സ്വർണത്തില്‍ ചിലരെ "ഫോമോ" പിടികൂടി: ആളുകള്‍ കടം എടുത്തും സ്വർണം വാങ്ങുന്നു; കാരണം ഇതാണ്
ഡല്‍ഹി: വില റെക്കോർഡ് തലത്തില്‍ ഉയർന്ന് നില്‍ക്കുമ്പോഴും രാജ്യത്തെ സ്വർണ വില്‍പ്പന തകൃതിയായി തുടരുന്നു. ദീപാവലിയും ധന്‍തേരസും അടുത്തതാണ് വില്‍പ്പന ഉയരാനുള്ള പ്രധാന കാരണം. വില വർധനവ് ഏതാനും പേരെ സ്വർണം വാങ്ങുന്നതില്‍ നിന്നും പിന്‍വലിപ്പിക്കുന്നുണ്ടെങ്കിലും മറ്റൊരു വിഭാഗത്തെ പിടികൂടിയിരിക്കുന്ന 'ഫോമോ'യാണ് വില്‍പ്പന ഉയരാനുള്ള കാരണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതായത് സ്വർണ വില ഇനിയും ഉയരുമോയെന്ന എന്ന ഭയം കാരണം ആളുകള്‍ കടം എടുത്താണേലും സ്വർണം വാങ്ങുകയാണ്.
വരാനിരിക്കുന്ന മാസങ്ങളില്‍ വിവാഹവും മറ്റും നടത്താനുള്ളവർ ഇപ്പോള്‍ തന്നെ സ്വർണം വാങ്ങുകയാണ്. "ഈ വർഷം ഉപഭോക്താക്കൾ കൂടുതലാണ്. വിലകൾ കൂടുമോ എന്ന ആശങ്കയാണ് കാരണം."ദില്ലിയിലെ ലജ്പത് നഗർ വിപണിയിലെ കുമാർ ജുവലേഴ്സിന്റെ ഉടമ പ്രകാശ് പഹ്ലജാനിയെ ഉദ്ധരിച്ച് ഫിനാന്‍സ് യാഹു ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. സ്വർണം വാങ്ങുന്നില്ലെന്ന് ആരും പറയുന്നില്ല. മറിച്ച് കുറച്ച് വാങ്ങുന്നു എന്നതാണ് നയം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാരം കുറഞ്ഞ നാണയങ്ങള്‍
25 മില്ലി ഗ്രാമിന്റെ സ്വർണ നാണയങ്ങള്‍ ഇപ്പോള്‍ കൂടുതലായി വിപണിയില്‍ എത്തിയിട്ടുണ്ട്. പരന്നതാണെങ്കിലും ഭാരമുള്ളവയെപ്പോലെ തോന്നിക്കുന്ന ഡിസൈനുകളിലാണ് ഇത് കൂടുതലാണ് വരുന്നത്. 3000 ത്തോളം രൂപ വരുന്ന ഈ നാണയങ്ങളുടെ വില്‍പ്പന തകൃതിയാണെന്ന് മറ്റൊരു ജ്വല്ലറി ഉടമയായ തനിഷ്ക് ഗുപ്തയും അഭിപ്രായപ്പെടുന്നു.
മുതിർന്നവരെ അപേക്ഷിച്ച് ചെറുപ്പക്കാർക്കിടയില്‍ സ്വർണ വാങ്ങുന്നതിലെ ട്രെന്‍ഡ് വളരെ അധികം മാറിയിട്ടുണ്ടെന്നും ജ്വല്ലറി ഉടമകള്‍ നിരീക്ഷിക്കുന്നു. യുവാക്കള്‍ ഏതെങ്കിലും പ്രത്യേക അവസരങ്ങള്‍ മുന്നില്‍ കണ്ടല്ല സ്വർണം വാങ്ങുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്ക് ധരിക്കാനുള്ള ആഭരണങ്ങള്‍ക്കാണ് അവർ മുന്‍തൂക്കം കൊടുക്കുന്നത്. ചിലർക്ക് വില ഇനിയും കൂടുമോ എന്ന ഭയമാണെങ്കില്‍ മറ്റ് ചിലരെ സംബന്ധിച്ച് വില കുറയുമെന്ന പ്രതീക്ഷകളുമുണ്ട്.
ആഭരണങ്ങള്‍ വാങ്ങുന്നവർ കുറഞ്ഞു
സ്വർണാഭരണങ്ങള്‍ വാങ്ങുന്നവരിലുണ്ടായിരിക്കുന്ന കുറവും ശ്രദ്ധേയമാണ്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് പ്രകാരം ഈ വർഷം രണ്ടാം പാദത്തില്‍ ആഭരമങ്ങളുടെ ഡിമാൻഡ് 80%ൽ നിന്ന് 64% ആയി കുറഞ്ഞു. മറുവശത്ത് നിക്ഷേപങ്ങള്‍ (കട്ടികള്‍, നാണയങ്ങൾ) 19%ൽ നിന്ന് 35% ആയി ഉയർന്നു. സെപ്റ്റംബറിൽ ഇടിഎഫുകളിലും ഡിജിറ്റൽ ഗോൾഡിലും റെക്കോർഡ് നിരക്കിലുള്ള ഒഴുക്കുണ്ടായി. ഇ ടി എഫ് ആസ്തികൾ 70 ശതമാനമായി വർധിച്ചു.
ലോക വിപണയില്‍ സ്വർണ വില ഉയർത്തുന്നതില്‍ ഇന്ത്യക്കും പ്രധാന പങ്കുണ്ട്. "കഴിഞ്ഞ 3 വർഷമായി ആർ ബി ഐ ഗ്ലോബൽ ഗോൾഡ് ഡിമാൻഡിന്റെ പ്രധാന നെടും തൂണാണ്. രാജ്യത്തിന്റെ വിദേശനാണ്യ റിസർവുകളിൽ സ്വർണം 9%ൽ നിന്ന് 14% ആയി. ഡോളർ സ്വാധീനം കുറയ്ക്കാനും ഭൗഗോളിക സമ്മർദ്ദത്തിന് സ്ഥിരതയ്ക്കും ഇത് സഹായിക്കുന്നു." കൊടക് സെക്യൂരിറ്റീസിന്റെ കായ്നാത് ചെയ്‌നിവാല പറയുന്നു.
അതേസമയം, ഫണ്ട്സ് ഇന്ത്യയുടെ പുതിയ റിപ്പോർട്ട് പ്രകാരം നിക്ഷേപകർക്ക് 20 വർഷത്തിൽ ഏറ്റവുമധികം റിട്ടേൺ നൽകിയിട്ടുള്ളത് സ്വർണ്ണമാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിൽ 15% വാർഷിക ശരാശരി നേട്ടമാണ് (CAGR) സ്വർണ്ണം നൽകിയത്. ഓഹരിവിപണികളുടെ കാര്യം പരിശോധിക്കുകയാണെങ്കില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ നിഫ്റ്റി സൂചിക വാർഷികാടിസ്ഥാനത്തിൽ 13.3% ഉയർച്ചയാണ് കൈവരിച്ചു. അതായത് നിക്ഷേപകരുടെ ആസ്തി 12.1 മടങ്ങ് വർധിച്ചു. റിയല്‍ എസ്റ്റേറ്റും വാർഷികാടിസ്ഥാനത്തിൽ 7.7% നേട്ടമാണ് കഴിഞ്ഞ 20 വർഷങ്ങളിൽ നൽകിയത്.












Click it and Unblock the Notifications