ഗോവയില്‍ മഹാരാഷ്ട്ര മോഡല്‍? തൃണമൂലിനേയും കോണ്‍ഗ്രസിനേയും കൂട്ടി സഖ്യത്തിന് പവാര്‍, ഇടഞ്ഞ് കോണ്‍ഗ്രസ്
പനാജി: വരാനിരിക്കുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയ്‌ക്കെതിരെ മഹാരാഷ്ട്ര മോഡല്‍ സഖ്യത്തിന് എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാറിന്റെ ശ്രമം. കോണ്‍ഗ്രസിനേയും സംസ്ഥാനത്ത് പുതുതായി സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്ന തൃണമൂലിനേയും ഒപ്പം ചേര്‍ത്ത് സഖ്യ രൂപീകരണത്തിനായി ശരദ് പവാര്‍ നീക്കം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.
ശരദ് പവാര്‍ ഇക്കാര്യം സ്ഥിരീകരിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 'തൃണമൂലും എന്‍ സി പിയും കോണ്‍ഗ്രസും ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഞങ്ങള്‍ നോക്കുന്ന സീറ്റുകള്‍ അവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഉടന്‍ തീരുമാനമുണ്ടാകും,' ശരദ് പവാര്‍ പറഞ്ഞു.
ഗോവയില്‍ സഖ്യം ചേരുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തുവെന്നും ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. ഗോവയില്‍ ഒരു മാറ്റം ആവശ്യമാണ്, ബി ജെ പി സര്‍ക്കാര്‍ മാറ്റേണ്ടതുണ്ടെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ശരദ് പവാറിന്റെ വാദങ്ങള്‍ കോണ്‍ഗ്രസ് നിഷേധിച്ചു. തൃണമൂലുമായുള്ള സഖ്യത്തിനുള്ള ചര്‍ച്ചകള്‍ നടക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദിനേഷ് ആര്‍ ഗുണ്ടു റാവു പറഞ്ഞു. ഗോവയില്‍ കോണ്‍ഗ്രസിലെ നേതാക്കളെ അടര്‍ത്തിയെടുത്താണ് തൃണമൂല്‍ നിലയുറപ്പിക്കാന്‍ ശ്രമിക്കുന്നത്. ബി ജെ പിയ്ക്ക് പകരം കോണ്‍ഗ്രസിനെയാണ് തൃണമൂല്‍ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ അവര്‍ക്ക് സീറ്റ് നല്‍കാന്‍ തങ്ങളുടെ സഖ്യം വേണമെന്നും അദ്ദേഹം പരിഹസിച്ചു. മഹാരാഷ്ട്രയില്‍ ബി ജെ പിയെ ഭരണത്തില്‍ നിന്ന് പുറത്താക്കാന്‍ മഹാ വികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നില്‍ ശരദ് പവാറിന്റെ നീക്കങ്ങളായിരുന്നു. സമാന തന്ത്രം ഗോവയിലും പയറ്റാനാണ് പവാര്‍ ശ്രമിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് ബി ജെ പി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കഴിഞ്ഞ ദിവസം മന്ത്രി മൈക്കല്‍ ലോബോയും എം എല്‍ എ പ്രവീണ്‍ സാന്ത്യയും ബി ജെ പിയില്‍ നിന്ന് രാജിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നാല് എം എല്‍ എമാരാണ് സംസ്ഥാനത്ത് ബി ജെ പി വിട്ടത്. 40 അംഗ നിയമസഭയില്‍ 23 എം എല്‍ എമാരാണ് ഇപ്പോള്‍ ബി ജെ പിക്കുള്ളത്.
എന്നാല്‍ സംസ്ഥാനത്ത് ബി ജെ പിയ്ക്ക് തുടര്‍ഭരണം ലഭിക്കുമെന്നാണ് എബിപി ന്യൂസ്-സിവോട്ടര്‍ സര്‍വ്വെ പറയുന്നത്. 32 ശതമാനം വോട്ട് നേടി ബി ജെ പിക്ക് കേവല ഭൂരിപക്ഷം നേടാന്‍ സാധിക്കുമെന്നാണ് സര്‍വേയില്‍ പറയുന്നത്. അതേസമയം പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ആം ആദ്മി കുതിക്കുമെന്നും പ്രവചനമുണ്ട്. 23 ശതമാനം വോട്ടാണ് എഎപിക്ക് ലഭിക്കുക.
മൂന്നാം സ്ഥാനത്തെത്തുന്ന കോണ്‍ഗ്രസിന് 19 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്നതാണ് ബി ജെ പിയ്ക്ക് ഇവിടെ ഗുണമാകുന്നത്. 40 അംഗ നിയമസഭയില്‍ 21 സീറ്റ് ബി ജെ പിക്ക് ലഭിക്കുമെന്ന് സര്‍വ്വെയില്‍ പറയുന്നത്. ഏഴ് സീറ്റ് വരെ എഎപിക്ക് കിട്ടുമെന്നും കോണ്‍ഗ്രസ് ആറിലൊതുങ്ങുമെന്നും പ്രവചിക്കുന്നു. 2017 ല്‍ കോണ്‍ഗ്രസിന് 17 സീറ്റ് കിട്ടിയിരുന്നു.












Click it and Unblock the Notifications