത്രീകളെക്കുറിച്ചുള്ള പഴഞ്ചൻ അല്ലെങ്കിൽ തെറ്റായ ആശയങ്ങൾ പ്രതിഫലിപ്പിക്കുന്ന പ്രയോഗങ്ങള്‍ എല്ലാ വ്യക്തികൾക്കും ലിംഗഭേദമില്ലാതെ. തുല്യ അവകാശങ്ങൾ ഉറപ്പാക്കാൻ ശ്രമിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെയും നിയമത്തിന്റെയും പരിവർത്തന പദ്ധതിയെ തടയുന്നു. ഈ കൈപ്പുസ്തകം അഭിഭാഷകവൃത്തിയിലേർപ്പെട്ടിരിക്കുന്ന എല്ലാ അംഗങ്ങളും വായിക്കുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു.
ഇന്ത്യയില്‍ നിയമപരമായ ന്യായവാദവും എഴുത്തും സ്ത്രീകളെക്കുറിച്ചുള്ള ദോഷകരമായ ധാരണകളില്ലാത്തതാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. എല്ലാ ലിംഗഭേദങ്ങളിലുമുള്ള വ്യക്തികൾക്കും തുല്യവും നിഷ്പക്ഷവുമായ നീതി നൽകാൻ കോടതികൾക്ക് കഴിയുമെന്ന് ഉറപ്പാക്കുന്നതിനുള്ള ഒരു നിർണായക രേഖയായിരിക്കും ഇതെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
ഒഴിവാക്കേണ്ടതും പകരം ഉപയോഗിക്കേണ്ടതുമായ ചില വാക്കുകള്‍
കാമാതുരയായ സ്ത്രീ - സ്ത്രീ
പ്രോസ്റ്റിറ്റ്യൂട്ട്, സ്ലട്ട് (വേശ്യ) - സ്ത്രീ
വ്യഭിചാരിണി - സ്ത്രീ
ബാലവേശ്യ - മനുഷ്യക്കടത്തിനിരയായ കുട്ടി
അവിവാഹിതയായ അമ്മ - അമ്മ
ട്രാൻസ് സെക്ഷ്വൽ - ട്രാൻസ്‌ജെൻഡർ
ലിംഗമാറ്റം - ലിംഗ പുനർനിർദേശം അല്ലെങ്കിൽ ലിംഗപരിണാമം
അവിഹിതബന്ധത്തിലേർപ്പെടുന്നവൾ - വിവാഹത്തിന് പുറത്തുള്ള ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവൾ
അഫയർ - വിവാഹത്തിന് പുറത്തുള്ള ബന്ധം
ബാസ്റ്റാർഡ് - വിവാഹബന്ധത്തിലൂടെയല്ലാതെയുണ്ടായ കുട്ടി, അല്ലെങ്കിൽ വിവാഹിതരല്ലാത്ത ദമ്പതിമാരുടെ കുട്ടി
പൂവാലശല്യം - തെരുവിലെ ലൈംഗികപീഡനം.
ബലംപ്രയോഗിച്ചുള്ള ബലാത്സംഗം - ബലാത്സംഗം
ഹൗസ്‌വൈഫ് - ഹോം മേക്കർ
ഇന്ത്യൻ സ്ത്രീ, വെസ്‌റ്റേൺ സ്ത്രീ - സ്ത്രീ
പ്രകോപനമുണ്ടാക്കുന്ന വസ്ത്രം - വസ്ത്രം












Click it and Unblock the Notifications