സ്വർണം എടിഎമ്മില്‍ കൊണ്ടിട്ടാല്‍ പണം ലഭിക്കും: രാജ്യത്ത് ഇത് ആദ്യം; വിജയകരമായാല്‍ കേരളത്തിലുമെത്തും
സാധാരണക്കാരനെ സംബന്ധിച്ച് വീട്ടില്‍ ഒരു തരി പൊന്നുണ്ടെങ്കില്‍ ഏറ്റവും അധികം ഉപകാരപ്പെടുക സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഘട്ടങ്ങളിലാണ്. ആരോടും കടം ചോദിക്കാതെ തന്നെ സ്വർണം ബാങ്കിലോ സഹകരണ സ്ഥാപനങ്ങളിലോ അതും അല്ലെങ്കില്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലോ പണയം വെച്ച് പണം വായ്പയായി സ്വീകരിക്കാവുന്നതാണ്. സ്വർണം ഈടായി നല്‍കുകയാണെങ്കില്‍ വളരെ എളുപ്പത്തില്‍ തന്നെ വായ്പ ലഭിക്കുകയും ചെയ്യും.
പ്രവർത്തി സമയങ്ങളില്‍ മാത്രമാണ് നമുക്ക് ഇത്തരത്തില്‍ ഏതൊരു വായ്പയും ലഭിക്കുകയുള്ളു. എന്നാല്‍ ഇപ്പോഴിതാ എ ടി എം വഴി സ്വർണം പണയം വെക്കാനുള്ള സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുകയാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ. വാറങ്കലിലാണ് എഐ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഗോള്‍ഡ് ലോണ്‍ എ ടി എം സെന്‍ട്രല്‍ ബാങ്ക് സ്ഥാപിച്ചിരിക്കുന്നത്. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു സംരംഭം.

വെള്ളിയാഴ്ച ബാങ്കിന്റെ വാറങ്കൽ ശാഖയിൽ നടന്ന ചടങ്ങില്‍ മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ എം വി റാവു ഈ അത്യാധുനിക എ ടി എം ഉദ്ഘാടനം ചെയ്തു. എ ഐ-പവർഡ് ഗോൾഡ് ലോൺ എ ടി എം സാമ്പത്തിക മേഖലയിൽ ഒരു ഗെയിം-ചേഞ്ചർ ആയിരിക്കുമെന്ന് എം വി റാവു അഭിപ്രായപ്പെട്ടു. ആധാറും മൊബൈൽ നമ്പർ വെരിഫിക്കേഷനും ഉപയോഗിച്ച് വെറും 10 മുതൽ 12 മിനിറ്റിനുള്ളിൽ സ്വർണ്ണ വായ്പയുടെ നടപടിക്രമങ്ങള്‍ പൂർത്തീകരിക്കാന്‍ സാധിക്കും.
എ ടി എമ്മില്‍ സ്ഥാപിച്ചിരിക്കുന്ന പ്രത്യേക ബോക്സിലാണ് ഉപഭോക്താവ് കൊണ്ടുവരുന്ന സ്വർണ്ണാഭരണം വെക്കേണ്ടത്. എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരിക്കും സ്വർണ്ണാഭരണങ്ങളുടെ ഗുണനിലവാരവും ഭാരവും വിലയിരുത്തുക. സുതാര്യത ഉറപ്പാക്കിക്കൊണ്ട് നിലവിലെ വിപണി വിലയെ അടിസ്ഥാനമാക്കിയുള്ള വായ്പ അപ്പോള്‍ തന്നെ അനുവദിക്കും.
ലോണ്‍ ആയി അനുവദിക്കുന്ന തുകയുടെ 10 ശതമാനം മാത്രമായിരിക്കും എ ടി എം വഴി ലഭിക്കുക. ബാക്കി തുക ഉപഭോക്താവിന്റെ അക്കൗണ്ടിലേക്കും കൈമാറും. നിലവില്‍ ഈ സേവനം സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ട് ഉടമകള്‍ക്ക് മാത്രമായിരിക്കും ലഭ്യമാകുക. എന്നാല്‍ തുടർന്നുള്ള കാലയളവില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. എ ഐ അധിഷ്ഠിത ഗോള്‍ഡ് ലോണ്‍ എ ടി എം വരുന്നതിലൂടെ ഉപോഭക്താക്കള്‍ക്കും അതുപോലെ തന്നെ ബാങ്ക് ജീവനക്കാർക്കും വലിയ തോതില്‍ സമയം ലാഭിക്കാന്‍ സാധിക്കും.
സ്വർണത്തിന്റെ മൂല്യത്തിന്റെ കാര്യത്തിലുള്ള ഏതെങ്കിലും തരത്തിലുള്ള കബളിക്കപ്പെടലിനോ ജീവനക്കാർക്ക് പക്ഷപാതം കാണിക്കാനുള്ള സാഹചര്യവും ഗോള്‍ഡ് എ ടി എം ഇല്ലാതാക്കുന്നു. വാറങ്കലിലെ പദ്ധതി വിജയകരമാണോയെന്ന് പരിശോധിച്ചതിന് ശേഷമായിരിക്കും പദ്ധതി രാജ്യത്തുടനീളമുള്ള മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുക.
അതേസമയം, സ്വർണ വില റെക്കോർഡുകള്‍ ഭേദിച്ച് കുതിച്ചുകൊണ്ടിരിക്കുമ്പോഴും രാജ്യത്തെ സ്വർണ്ണപ്പണയ തോതുകള്‍ വലിയ തോതില്‍ വർധിച്ചുകൊണ്ടിരിക്കുകയാണ്. അതായത് ഉപഭോക്താക്കൾ അവരുടെ സ്വർണ്ണ ആസ്തികളുടെ വർദ്ധിച്ചുവരുന്ന മൂല്യം പണയപ്പെടുത്തതിലൂടെ ഉപയോഗപ്പെടുത്തുകയാണ്.
ആർ ബി ഐ പുറത്തുവിട്ട 2024 ഡിസംബറിൽ അവസാനിച്ച ഒമ്പത് മാസ കാലയളവിൽ രാജ്യത്തെ സ്വർണ്ണപ്പണ വായ്പ 68.3 ശതമാനം അഥവാ 70000 കോടി രൂപ വർദ്ധിച്ച് 1.72 ലക്ഷം കോടി രൂപയായി. മുൻ വർഷത്തെ ഇതേ കാലയളവിൽ സ്വർണ്ണ വായ്പയിലെ വളർച്ച 12.7 ശതമാനം മാത്രമായിരുന്നു. മൊത്തം വായ്പ തുക ഒരു ലക്ഷം കോടി രൂപയും. എസ് ബി ഐ പുറത്തുവിട്ട മറ്റൊരു കണക്കുപ്രകാരം ഡിസംബർ വരെയുള്ള സ്വർണ്ണ വായ്പയില്‍ 41.66 ശതമാനം വർധനവ് രേഖപ്പെടുത്തി 43745 കോടി രൂപയുമായിട്ടുണ്ട്.












Click it and Unblock the Notifications