സ്വർണം പണയം വെച്ചാല്‍ കാശ് കയ്യില്‍ കിട്ടില്ല: തമിഴ്നാട്ടുകാർ ഒന്നിച്ച് എതിർക്കുന്നു; കേരളത്തിലും അമർഷം
സ്വർണ വായ്പയെ സംബന്ധിച്ച് ആർ ബി ഐ പുറത്തിറക്കിയ പുതിയ കരട് നിർദ്ദേശങ്ങള്‍ക്കെതിരായ എതിർപ്പുകള്‍ കൂടുതല്‍ ശക്തമാകുന്നു. തമിഴ്നാട്ടില്‍ നിന്നുമാണ് കൂടുതല്‍ ശക്തമായ എതിർപ്പുകള്‍ വരുന്നത്. കൃഷിക്കാരും ചെറുകിട സംരഭകരും മുതല്‍ സംസ്ഥാന സർക്കാർ തന്നെ കരട് നിർദേശങ്ങളെ എതിർക്കുന്നു. ഉയർന്ന പലിശ നിരക്ക് സ്വർണ്ണ വായ്പ ലഭിക്കുന്നതിന് സ്വകാര്യ പണമിടപാടുകാരെ സമീപിക്കാൻ നിർബന്ധിതരാക്കുമെന്നും കർഷകർ ചൂണ്ടിക്കാണിക്കുന്നു.
"കർഷകർക്ക് 4% പലിശയ്ക്ക് ലഭിച്ചിരുന്ന സ്വർണ പണയ വായ്പ പദ്ധതി കേന്ദ്ര ധനകാര്യ മന്ത്രാലയവും ആർ ബി ഐയും ഇതിനോടകം തന്നെ നിർത്തിവച്ചിരിക്കുകയാണ്. ഇത് കർഷകരെ സാരമായി ബാധിച്ചു. പലിശ മാത്രം അടച്ച് സ്വർണ വായ്പകൾ പുതുക്കുന്ന രീതിയാണ് പലരും തുടരുന്നത്. എന്നാല്‍ മുഴുവൻ തുകയും അടച്ചതിനുശേഷം വായ്പകൾ തീർത്ത് പിന്നീട് പുതിയ വായ്പയ്ക്ക് അപേക്ഷിക്കുകയും ചെയ്യണമെന്നാണ് ഇപ്പോള്‍ വരുന്ന നിർദേശം. ഇത് കർഷകരെയും പൊതുജനങ്ങളെയും കടുത്ത ബുദ്ധിമുട്ടിലാക്കും," തമിഴ്നാട്ടിലെ കർഷക സംഘം നേതാവ് ഏസാൻ മുരുഗസാമി പറഞ്ഞു.

അടുത്തിടെ പുറപ്പെടുവിച്ച ചില അധിക മാർഗ്ഗനിർദ്ദേശങ്ങളിൽ, ആഭരണങ്ങളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രസീതോ തെളിവോ നിർബന്ധമാക്കിയിട്ടുണ്ട്. സ്വർണ്ണ നാണയങ്ങൾക്ക് വായ്പകൾ നൽകില്ല. കൂടാതെ പണയപ്പെടുത്തിയ ആഭരണങ്ങളുടെ മൂല്യത്തിന്റെ 75% മാത്രമേ വായ്പയായി നൽകൂ. ഉയർന്ന പലിശ നിരക്കിൽ വായ്പകൾ വാഗ്ദാനം ചെയ്യുന്ന സ്വകാര്യ കമ്പനികളിലേക്ക് കർഷകരെയും ഇടത്തരക്കാരെയും നയിക്കുന്നതിലേക്കാണ് ഈ നിർദേശങ്ങള്‍ എത്തിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടിയന്തര സാമ്പത്തിക ആവശ്യം വരുമ്പോൾ സ്വർണ വായ്പകളെ ആശ്രയിക്കുന്ന എം എസ് എം ഇ യൂണിറ്റ് ഓപ്പറേറ്റർമാരെ പുതിയ നിർദേശം വലിയ രീതിയില്‍ ബാധിക്കുന്നതായി തമിഴ്‌നാട് അസോസിയേഷൻ ഓഫ് കോട്ടേജ് ആൻഡ് ടൈനി എന്റർപ്രൈസസ് (ടിഎസിടി) പ്രസിഡന്റ് ജെ ജെയിംസ് പറയുന്നതായി ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ ശരാശരി 9.75% പലിശയ്ക്ക് സ്വർണ വായ്പ എടുത്തിരുന്ന ആളുകള്‍ ഇപ്പോൾ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് ശരാശരി 22% പലിശ നിരക്കിൽ വായ്പ എടുക്കേണ്ട അവസ്ഥിലാണെന്നും അദ്ദേഹം പറഞ്ഞു.
കർഷകരില്‍ നിന്നും സംഘടനകളില്‍ നിന്നുള്ള എതിർപ്പുകള്‍ ശക്തമാകുന്നതിന് ഇടയിലാണ് വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് തമിഴ്‌നാട് ധനമന്ത്രി തങ്കം തെന്നരസുവും രംഗത്ത് വരുന്നത്. സ്വർണ്ണ വായ്പകൾക്ക് പുതുതായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വായ്പ-മൂല്യ അനുപാതം 75% ആയി കുറയ്ക്കുന്നതും അമിതമായ രേഖകൾ ഉപയോഗിച്ച് വായ്പക്കാരെ ബുദ്ധിമുട്ടിക്കുന്നതും അടിയന്തര ഘട്ടങ്ങളിൽ അത്തരം വായ്പകളെ ആശ്രയിക്കുന്ന ദരിദ്രരും ഇടത്തരക്കാരുമായ കുടുംബങ്ങളെ വലിയ രീതിയില്‍ ബാധികും. പൂർണ്ണമായ തിരിച്ചടവ് വരെ പുതിക്കി വയ്ക്കുന്നത് അനുവദിക്കില്ലെന്ന നിർദേശം ശരിയല്ല. ഈ നടപടികൾ ദുർബലരോടുള്ള വ്യവസ്ഥാപരമായ അനീതിയാണ്. ആർബിഐ അനുകമ്പയുള്ളതും ജനകേന്ദ്രീകൃതവുമായ നയങ്ങൾ സ്വീകരിക്കണമെന്ന് തെന്നരസു കൂട്ടിച്ചേർത്തു.
തമിഴ് മാനില കോൺഗ്രസ് (മൂപ്പനാർ) പ്രസിഡന്റ് ജി.കെ. വാസനും ആർ ബി ഐ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നു. സ്വർണ്ണ വായ്പ ലഭിക്കുന്നതിന് ആർ ബി ഐ ഏർപ്പെടുത്തുന്ന പുതിയ നിർദേശങ്ങള്‍ ദരിദ്രരെയും മധ്യവർഗത്തെയും മാത്രമല്ല, സൂക്ഷ്മ, ചെറുകിട ബിസിനസുകളെയും കർഷകരെയും ബാധിക്കും. ദരിദ്രരുടെ പ്രയോജനത്തിനായി സ്വർണ്ണ വായ്പ ലഭിക്കുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലും ഈ വിഷയത്തില്‍ എതിർപ്പുകള്‍ ഉയർന്ന് തുടങ്ങിയിട്ടുണ്ട്.
സ്വർണ്ണപണയ വായ്പകള്‍ക്ക് ആർ ബി ഐ മുന്നോട്ട് വെച്ച പ്രധാന നിർദേശങ്ങള്‍
ലോൺ-ടു-വാല്യൂ (LTV) റേഷ്യോ 75%
എല്ലാ സ്വർണ്ണ വായ്പകൾക്കും LTV റേഷ്യോ 75% ആയി നിജപ്പെടുത്തിയിരിക്കുന്നു. അതായത്, പണയം വെച്ച സ്വർണ്ണത്തിന്റെ മാർക്കറ്റ് മൂല്യത്തിന്റെ 75% വരെ മാത്രമേ വായ്പ നൽകൂ. കോവിഡ് കാലത്ത് LTV 90% ആയി താൽക്കാലികമായി ഉയർത്തിയിരുന്നെങ്കിലും, 2021 മാർച്ചിന് ശേഷം ഇത് 75%-ലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു.
സ്വർണ്ണത്തിന്റെ ഉടമസ്ഥത
വായ്പക്കാർ സ്വർണ്ണത്തിന്റെ ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍ നല്‍കണം. ഉടമസ്ഥത സംബന്ധിച്ച സംശയമുള്ള സ്വർണത്തിന് വായ്പ നല്‍കില്ല
ശുദ്ധതയും മൂല്യനിർണയവും
സ്വർണ്ണത്തിന്റെ ശുദ്ധത (purity), ഭാരം (gross and net weight), കല്ലുകൾ/ഫാസ്റ്റനിംഗുകൾ എന്നിവയുടെ കിഴിവുകൾ എന്നിവ നിർണയിക്കുന്നതിന് ഏകീകൃതവും സുതാര്യവുമായ നടപടിക്രമങ്ങൾഏർപ്പെടുത്തണം. വായ്പക്കാരന്റെ സാന്നിധ്യത്തിൽ സ്വർണ്ണം മൂല്യനിർണയം നടത്തണം, ശുദ്ധത, ഭാരം, മൂല്യം എന്നിവ വിശദീകരിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകണം.
പണയം ലഭിക്കുന്നത്
22-കാരറ്റ് അല്ലെങ്കിൽ അതിൽ കൂടുതൽ ശുദ്ധതയുള്ള സ്വർണ്ണ ആഭരണങ്ങൾ, ഓർണമെന്റുകൾ, ബാങ്കുകൾ വിൽക്കുന്ന പ്രത്യേകം നിർമിത സ്വർണ്ണ നാണയങ്ങൾ (gold coins) എന്നിവ മാത്രമേ വായ്പയ്ക്ക് സ്വീകരിക്കൂ. ഒരു വായ്പക്കാരന് പരമാവധി 1 കിലോഗ്രാം സ്വർണ്ണ ആഭരണങ്ങളും 50 ഗ്രാം സ്വർണ്ണ നാണയങ്ങളും പണയം വെക്കാം. 925 ശുദ്ധതയുള്ള വെള്ളി ആഭരണങ്ങൾ, ഓർണമെന്റുകൾ, ബാങ്കുകൾ വിൽക്കുന്ന വെള്ളി നാണയങ്ങൾ എന്നിവയും വായ്പയ്ക്ക് അനുവദനീയമാണ്.
വായ്പ പുതുക്കല്‍
വായ്പ 'സ്റ്റാൻഡേർഡ്' കാറ്റഗറിയിലാണെങ്കിലും LTV പരിധിക്കുള്ളിലാണെങ്കിൽ മാത്രമേ പുതുക്കലോ (renewal) ടോപ്പ്-അപ്പോ അനുവദിക്കൂ. മുമ്പ്, വായ്പക്കാർ പലിശ മാത്രം അടച്ച് വായ്പ കാലാവധി നീട്ടിയിരുന്നു. എന്നാൽ, പുതിയ സാഹചര്യത്തില്‍ മുഴുവൻ പ്രിൻസിപ്പൽ തുകയും പലിശയും അടച്ച ശേഷം മാത്രമേ സ്വർണ്ണം വീണ്ടും പണയം വെച്ച് വായ്പ പുതുക്കാൻ സാധിക്കൂ.
പണയ വസ്തു തിരികെ നല്‍കല്‍
പൂർണ്ണ തിരിച്ചടവിന് ശേഷം 7 പ്രവൃത്തി ദിനങ്ങളിൽ സ്വർണ്ണം തിരികെ നൽകണം. വൈകിയാൽ, ഓരോ ദിവസത്തിനും 5,000 രൂപ പിഴ ലെൻഡർ നൽകണം. ഡിഫോൾട്ടിന്റെ കാര്യത്തിൽ, ലേല നടപടികൾ സുതാര്യമായിരിക്കണം, വായ്പക്കാരന് മുൻകൂർ നോട്ടീസ് നൽകണം
പണം അക്കൗണ്ടിലേയ്ക്ക്
20000 രൂപയുടെ വായ്പ തുക മാത്രമേ പണയം വെക്കുന്ന ആളുകളുടെ കൈകളിലേക്ക് നല്‍കുകയുള്ളു. ഇതില്‍ കൂടുതലാണെങ്കില്‍ വായ്പാ തുക ഇടപാടുകാരന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നിക്ഷേപിക്കണം.












Click it and Unblock the Notifications