ഉത്പൽ പരീക്കർ പനാജിയിൽ പിന്നിൽ; ലീഡ് നേടാനാവാതെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും
ദില്ലി; മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കർ പനാജിയിൽ പിന്നിൽ. തുടക്കത്തിൽ ലീഡ് നിലനിർത്താൻ ആയെങ്കിലും അടുത്ത ഘട്ടത്തിലേക്ക് കടന്നതോടെ ബി ജെ പി സ്ഥാനാർത്ഥിയായ മോൺസറേറ്റയാണ് മണ്ഡലത്തിൽ മുന്നേറുന്നത്.
രണ്ട് പതിറ്റാണ്ടിലേറെയായി മനോഹർ പരീക്കറായിരുന്നു പനാജിയിൽ ബി ജെ പി ടിക്കറ്റിൽ മത്സരിച്ചിരുന്നത്. ഇക്കുറി തനിക്ക് സീറ്റ് നൽകണമെന്ന് ഉത്പൽ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നേതൃത്വം കൊടുക്കാൻ തയ്യാറായിരുന്നില്ല. പരീക്കറിന്റെ എതിരാളിയായി മത്സരിച്ച മോൺസറേറ്റിയ്ക്ക് ബി ജെ പി സീറ്റ് നൽകുകയായിരുന്നു. 2019 ൽ കോൺഗ്രസ് വിട്ട് ബി ജെ പിയിലെത്തിയ നേതാവാണ് മോൺസറേറ്റ്. സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് ഉത്പൽ പനാജിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. ശിവസേന- എൻ സി പി സഖ്യം ഉത്പലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

അതിനിടെ മുഖ്യമന്ത്രി പ്രമോദ് സാവന്തും പിന്നിലാണ് . സംകലിംഗ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ധർമേഷ് സാഗ്ലാനിയാണ് ലീഡ് ചെയ്യുന്നത്. അതേസമയം സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. 17 സീറ്റിൽ ബി ജെ പിയും 15 സീറ്റിൽ കോൺഗ്രസുമാണ് ലീഡ് ചെയ്യുന്നത്. കേവല ഭൂരിപക്ഷത്തിന് 21 സീറ്റുകളാണ് ആവശ്യം. തൂക്കുസഭയാണ് ഉണ്ടാകുന്നതെങ്കിൽ തൃണമൂൽ കോൺഗ്രസ്, എം ജി പി ഉൾപ്പെടെയുള്ള പാർട്ടികളുടെ നിലപാട് ഇവിടെ ഏറെ നിർണായകമാകും.
എം ജി പിക്ക് നിലവിൽ 3 സീറ്റുകളുണ്ട്. തൃണമൂലുമായി സഖ്യത്തിലായിരുന്നു എം ജി പി ഇക്കുറി മത്സരിച്ചിരുന്നത്. ഇതിനോടകം തന്നെ സഖ്യത്തിനായി എം ജി പിയെ ബി ജെ പി സമീപിച്ചിട്ടുണ്ട്. ഇവർ ബി ജെ പിക്ക് പിന്തുണ നൽകുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. നേരത്തേ തങ്ങളുടെ രണ്ട് എം എൽ എമാരെ അടർത്തിയെടുത്ത ബി ജെ പിയോട് കടുത്ത അമർഷം എം ജി പിക്ക് ഉണ്ട്. മുഖ്യമന്ത്രി പ്രമോദ് സാവന്തിനോടാണ് നേതൃത്വത്തിന് എതിർപ്പ്. സാവന്ദിന്റെ നേതൃത്വത്തിലുള്ള ബി ജെ പിയെ പിന്തുണയ്ക്കില്ലെന്ന് നേതൃത്വം വ്യക്തമായിട്ടുണ്ട്. അതേസമയം പ്രമോദിനെ മാറ്റി നിർത്തിയാൽ ബി ജെ പിയെ പിന്തുണയ്ക്കാൻ എം ജി പി തയ്യാറായേക്കുമെന്നുള്ള വിലയിരുത്തലുകൾ ഉണ്ട്. അതിനിടെ തൂക്കുസഭ മുൻകൂട്ടി കണ്ട് എം എൽ എമാരെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാനുള്ള നീക്കത്തിലാണ് കോൺഗ്രസ്.












Click it and Unblock the Notifications